| Sunday, 9th July 2023, 8:20 am

വിജയ് സേതുപതിയാണ് ആ സിനിമയിലേക്ക് എന്നെ നിര്‍ദേശിച്ചത്: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രംവേദയിലേക്ക് തന്റെ പേര് നിര്‍ദേശിച്ചത് വിജയ് സേതുപതിയാണെന്ന് നടന്‍ ഹരീഷ് പേരടി. തമിഴിലെ തന്റെ കരിയര്‍ ബ്രേക്ക് എന്ന് പറയാവുന്ന കഥാപാത്രമായിരുന്നു വിക്രം വേദയിലേതെന്നും അദ്ദേഹം പറഞ്ഞു. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരീഷ് പേരടി.

‘വിക്രംവേദ ഗംഭീര അനുഭവമായിരുന്നു. വിജയ് സേതുപതി തന്നെയായിരന്നു വിക്രംവേദയിലേക്ക് എന്നെ റെക്കമന്റ് ചെയ്തത്. എന്റെ ആദ്യത്തെ തമിഴ് സിനിമയായ ആണ്ടവന്‍ കടലൈയില്‍ അദ്ദേഹമായിരുന്നു നായകന്‍. അതിലെ പെര്‍ഫോമന്‍സ് അന്ന് ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട കാര്യമായിരുന്നു. അതിന്റെ ഭാഗമായിട്ടുള്ള ഓഫറുകളാണ് പിന്നീട് വന്നത്. പുഷ്‌കറിന്റെയും ഗായത്രിയുടെയും അടുത്ത് വിജയ് സേതുപതി തന്നെയാണ് ഈ കഥാപാത്രം ഞാന്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞത്. അങ്ങനെയാണ് അത് സംഭവിക്കുന്നത്.

വിജയ് സേതുപതി വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള മനുഷ്യനാണ്. അതു കൊണ്ട് തന്നെ ആ ഒരു സിനിമക്ക് ശേഷം അദ്ദേഹവുമായി ഈസിയായിട്ട് ഇടപെടാന്‍ പറ്റുമായിരുന്നു. എത്രയോ കാലം മുമ്പേ പരിചയമുള്ള ഒരാളെ പോലെ അദ്ദേഹവുമായി പെരുമാറാനാകും. അത് അദ്ദേഹത്തിന്റെ ഒരു ക്വാളിറ്റിയാണ്. ഉഗ്രന്‍ നടനുമാണ്.

കൈതിയില്‍ ഒരു ദിവസമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത് എങ്കിലും അത് മുഴുനീളം നില്‍ക്കുന്ന ഒരു കഥാപാത്രമായിരുന്നു. ആ ഒരു കഥാപാത്രത്തിന്റെ സീന്‍, ഇന്റീരിയര്‍ ആയത് കൊണ്ട് വേണമെങ്കില്‍ ലോകേഷിന് പകല്‍ തന്നെ ഷൂട്ട് ചെയ്യാമായിരുന്നു. എന്നാല്‍ അദ്ദേഹമത് വൈകുന്നേരും മുതല്‍ പുലര്‍ച്ചെ വരെയാണ് ഷൂട്ട് ചെയ്തത്. വിക്രം എന്ന സിനിമയില്‍ പിന്നീട് കൊല്ലപ്പെടുന്ന കഥാപാത്രവും ഈ സ്റ്റീഫന്‍രാജാണ്. അതിന്റെ തുടര്‍ച്ചയായിരുന്നു വിക്രം.

കൈതിയുടെ സെക്കന്റ് വരാന്‍ പോകുന്നു എന്നാണ് പറയുന്നത്. കൈതി ഫസ്റ്റിലുള്ള കഥാപാത്രം സ്റ്റീഫന്‍ രാജ് വിക്രമില്‍ കൊല്ലപ്പെടുന്നുണ്ട്, അപ്പോള്‍ കൈതി സെക്കന്റില്‍ സ്റ്റീഫന്‍രാജ് എന്ന കഥാപാത്രത്തെ എവിടെയായിരിക്കും പ്ലേസ് ചെയ്യുന്ന എന്ന ഒരു ചോദ്യം ബാക്കിയുണ്ട്,’ ഹരീഷ് പേരടി പറഞ്ഞു.

content highlights; Vijay Sethupathi introduced me to Vikramveda: Harish Peradi

We use cookies to give you the best possible experience. Learn more