സിനിമകളെ കളക്ഷന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന രീതിയോട് തനിക്ക് എതിര്‍പ്പാണെന്ന് തമിഴ് നടന്‍ വിജയ് സേതുപതി. നല്ല സിനിമകള്‍ തിയേറ്ററില്‍ വിജയിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും, ചില ചിത്രങ്ങള്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ അഭിനയിച്ച ഒരു ചിത്രം ആദ്യം കണ്ട സമയത്ത് എന്റെ വീട്ടുകാര്‍ക്ക് തന്നെ ഇഷ്ടപ്പെടിരുന്നില്ല, എന്നാല്‍ ഇന്ന് യൂട്യൂബില്‍ ആ ചിത്രത്തിന് ഒരു പാട് ആളുകള്‍ നല്ല അഭിപ്രായം പറയുന്നുണ്ടെന്നും അത് കൊണ്ട് തന്നെ സിനിമയെ കളക്ഷന്‍ കൊണ്ട് വിലയിരുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂട്ടത്തില്‍ ഫാന്‍സ് തമ്മില്‍ കളക്ഷനെ ചൊല്ലി തര്‍ക്കിക്കുന്നത് നിര്‍ത്തണമെന്നും വിജയ് സേതുപതി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച എഡ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനൊക്കെ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു സിനിമ വിജയിച്ചാല്‍ അത് ഹിറ്റ്, സൂപ്പര്‍ ഹിറ്റ്, മെഗാ ഹിറ്റ് എന്നൊക്കെ പറഞ്ഞ് പോസ്റ്ററടിക്കും. 2000ത്തിന് ശേഷമൊക്കെയാണ് കളക്ഷന്റെ അടിസ്ഥാനത്തില്‍ സിനിമയെ അളക്കാന്‍ തുടങ്ങിയത്. ഒരു സിനിമ ഇത്ര രൂപ കളക്ഷന്‍ നേടി, അതു കൊണ്ട് ആ ചിത്രം ഹിറ്റായി എന്നൊക്കെ പറഞ്ഞു തുടങ്ങിയത്.
സിനിമ നമ്മുടെ ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു കാലത്ത് ജീവിച്ചിരുന്ന ആളുകള്‍ അവരുടെ ജീവിത രീതി, അവര്‍ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍, അവരുടെ രാഷ്ട്രീയം, സമൂഹത്തില്‍ സ്ത്രീയുടെയും പുരുഷന്റെയും പങ്ക് ഇവയെല്ലാം സിനിമയില്‍ കാണിക്കുന്നുണ്ട്.
ചുമ്മാ കഥ പറഞ്ഞ് പോവുകയല്ല ചെയ്യുന്നത്. അങ്ങനെയുള്ള ഒരു സൃഷ്ടിയെ പണം കൊണ്ട് അളക്കണമെന്ന് ഞാന്‍ കരുതുന്നില്ല. ഫാന്‍സ് അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് അതിലും കഷ്ടമാണ്.
ഞാന്‍ പ്രൊഡ്യൂസ് ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു ഓറഞ്ച് മിട്ടായി. അത് റിലീസായ സമയത്ത് എന്റെ വീട്ടുകാര് പോലും പറഞ്ഞത് പടം ഭയങ്കര ബോറിങ്ങാണെന്നാണ്. ആ പടം തിയേറ്ററില്‍ പരാജയപ്പെട്ടു.
അതിന് വര്‍ഷങ്ങള്‍ക്കഴിഞ്ഞ് ഇപ്പോ യൂട്യൂബ് ചാനലില്‍ ഇട്ടതിന് ശേഷം ധാരാളം ആളുകള്‍ ആ സിനിമയെ പ്രശംസിച്ച് കമന്റിടുന്നുണ്ട്. ഇതാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്,’ വിജയ് പറഞ്ഞു.
Content Highlight: Vijay sethupathi speaking about film collection reports