| Tuesday, 21st June 2022, 11:14 pm

കാർട്ടൂണിൽ നിന്നുള്ള ഇൻസ്പിരേഷനാണ് സിനിമയിൽ അഭിനയിക്കാനുള്ള കാരണം: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ വാരിക്കൂട്ടിയ നടനാണ് വിജയ് സേതുപതി. തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ അധികം സമയമെടുക്കേണ്ടി വന്നിട്ടില്ലാത്ത നടൻ കൂടിയാണ് വിജയ് സേതുപതി.

സിനിമയിൽ അഭിനയിക്കാൻ ഇൻസ്പിറേഷനായത് കാർട്ടൂൺ ആണെന്ന് പറയുകയാണ് വിജയ് സേതുപതി. മാമനിതൻ എന്ന ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാ​ഗമായി ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഇക്കാര്യം പറയുന്നത്.

“നമ്മൾ പലകാര്യങ്ങളും കേൾക്കും, പല കാര്യങ്ങളും കാണും. ഒരു ദിവസം ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് രാത്രി എട്ട് മണിക്ക് തിരിച്ചുവരികയായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ലോറിയൽ ആൻഡ് ഹാർഡിയുടെ കാർട്ടൂൺ കണ്ടു. അതിൽ അവർ ‘ഐ ആം എ ബേർഡ്’ എന്ന് പറയുന്നത് കണ്ടു. കുറേ ദിവസം ഇത് തന്നെ പറഞ്ഞ് പറഞ്ഞ് അവർ ഒരു ദിവസം പക്ഷിയായി മാറി.

അന്ന് മുതൽ ഏകദേശം ഒന്ന് ഒന്നര വർഷം ഞാൻ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ഒരു നല്ല നടനാകും, ഞാൻ ഒരു നല്ല നടനാകും എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എന്നെങ്കിലും ഒരുനാൾ അത് നടക്കും എന്ന് ഞാനും വിശ്വസിച്ചു. പക്ഷേ അന്നൊന്നും നടക്കില്ലെന്ന തോന്നലും ഉണ്ടായിരുന്നു. കാരണം എന്റെ കുടുംബം കഴിഞ്ഞുപോന്നത് എന്റെ ശമ്പളത്തിൽ നിന്നായിരുന്നു.

എന്നാലും ഞാൻ വെറുതെ പറഞ്ഞുനോക്കി. ഒരാൾക്ക് ഇങ്ങനെ നിരന്തരം പറഞ്ഞതുകൊണ്ട് ചിറക് വരെ മുളച്ചെങ്കിൽ പിന്നെ എനിക്കും എന്തെങ്കിലും ഒക്കെ നടന്നാലോ എന്നൊരു തോന്നൽ,” വിജയ് സേതുപതി പറഞ്ഞു.

വൈ.എസ്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർ.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഗ്രാമീണ പശ്ചാത്തലത്തിലെടുത്തിരിക്കുന്ന ചിത്രത്തിൽ കെ.പി.എ.സി ലളിതയും ഗുരു സോമസുന്ദരവും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Vijay sethupathi says cartoon inspired him to act

Latest Stories

We use cookies to give you the best possible experience. Learn more