ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിജയ് നായകനായ മാസ്റ്റര്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ജനുവരി 13 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം 40 കോടിക്കടുത്താണ് ഇന്ത്യയില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്.
ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച ഭവാനി എന്ന വില്ലന്‍ കഥാപാത്രത്തിനും നിരവധി പേരാണ് അഭിനന്ദവുമായി എത്തിയിരിക്കുന്നത്.
എന്നാല്‍ ചിത്രം കണ്ടിറങ്ങിയ എല്ലാവരും അന്വേഷിച്ച ഒരു നടന്‍ കൂടിയുണ്ട്.വിജയ് സേതുപതിയുടെ കൗമാരക്കാലം അവതരിപ്പിച്ച കുട്ടി ഭവാനി ആരാണ് എന്നതായിരുന്നു ചോദ്യം. 15 വര്‍ഷത്തോളമായി തമിഴ് അടക്കമുള്ള സിനിമയില്‍ അഭിനയിക്കുന്ന മഹേന്ദ്രനാണ് ഈ റോള്‍ അവതരിപ്പിച്ചത്.
തനിക്ക് ഏറ്റവും സന്തോഷമുള്ള സമയമാണിതെന്ന് മഹേന്ദ്രന്‍ പറഞ്ഞു. ‘എന്റെ അഭിനയം കണ്ട ശേഷം വിജയ് അണ്ണന്‍ ലോകേഷിനോട് നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ആ കഥാപാത്രത്തിനു പറ്റിയ താരം തന്നെയായിരുന്നു മഹേന്ദ്രനെന്ന് അദ്ദേഹം പറഞ്ഞത്. എന്നും മഹേന്ദ്രന്‍ പറഞ്ഞു.
ഇപ്പോള്‍ എല്ലാവരും തന്നെ ‘കുട്ടി ഭവാനി’ എന്നാണ് വിളിക്കുന്നതെന്നും എല്ലാ ക്രെഡിറ്റും ലോകേഷിനാണെന്നും മഹേന്ദ്രന്‍ പറഞ്ഞു.
ഭവാനി എന്ന കൊടൂര വില്ലനിലേക്കുള്ള വളര്‍ച്ച അതിഗംഭീരമായിട്ടാണ് മഹേന്ദ്രന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മൂന്നാം വയസ്സില്‍ അഭിനയം തുടങ്ങിയ മഹേന്ദ്രന്‍ ബാലതാരമായി ആറു ഭാഷകളില്‍ നൂറോളം ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
1994ല്‍ റിലീസ് ചെയ്ത നാട്ടാമൈയാണ് ആദ്യ ചിത്രം. 1995ല്‍ പുറത്തിറങ്ങിയ തൈകുളമൈ തൈകുളമൈ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള തമിഴ്‌നാട് പുരസ്‌കാരവും മഹേന്ദ്രന്‍ നേടിയിരുന്നു.
2013ല്‍ റിലീസ് ചെയ്ത വിഴ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് ആറിലധികം സിനിമകളില്‍ മഹേന്ദ്രന്‍ അഭിനയിച്ചിരുന്നു.
2018ല്‍ നിര്‍മിച്ച നമ്മ ഊരുക്കു എന്നതാന്‍ ആച്ച് ആണ് മാസ്റ്ററിനു മുമ്പ് മഹേന്ദ്രന്‍ അഭിനയിച്ച ചിത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Vijay Sethupathi’s adolescence in the movie Master, Who is Kutty Bhavani who portrayed