| Monday, 5th October 2020, 11:50 pm

ഫാന്‍സ് അസോസിയേഷന്‍ തര്‍ക്കം കൈവിട്ടു; വിജയ് സേതുപതി ഫാന്‍സ് പ്രസിഡന്റിനെ നടുറോഡിലിട്ട് കുത്തിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോണ്ടിച്ചേരി: പോണ്ടിച്ചേരിയില്‍ ഫാന്‍സ് അസോസിയേഷന്‍ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ  നടുറോഡിലിട്ട് കുത്തിക്കൊന്നു. വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് മണികണ്ഠനെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ കുത്തിക്കൊന്നത്.

അസോസിയേഷനിലെ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട് മുന്‍ സെക്രട്ടറിയായ രാജശേഖരനും കൂട്ടാളികളുമാണ് മണികണ്ഠനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഒരു വര്‍ഷമായി പോണ്ടിച്ചേരിയിലെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റാണ് മണികണ്ഠന്‍. ആറ് മാസം കഴിഞ്ഞാല്‍ സ്ഥാനം ഒഴിയണമെന്ന ധാരണയിലാണ് മണിയെ പ്രസിഡന്‍റാക്കിയത്. എന്നാല്‍ സ്ഥാനം ഒഴിയാന്‍ മണികണ്ഠന്‍ മടിച്ചതോടെ രാജശേഖരനും മണികണ്ഠനും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇരുവരും ബന്ധുക്കള്‍ കൂടിയായിരുന്നു.

ഫാന്‍സ് അസോസിയേഷന്‍ യോഗങ്ങളില്‍ ഇരുവരും പോര്‍വിളി നടത്തുകയും പതിവായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം റെഡിയാര്‍ പാളയം മാര്‍ക്കറ്റിന് മുന്നില്‍ വച്ച് രണ്ട് ബൈക്കുകളിലെത്തിയ മൂവര്‍ സംഘം മണികണ്ഠനെ ആക്രമിച്ചത്.

ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മണികണ്ഠനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മണികണ്ഠന്‍ തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.

നേരത്തെ പോണ്ടിച്ചേരിയില്‍ തന്നെ വിജയ് ആരാധകനെ രജനീകാന്ത് ആരാധകന്‍ കൊലപ്പെടുത്തിയിരുന്നു. കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ താരങ്ങള്‍ നല്‍കിയ തുകയെ കുറിച്ചുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നായിരുന്നു യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയത്. പോണ്ടിച്ചേരി മാരക്കാനം സ്വദേശിയായ 22 വയസുകാരനാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ രജനികാന്ത് ആരാധകനായ ദിനേശ് ബാബു എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊറോണ പ്രതിരോധത്തിനായി എറ്റവും കൂടുതല്‍ തുക നല്‍കിയത് തങ്ങളുടെ ഇഷ്ട താരമാണെന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Vijay Sethupathi fans association president hacked to death

We use cookies to give you the best possible experience. Learn more