Entertainment
ആ കഥാപാത്രത്തെ പോലെ ജീവിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്; വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 15, 09:34 am
Monday, 15th January 2024, 3:04 pm

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലേക്കെത്തിയ വിജയ് സേതുപതി ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ്. തമിഴില്‍ രജനികാന്തിന്റെയും കമല്‍ഹാസന്റെയും വില്ലനായി അഭിനയിച്ച താരം പോയ വര്‍ഷം ഷാരൂഖ് ഖാന്റെ ജവാനിലും വില്ലന്‍ വേഷം ചെയ്തിരുന്നു. 2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.

അന്ധാദുന് ശേഷം ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന മെറി ക്രിസ്മസ് ആണ് പുതിയ ചിത്രം. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍, ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏതെങ്കിലും കഥാപാത്രമായി ജീവിക്കാന്‍ അവസരം കിട്ടിയാല്‍ ഏത് കഥാപാത്രത്തെ തെരഞ്ഞെടുക്കും എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

‘അങ്ങനെ ഏതെങ്കിലും കഥാപാത്രം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ സുമാര്‍ മൂഞ്ചി കുമാര്‍ എന്ന കഥാപാത്രമായിരിക്കും സെലക്ട് ചെയ്യുക. ആ സിനിമ ഒരു രാത്രി നടക്കുന്ന കഥയാണ്. മദ്യം തേടി അലയുന്ന ഒരു കഥാപാത്രമാണ് അത്. ആ കഥാപാത്രത്തിന് ഒരു കാര്‍ട്ടൂണ്‍ സ്വഭാവമാണ്. ആ ക്യാരക്ടറിന്റെ ഇമോഷനുകള്‍ എല്ലാം വളരെ ലൗഡാണ്. അത്രയും ലൗഡായി നമ്മുടെ ഇമോഷനുകള്‍ നമുക്ക് എക്‌സ്പ്രസ് ചെയ്യാനാകില്ല. അതൊക്കെകൊണ്ടാണ് ഞാന്‍ ആ കഥാപാത്രത്തെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്.

വളരെ ലോക്കലാണ് ആ കഥാപാത്രം. കുമാര്‍ ഡ്രസ് ചെയ്യുന്ന രീതിയും എനിക്ക് വളരെ ഇഷ്ടമാണ്’ വിജയ് സേതുപതി പറഞ്ഞു. ഗോകുല്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ഇതര്‍ക്കുതാനേ ആസൈപ്പട്ടായ് ബാലകുമാറ് എന്ന സിനിമയിലെ കഥാപാത്രമാണ് സുമാര്‍ മൂഞ്ചി കുമാര്‍. ചിത്രത്തിലെ വിജയ് സേതുപതിയുടെ പെര്‍ഫോമന്‍സ് ഏറെ പ്രശംസ നേടിയിരുന്നു.

വിജയ് സേതുപതിയുടെ മൂന്നാമത്തെ ഹിന്ദി സിനിമയാണ് മെറി ക്രിസ്മസ്. കത്രീനാ കൈഫും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ്, ഹിന്ദി ഭാഷകളില്‍ ഷൂട്ട് ചെയ്ത ചിത്രത്തില്‍ രാധികാ ആപ്‌തെ, അശ്വിനി കാല്‍സേക്കര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഒരു ക്രിസ്മസ് തലേന്ന് ബോംബൈ നഗരത്തില്‍ വെച്ച് കണ്ടുമുട്ടുന്ന രണ്ട് അപരിചിതരുടെയും അവരെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് മെറി ക്രിസ്മസിന്റെ കഥ. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രീതം സംഗീത സംവിധാനവും ഡാനിയല്‍ ബി ജോര്‍ജ് പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.

Content Highlight: Vijay Sethupathi reveals his favorite character that he want to live like