മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് സിനിമ നടനാണ് വിജയ് സേതുപതി. അഭിമുഖങ്ങളിൽ താൻ പറയുന്ന കാര്യങ്ങൾ കേട്ട് ആളുകൾ തന്നെ ഒരു മോട്ടിവേഷൻ സ്പീക്കറായി കാണാറുണ്ടെന്നും എന്നാൽ പ്രേക്ഷകർ എന്നെ അങ്ങനെ കാണേണ്ട ആവശ്യമില്ലെന്നും പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. ഞാൻ എന്റെ ജീവിതത്തിലെ ചില അനുഭവങ്ങൾ മാത്രമാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുല രണ്ടു കാതൽ എന്ന സിനിമയാണ് വിജയ് സേതുപതിയുടെ റിലീസാവാനിരിക്കുന്ന പുതിയ ചിത്രം. നയൻതാര, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാർ. ട്രയാംഗിള്‍ ലവ് സ്റ്റോറി പറയുന്ന ചിത്രത്തിന്റെ ട്രെയിലറിനും ടീസറുമെല്ലാം വൻ ചർച്ചയായിരുന്നു.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴ് മൂവിസിന് വിഘ്‌നേഷ് ശിവനൊപ്പം നൽകിയ അഭിമുഖത്തിലാണ് താൻ ആളുകളെ മോട്ടിവേറ്റ് ചെയ്യാനായി സംസാരിക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
‘ഒരു ഇന്റർവ്യൂവിൽ എന്നോട് ചോദിച്ചു എങ്ങനെയാണ് ആളുകളെ ഇങ്ങനെ മോട്ടിവേഷൻ ചെയ്യുന്നതെന്ന്. ഞാൻ അങ്ങനെ മോട്ടിവേറ്റ് ചെയ്യുന്നതല്ല. ലൈഫിലെ ചില എക്സ്പീരിയൻസ് ഷെയർ ചെയ്യുകയാണ്. ആളുകൾ ചോദ്യം ചോദിക്കുമ്പോൾ എന്റെ ലൈഫ് എക്സ്പീരിയൻസ് വെച്ചു മറുപടി പറയുന്നു. അതിന്റെ ലക്ഷ്യം ആരെയെങ്കിലും മോട്ടിവേറ്റ് ചെയ്യാം എന്നല്ല. ആര് എന്ത് ചെയ്താലും അവരുടെ ഉള്ളിലിരിക്കുന്ന ഫയർ ആണ് പുറത്തു വരിക. പുറത്തു നിന്നുള്ള ഒരാൾക്കു അത് കൊളുത്തിവിടാൻ കഴിയില്ല. ഇത്തരത്തിലാണ് ഞാൻ ഇന്റർവ്യൂകളിൽ പറയാറുള്ളത്. എല്ലാ ജോലിയിലിരിക്കുമ്പോഴും എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടാവും. എനിക്കുമുണ്ട്. ഞാൻ എന്റെ അനുഭവങ്ങൾ ഷെയർ ചെയ്യുന്നുണ്ടെന്ന് കരുതി ഞാൻ ക്ലിയർ ആയിട്ടിരിക്കുന്നു എന്നല്ല അതിനർത്ഥം. എനിക്കും പ്രശ്നങ്ങൾ ഉണ്ട്. ഞാൻ അനുഭവം പറയുന്നുണ്ടെന്ന് കരുതി ഞാൻ മോട്ടിവേറ്റ് ചെയ്യുന്നു എന്നല്ല. പലരും എന്നെ മോട്ടിവേഷൻ സ്‌പീക്കറിനെ പോലെയാണ് കാണുന്നത്. എന്നെ അത്തരത്തിൽ കാണേണ്ടതില്ല,’ എന്നാണ് വിജയ് സേതു പറഞ്ഞത്.