Advertisement
Film News
96 ന്റെ ക്ലൈമാക്‌സില്‍ ലിപ്പ് ലോക്ക് സീന്‍ ഉണ്ടായിരുന്നു: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 25, 06:22 pm
Monday, 25th April 2022, 11:52 pm

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു സി. പ്രേം കുമാര്‍ സംവിധാനം ചെയ്ത 96. റാമും ജാനുവുമായി വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ചിത്രം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

സഹപാഠികളായിരുന്ന രണ്ട് പേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമായിരുന്നു ചിത്രത്തില്‍ കാണിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്ന രംഗത്തെ പറ്റി സംസാരിക്കുകയാണ് വിജയ് സേതുപതി. ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് സേതുപതി 96 നെ പറ്റി സംസാരിച്ചത്.

’96 സിനിമക്ക് യഥാര്‍ത്ഥത്തില്‍ ഒരു കഥയില്ല. സ്‌കൂള്‍ കാലഘട്ടില്‍ സ്‌നേഹിച്ചിരുന്ന രണ്ട് പേര്‍ കണ്ടുമുട്ടുന്നു. അവര്‍ ഹോട്ടല്‍ മുറിയില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു, റോഡിലൂടെ നടക്കുന്നു, മെട്രോയില്‍ യാത്ര ചെയ്യുന്നു. അത്രേയുള്ളൂ.

എന്നാല്‍ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. സാധാരണ ജീവിതത്തില്‍ നടക്കുന്നത് പോലെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്,’ വിജയ് സേതുപതി പറഞ്ഞു.

‘ജാനുവും റാമും എയര്‍പോര്‍ട്ടില്‍ വെച്ച് പിരിയുന്ന ക്ലൈമാക്‌സ് സീനില്‍ ഒരു ലിപ്പ് ലോക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് വേണ്ടെന്ന് വെച്ചു. കാരണം സിനിമ കാണാന്‍ വരുന്ന പ്രേക്ഷകര്‍ക്ക് ഗെറ്റ് ടുഗെദറിന് പോകുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുക എന്ന് തോന്നാന്‍ സാധ്യതയുണ്ട്.

അങ്ങനെ ആലോചിച്ച്, ചര്‍ച്ച ചെയ്ത് റാം ജാനുവിനെ സിനിമയില്‍ തൊടുകയേ വേണ്ട എന്ന തീരുമാനത്തിലെത്തി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാതു വാക്കുല രണ്ടു കാതലാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന വിജയ് സേതുപതിയുടെ ചിത്രം. സാമന്തയും നയന്‍താരയും നായികമാരായെത്തുന്ന ചിത്രം ത്രികോണ പ്രണയത്തിന്റെ കഥയാണ് പറയുന്നത്.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഏപ്രില്‍ 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: vijay sethupathi says there is a lip lock scene in 96