ചുറ്റും നടക്കുന്ന ശരി തെറ്റുകളെ കുറിച്ച് ഞാന്‍ ബോധവാനാണ്; രാഷ്ട്രീയം നിങ്ങളെ ബാധിക്കുന്നതുപോലെ എന്നെയും ബാധിക്കുന്നു: വിജയ് സേതുപതി
Entertainment
ചുറ്റും നടക്കുന്ന ശരി തെറ്റുകളെ കുറിച്ച് ഞാന്‍ ബോധവാനാണ്; രാഷ്ട്രീയം നിങ്ങളെ ബാധിക്കുന്നതുപോലെ എന്നെയും ബാധിക്കുന്നു: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st December 2024, 3:01 pm

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായ വിജയ് സേതുപതി തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി. ചുരുങ്ങിയ സമയം കൊണ്ട് രജിനികാന്ത്, കമല്‍ഹാസന്‍, വിജയ്, ഷാരൂഖ് ഖാന്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകളുടെ വില്ലനായി അഭിനയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

രാഷ്ട്രീയം എല്ലാവരെയും ബാധിക്കുന്നതുപോലെ തന്നെയും ബാധിക്കാറുണ്ടെന്ന് വിജയ് സേതുപതി പറയുന്നു. ചുറ്റുപാടും നടക്കുന്ന രാഷ്ട്രീയ കാര്യങ്ങളിലെ ശരി തെറ്റുകള്‍ സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.

‘രാഷ്ട്രീയം നിങ്ങളെ ബാധിക്കുന്നതുപോലത്തെന്നെ എന്നെയും ബാധിക്കാറുണ്ട്. രാഷ്ട്രീയത്തെ കുറിച്ച് ഞാന്‍ എന്റെ സുഹൃത്തുക്കളുമായും അല്ലാതെയും എല്ലാം സംസാരിക്കാറുണ്ട്. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് നമ്മള്‍ എപ്പോള്‍ ബോധമുള്ളവരായിരിക്കണം.

ചുറ്റും നടക്കുന്നതിലെ ശരികളെ കുറിച്ചും തെറ്റുകളെ കുറിച്ചും ഭയത്തെ കുറിച്ചുമെല്ലാം നിങ്ങളെല്ലാവരെയും പോലെ ഞാനും സംസാരിക്കാറുണ്ട്, ചര്‍ച്ച ചെയ്യാറുണ്ട്. പൊളിറ്റിക്‌സ് ഇല്ലാതെ എങ്ങനെ ജീവിക്കാന്‍ കഴിയും? രാഷ്ട്രീയം എല്ലാവരെയും ബാധിക്കുന്ന കാര്യമല്ലേ,’ വിജയ് സേതുപതി പറയുന്നു.

മലയാളികള്‍ക്ക് തന്നോടുള്ള സ്‌നേഹത്തെ കുറിച്ചും വിജയ് സേതുപതി സംസാരിച്ചു.

‘കേരളത്തില്‍ നിന്ന് ഇത്രയും സ്‌നേഹം ഞാന്‍ പ്രതീക്ഷിച്ചിട്ടേ ഇല്ല. ഈ നാട്ടില്‍ വരുമ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിക്കാറുണ്ട്. ഭാഷകള്‍ക്ക് അപ്പുറം ആളുകളുടെ സ്‌നേഹം സമ്പാദിക്കാന്‍ കഴിയുമ്പോള്‍ ഒരുപാട് അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നുണ്ട്,’വിജയ് സേതുപതി പറയുന്നു.

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ 2, 2024 ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

Content Highlight: Vijay Sethupathi Talks About His Political Views