മുംബൈ: തന്റെ തുടക്കകാലത്ത് താൻ ഹിന്ദി, തമിഴ് സിനിമ ഇൻഡസ്ട്രികളിൽ നിന്നും ബോഡി ഷെയിമിങ് നേരിട്ടുണ്ടെന്ന് തമിഴ് സൂപ്പർ താരം വിജയ് സേതുപതി. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിനാൽ താനിപ്പോൾ വളരെ ശ്രദ്ധയോടുകൂടിയാണ് എവിടേക്കും പോകുന്നതെന്നും താൻ എന്തു ധരിക്കുന്നു എന്നതിലും ശ്രദ്ധ കൊടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരാധകരിൽ നിന്നും തനിക്ക് ബോഡി ഷെയിമിങ്ങുകൾ കിട്ടിയിട്ടുണ്ടെന്ന് താരം പറഞ്ഞു. പക്ഷേ ഇന്ന് അവർ തന്നെ അംഗീകരിക്കാൻ തുടങ്ങിയെന്നും താൻ എവിടെ പോയാലും അംഗീകരിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ താൻ താനായിരിക്കുന്നതിൽ സന്തോഷപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാധകരെ വളരെയധികം ഇഷ്ടമാണെന്ന് പറഞ്ഞ വിജയ് സേതുപതി, അവരുടെ സ്നേഹം സത്യമാണെന്നും കൂട്ടിച്ചേർത്തു. കൂടാതെ ഫാൻസിൽ നിന്നും ലഭിക്കുന്ന സ്നേഹം ഒരു എനർജി ഡ്രിങ്ക് ആയിട്ടാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് തന്റെ മുന്നോട്ടുപോക്കിന് സഹായിക്കുന്നതെന്നും വിജയ് സേതുപതി പറഞ്ഞു.
പണ്ട് മുംബൈയിലേക്ക് വരുമ്പോൾ തന്നെ ആർക്കും അറിയില്ലായിരുന്നു, എന്നാൽ ഇന്ന് തന്നെ ഒരുപാട് ആളുകൾ ഇഷ്ടപ്പെടുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം, അവർ തന്റെ അഭിനയത്തെക്കുറിച്ച് പ്രശംസിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.
ഡ്രസ്സിംഗ് സെൻസ് വളരെ ലളിതമാണല്ലോ എന്ന ചോദ്യത്തിന് തനിക്ക് കംഫർട്ടബിൾ ആയ വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നും, ചെരുപ്പ് ധരിക്കുന്നതുകൊണ്ട് മാത്രം സിംപ്ലിസിറ്റി ഉണ്ടാവണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഹിന്ദി ഭാഷയിൽ മികച്ച അഭിനയം കാഴ്ചവെച്ച തമിഴ് നടനായി മാറിയിരിക്കുകയാണ് വിജയ് സേതുപതി. ഒരുപാട് ഹിന്ദി ആരാധകരെ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ജവാൻ, ഫർസി തുടങ്ങിയ സിനിമകളിലെ വിജയ് സേതുപതിയുടെ പ്രകടനത്തിന് വളരെയധികം ജനപ്രീതി ലഭിച്ചിരുന്നു.
കൂടാതെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു എനർജറ്റിക് നടനാണെന്നാണ് പ്രേക്ഷകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ശ്രീരാം രാഘവൻ സംവിധാനം ചെയ്യുന്ന മേരി ക്രിസ്മസ് എന്ന വിജയ് സേതുപതിയുടെ അടുത്ത ഹിന്ദി സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കത്രീന കൈഫ് ആണ് സിനിമയിലെ നായിക.
Content Highlights: Vijay Sethupathi says he was body-shamed in Bollywood and Tamil industries