| Thursday, 6th June 2024, 8:50 am

എന്നെ സ്വന്തം അച്ഛനായി കണ്ടോളൂ എന്ന് പറഞ്ഞ ശേഷം എങ്ങനെ അവരെ എന്റെ നായികയായി കാണാന്‍ പറ്റും?: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സഹനടനായി കരിയര്‍ തുടങ്ങി ഇന്ന് നിരവധി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമായി മാറിയ നടനാണ് വിജയ് സേതുപതി. 2019ല്‍ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്‌സിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയ നടനാണ് മക്കള്‍ സെല്‍വന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി. സിനിമകള്‍ക്ക് പുറമെ യഥാര്‍ത്ഥ ജീവിതത്തില്‍ താരം എടുക്കുന്ന ചില നിലപാടുകള്‍ പലപ്പോഴും ശ്രദ്ധേയമാണ്.

അത്തരത്തിലൊന്നായിരുന്നു തെലുങ്ക് താരം കൃതി ഷെട്ടിയുടെ നായകനായി അഭിനയിക്കില്ല എന്നുള്ളത്. 2019ല്‍ ബുച്ചി ബാബു സംവിധാനം ചെയ്ത ഉപ്പെന എന്ന ചിത്രത്തില്‍ കൃതിയുടെ അച്ഛനായി വിജയ് സേതുപതി അഭിനയിച്ചിരുന്നു. പിന്നീട് ഡി.എസ്.പി എന്ന ചിത്രത്തില്‍ കൃതിയെ വിജയ് സേതുപതിയുടെ നായികയാക്കാന്‍ താരം സമ്മതിച്ചിരുന്നില്ല.

ഉപ്പെനയിലെ ഒരു സീന്‍ ചെയ്യുമ്പോള്‍ കൃതി വല്ലാതെ നെര്‍വസ് ആയിരുന്നെന്നും ആ സമയത്ത് തന്നെ സ്വന്തം അച്ഛനാണെന്ന് കരുതി ഡയലോഗ് പറയാന്‍ പറഞ്ഞെന്നും അങ്ങനെ ചെയ്തതിന് ശേഷം അവരുടെ നായകനായി എങ്ങനെ അഭിനയിക്കുമെന്ന ചിന്ത കാരണമാണ് അന്ന് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് വിജയ് സേതുപതി പറഞ്ഞു. പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഉപ്പെന എന്ന സിനിമയില്‍ എന്റെ ലാസ്റ്റ് ഡേ ഷൂട്ടായിരുന്നു. കൃതിയോടൊപ്പമായിരുന്നു അന്ന് എന്റെ സീന്‍. ആ സീനില്‍ എനിക്ക് ഡയലോഗൊന്നുമില്ല. അവള്‍ക്ക് മൂന്ന് പേജോളം ഡയലോഗുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാല്‍ അവളുടെ ബര്‍ത്ത്‌ഡേയായിരുന്നു. ഈ സീന്‍ അന്ന് തന്നെ തീര്‍ത്തിട്ട് അവള്‍ക്കും പോകണമായിരുന്നു. പക്ഷേ ഇത്രയും ഡയലോഗ് എങ്ങനെ പറയുമെന്ന ടെന്‍ഷന്‍ കൃതിക്കുണ്ടായിരുന്നു.

അവള്‍ നെര്‍വസായത് കണ്ട് ഞാന്‍ അവളോട് പറഞ്ഞു, ‘എന്റെ മകന് 13 വയസ്സേ ഉള്ളൂ, നിന്നെക്കാള്‍ നാല് വയസിന് ഇളയതാണ്. നീ ഒരു കാര്യം ചെയ്യ്, എന്നെ സ്വന്തം അച്ഛനായിട്ട് കരുതി ഈ ഡയലോഗ് പറ, എല്ലാ പേജും ഒറ്റയടിക്ക് പഠിച്ച് പറയണ്ട. ഓരോ പേജായിട്ട് സാവധാനം പറഞ്ഞാല്‍ മതി. നാളെയും വേണമെങ്കില്‍ നമുക്ക് ബാക്കി എടുക്കാം,’ എന്ന് പറഞ്ഞ് ഓക്കെയാക്കി. ഈ സംഭവം നടക്കുന്നത് 2019ലാണ്.

മൂന്ന് വര്‍ഷം കഴിഞ്ഞ് പൊന്‍ റാം ഡി.എസ്.പി സിനിമയുടെ കാര്യം പറഞ്ഞ് എന്നെ വിളിച്ചു. കൃതിയാണ് നായിക എന്ന് പറഞ്ഞപ്പോള്‍, ഞാന്‍ പറ്റില്ല എന്ന് പറഞ്ഞു. കാരണം, സ്വന്തം അച്ഛനെപ്പോലെ എന്നെ കണ്ടോ എന്ന് പറഞ്ഞ ശേഷം ഞാന്‍ എങ്ങനെ ആ കുട്ടിയുടെ പെയര്‍ ആയി അഭിനയിക്കും. എനിക്കത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതില്‍ തെറ്റൊന്നും കാണുന്നില്ല,’ വിജയ് സേതുപതി പറഞ്ഞു.

Content Highlight: Vijay Sethupathi explains why he did not act as hero of Krithi Shetty

Latest Stories

We use cookies to give you the best possible experience. Learn more