ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായ ഇരട്ട കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് റിലീസ് ചെയ്തത്. ഇരട്ടകളായ പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. സ്റ്റേഷനില്‍ വെച്ച് ഒരു പൊലീസുകാരന്‍ മരണപ്പെടുന്നതും തുടര്‍ന്നുള്ള അന്വേഷണങ്ങളുമാണ് ഒരു ദിവസം നടക്കുന്ന കഥയിലൂടെ ചിത്രം പറയുന്നത്.
ഇരട്ട ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സിലും സ്ട്രീം ചെയ്യുകയാണ്. ഒ.ടി.ടിയിലെത്തിയതോടെ സോഷ്യല്‍ മീഡിയയിലും ചിത്രം ചര്‍ച്ചയായിരുന്നു. ഇരട്ട കഥാപാത്രങ്ങളായുള്ള ജോജുവിന്റെ പ്രകടനവും ഇരട്ട ക്ലൈമാക്‌സുമാണ് പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയത്.
ജോജുവിന്റെ പെര്‍ഫോമന്‍സ് തന്നെയാണ് ഇരട്ടയുടെ നെടുംതൂണ്‍. രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് വിനോദും പ്രമോദും. അതും വളരെ കണ്‍വിന്‍സിങ്ങായി, രണ്ട് പേരുടെയും പെരുമാറ്റവും മാനറിസവുമെല്ലാം ഒരു ചിത്രത്തില്‍ ഒരാള്‍ തന്നെ അവതരിപ്പിക്കുക എന്ന് പറയുന്നത് ശ്രമകരമാണ്. എന്നാല്‍ അതിന്റെ ആയാസങ്ങളൊന്നുമില്ലാതെ രണ്ട് വ്യക്തികളാണ് വിനോദും പ്രമോദും എന്ന തോന്നല്‍ പ്രേക്ഷകരില്‍ ജനിപ്പിക്കാന്‍ ജോജുവിന് കഴിഞ്ഞു.
ഇരട്ടയുടെ തമിഴ് റീമേക്കാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ ചര്‍ച്ചകളിലൊന്ന്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്താല്‍ ജോജു ചെയ്ത ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഏറ്റവും മികച്ച താരം വിജയ് സേതുപതിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പല ലെയറുകളില്‍ സങ്കീര്‍ണമായി നില്‍ക്കുന്ന, ധാരാളം വ്യാഖ്യാന സാധ്യതകളുള്ള വിനോദിനേയും പ്രമോദിനേയും സേതുപതി മികവുറ്റതാക്കുമെന്ന് പ്രേക്ഷകര്‍ പറയുന്നു.
ഇതിനോടകം തന്നെ വില്ലന്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടെ പല ഏരിയയും പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുള്ള വിജയ് സേതുപതിയില്‍ വിനോദും പ്രമോദും ഭദ്രമായിരിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നു.
ഇരട്ടയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച രോഹിത് എം.ജി. കൃഷ്ണന്‍ ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മാണം. ഫെബ്രുവരി 27 ന് റെഡ് ചില്ലീസിന്റെ ഓഫീസില്‍ നിന്നുള്ള തന്റെ ഒരു ചിത്രം രോഹിത് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
‘ഒരു തിരക്കഥ എഴുതാനുള്ള ഓഫര്‍ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. രചനയുടെ തിരക്കിലാണ് ഞാനിപ്പോള്‍. നേരിട്ടുള്ള ഒരു ബോളിവുഡ് ചിത്രമായിരിക്കും അത്. ചിത്രം ഇരട്ടയുടെ റീമേക്ക് അല്ല. ഇരട്ടയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്രോജക്റ്റ് ആയിരിക്കും,’ ഒ.ടി.ടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില് രോഹിത് പറഞ്ഞു.
Content Highlight: vijay sethupathi is perfect instead of Joju in iratta Tamil remake; Discussion on social media