സുന്ദര്‍ സിയുടെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രമാണ് മുറൈ മാമന്‍. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്. മലയാളികളുടെ പ്രിയനടന്‍ ജയറാം നായകനായ ഈ സിനിമയില്‍ നായികയായത് ഖുശ്ബുവായിരുന്നു. ഒപ്പം ഗൗണ്ടമണിയും ഈ സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
താന്‍ ഈയിടെ മുറൈ മാമന്‍ സിനിമ കണ്ടുവെന്നും 45 മിനിറ്റ് നേരം ഗൗണ്ടമണി അതില്‍ കോമഡി ചെയ്ത് അമ്പരപ്പിച്ചിട്ടുണ്ടെന്നും പറയുകയാണ് നടന്‍ വിജയ് സേതുപതി. സിനിമ കണ്ട ശേഷം സംവിധായകനെ വിളിച്ചു സംസാരിച്ചുവെന്നും നടന്‍ പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
‘വിടുതലൈ എന്ന സിനിമയില്‍ എന്നെ വയസനായിട്ടാവും നിങ്ങള്‍ കണ്ടിട്ടുണ്ടാവുക. ഓരോ ഷോട്ടും പ്രേക്ഷകര്‍ ആസ്വദിക്കില്ലേ, അവര്‍ കൊണ്ടാടുകയില്ലേ എന്ന ആകാംക്ഷയിലാണ് ഞാന്‍. ചിലപ്പോള്‍ വളരെ നല്ല സീനില്‍ അഭിനയിച്ചിട്ടുണ്ടാവും. വളരെ പ്രതീക്ഷയോടെ കാത്തിരിക്കും.
എന്നാല്‍ അത് റീച്ച് വേണ്ടയിടത്ത് റീച്ചായിട്ടുണ്ടാവില്ല. വളരെ ചുരുക്കം ആളുകള്‍ മാത്രമേ അത് ശ്രദ്ധിച്ച് അതിനെക്കുറിച്ച് പറയുകയുള്ളൂ. അടുത്ത കാലത്ത് ഞാന്‍ മുറൈ മാമന്‍ എന്ന സിനിമ കണ്ടിരുന്നു. 45 മിനിറ്റ് നേരം ഗൗണ്ടമണി അതില്‍ കോമഡി ചെയ്ത് അമ്പരപ്പിച്ചിട്ടുണ്ട്.
ആ സിനിമയിലെ കോമഡി മുഴുവന്‍ കണ്ട് ആസ്വദിച്ച ശേഷം ഞാന്‍ സുന്ദര്‍. സിക്ക് ഫോണ്‍ ചെയ്ത് എന്റെ അഭിനന്ദനം അറിയിച്ചു. ‘ഇതൊരു ക്ലാസിക് സിനിമയാണ് സാര്‍. ഞാന്‍ വളരെയധികം ആസ്വദിച്ചു കണ്ടു’ എന്ന് ഞാന്‍ പറഞ്ഞു.
എങ്ങനെയാണ് അതിലെ ഡയലോഗുകള്‍ എഴുതിയതെന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ ഫോണ്‍ ചെയ്ത ദിവസമാണത്രേ മുറൈ മാമന്‍ റിലീസ് ചെയ്ത് 30 വര്‍ഷം തികഞ്ഞത്. 30 വര്‍ഷമായി ആരും ആ ഡയലോഗ് ശ്രദ്ധിക്കുകയോ നോട്ട് ചെയ്ത് അദ്ദേഹത്തോട് പറയുകയോ ചെയ്തിരുന്നില്ല. ഞാന്‍ ആ ഡയലോഗിനെ കുറിച്ച് പറഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
ഇപ്പോള്‍ എന്തിനാണ് ഇക്കാര്യം പറയുന്നത് എന്നുചോദിച്ചാല്‍, 30 വര്‍ഷം കഴിഞ്ഞ് ഒരു അംഗീകാരം കിട്ടുന്നില്ലേ? അത് വല്ലാത്ത സന്തോഷം നല്‍കും. അതേപോലെ തന്നെയാണ് ഓരോ ജോലി ചെയ്യുമ്പോഴും, ചെയ്യുന്ന ജോലി ആരിലെങ്കിലും റീച്ചായിട്ടുണ്ടെങ്കില്‍ അതില്‍ ഒരു അത്യാഹ്ലാദമുണ്ടാകും.
ഏത് പടമാണെങ്കിലും ആരെങ്കിലും എപ്പോള്‍ വിളിച്ച് അങ്ങനെ അഭിനന്ദിച്ചാലും ആ ആഹ്ലാദത്തിന് അത് നല്‍കുന്ന സന്തോഷത്തിന് ഒരു ഡബിള്‍ കിക്കുണ്ടാവും,’ വിജയ് സേതുപതി പറഞ്ഞു.
Content Highlight: Vijay Sethupathi Talks About Murai Maman Movie