| Sunday, 1st December 2024, 12:26 pm

മലയാളത്തിലെ ആ നടിയോടൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ ക്യാമറക്ക് മുന്നില്‍ വേണ്ട സത്യസന്ധതയെ കുറിച്ച് മനസിലായി: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായ വിജയ് സേതുപതി തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി. ചുരുങ്ങിയ സമയം കൊണ്ട് രജിനികാന്ത്, കമല്‍ഹാസന്‍, വിജയ്, ഷാരൂഖ് ഖാന്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകളുടെ വില്ലനായി അഭിനയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. മഞ്ജു വാര്യര്‍ വളരെ മികച്ച അഭിനേത്രിയാണെന്നും കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്നും വിജയ് സേതുപതി പറയുന്നു. ഉത്തരവാദിത്തത്തോടെയും സത്യസന്ധതയോടെയുമാണ് മഞ്ജു ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയെന്നും സേതുപതി കൂട്ടിച്ചേര്‍ത്തു.

അഭിനയത്തിലേക്ക് വന്ന് ഇത്രയും വര്‍ഷങ്ങള്‍ ആയെങ്കിലും ഇപ്പോഴും വളരെ സിന്‍സിയര്‍ ആയാണ് മഞ്ജു ക്യാമറയുടെ മുന്നില്‍ നില്‍കുകയെന്നും തൊഴിലിന്റെ മഹത്വം അറിഞ്ഞവര്‍ക്ക് മാത്രമേ അതിന് സാധിക്കൂവെന്നും അദ്ദേഹം പറയുന്നു. ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.

‘മഞ്ജു വാര്യര്‍ മാം വളരെ മികച്ച അഭിനേത്രിയാണ്. അവരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. മഞ്ജു ക്യാമറയുടെ മുന്നില്‍ വളരെ ഉത്തരവാദിത്തത്തോടെയും സത്യസന്ധതയോടെയുമാണ് നില്‍ക്കുക. അത് കാണാന്‍ തന്നെ വളരെ മനോഹരമാണ്.

ഇത്രയും വര്‍ഷമായിട്ട് അഭിനയിക്കുന്നുണ്ടെങ്കിലും ഓരോ തവണയും ക്യാമറയുടെ മുന്നില്‍ അത്രയും സിന്‍സിയര്‍ ആയിട്ടാണ് അവര്‍ നില്‍ക്കുന്നത്. ഒരു തൊഴിലിന്റെ മഹത്വം അറിഞ്ഞവര്‍ക്ക് മാത്രമേ അത്രയും ഡെഡിക്കേഷനോടെയും സിന്‍സിയറായും നില്‍ക്കാന്‍ കഴിയുകയുള്ളു.

അവര്‍ അവരുടെ പ്രേക്ഷകരെ ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു കാര്യം ചെയ്യുമ്പോള്‍ അത് ശരിയായി ചെയ്യാന്‍ അവര്‍ ഒരുപാട് പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. സ്‌ക്രീനില്‍ കഥാപാത്രമായി അവര്‍ മനോഹരമായി മാറുന്നുണ്ട്. അത് ഞാന്‍ പറയേണ്ട ആവശ്യമില്ലല്ലോ,’ വിജയ് സേതുപതി പറയുന്നു.

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ 2, 2024 ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

Content Highlight: Vijay Sethupathi Talks About Manju Warrier

We use cookies to give you the best possible experience. Learn more