| Thursday, 13th June 2024, 4:18 pm

ഏറ്റവുമവസാനം നിര്‍മിച്ച ലാഭം എന്ന സിനിമയുടെ കടം ഇതുവരെ അടച്ചുതീര്‍ന്നിട്ടില്ല: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സഹനടനായി കരിയര്‍ ആരംഭിച്ച് തമിഴിലും തെലുങ്കിലും ഹിന്ദിയിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞ നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സ എന്ന സിനിമയിലൂടെയാണ് താരം നായകനായി അരങ്ങേറിയത്. ഇപ്പോഴിതാ താരത്തിന്റെ അമ്പതാമത് ചിത്രം റിലീസിന് തയാറെടുക്കുകയാണ്. നടന്‍ എന്നതിലുപരി ഒരുപിടി മികച്ച സിനിമകള്‍ താരം നിര്‍മിച്ചിട്ടുമുണ്ട്.

എന്നാല്‍ നിര്‍മാതാവ് എന്ന നിലയില്‍ താന്‍ ചെയ്ത ഒരു സിനിമ പോലും ലാഭമുണ്ടാക്കിയിട്ടില്ലെന്ന് വിജയ് സേതുപതി വെളിപ്പെടുത്തി. സിനിമ നിര്‍മിക്കുമ്പോള്‍ എങ്ങനെ പൈസ ചെലവാക്കണമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു ധാരണയുമില്ലെന്നും അതുകൊണ്ടാണ് താന്‍ നിര്‍മിച്ച ഒരു സിനിമ പോലും സാമ്പത്തികലാഭമുണ്ടാക്കാത്തതെന്നും വിജയ് സേതുപതി പറഞ്ഞു.

ഏറ്റവുമൊടുവില്‍ നിര്‍മിച്ച ലാഭം എന്ന സിനിമയുടെ കടം തീര്‍ക്കാനാണ് ഇപ്പോള്‍ അഭിനയിക്കുന്നതെന്നും അത് കഴിഞ്ഞാല്‍ മാത്രമേ അടുത്ത സിനിമ നിര്‍മിക്കുന്നതിനെപ്പറ്റി ചിന്തിക്കുള്ളൂവെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമാവികടന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘മുമ്പ് നിര്‍മിച്ച സിനിമകളൊന്നും മുടക്കിയ പൈസ പോലും തിരിച്ചു തരാത്തുകൊണ്ടാണ് ഇപ്പോള്‍ ഒരു സിനിമയും നിര്‍മിക്കാത്തത്. എല്ലാ സിനിമകളും കണ്ടന്റ് കൊണ്ട് മികച്ചവയാണെങ്കിലും സാമ്പത്തികലാഭം കിട്ടിയിട്ടില്ല. ഒരു സിനിമ നിര്‍മിക്കാനിറങ്ങുമ്പോള്‍ പൈസ എങ്ങനെ ചെലവാക്കണമെന്ന് എനിക്കറിയില്ല. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്‌നം.

ഓരോ സിനിമയും നിര്‍മിക്കുമ്പോള്‍ അതിന്റെ കടം അടച്ച് തീര്‍ക്കാന്‍ വേണ്ടിയാണ് അഭിനയിക്കുന്നത്. ഏറ്റവുമവസാനം നിര്‍മിച്ച ലാഭം എന്ന സിനിമയുടെ കടം ഇതുവരെ അടച്ചുതീര്‍ന്നിട്ടില്ല. ഈ കടം തീര്‍ക്കാതെ വീണ്ടും കടം വാങ്ങാന്‍ പറ്റില്ലല്ലോ. ഞാന്‍ നിര്‍മിച്ച സിനിമകളില്‍ ‘മുകിഴ്’ മാത്രമാണ് എനിക്ക് ലാഭമുണ്ടാക്കി തന്നിട്ടുള്ളത്. തത്കാലം പുതിയൊരു സിനിമ നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല,’ വിജയ് സേതുപതി പറഞ്ഞു.

Content Highlight: Vijay Sethupathi saying that the films produced by him are big loss

We use cookies to give you the best possible experience. Learn more