ചെന്നൈ: തമിഴ് നടന്‍ മഹാഗാന്ധിയുടെ പരാതിയില്‍ നടന്‍ വിജയ് സേതുപതിക്കെതിരെ സമന്‍സ് അയച്ച് ചെന്നൈ മെട്രോപോളിറ്റന്‍ കോടതി.
നവംബര്‍ 2 ന് ബെംഗളൂരു ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന സംഘര്‍ഷത്തോടനുബന്ധിച്ചാണ് വിജയ് സേതുപതിക്കെതിരെ മഹാഗാന്ധി കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
വിമാനത്താവളത്തില്‍ വെച്ച് സേതുപതി തനിക്കെതിരെ പരിഹസിക്കുന്നതും അവഹേളിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് മഹാഗാന്ധിയുടെ പരാതിയില്‍ പറയുന്നത്. വിജയ് സേതുപതിയെ അനുഗമിച്ച പാസ്റ്റര്‍ ജോണ്‍സണ്‍ തന്നെ ശാരീരികമായി മര്‍ദ്ദിച്ചുവെന്നും മഹാഗാന്ധി പറയുന്നു. 2022 ജനുവരി 2 ന് വാദം കേള്‍ക്കുന്നതിനായാണ് കോടതി വിജയ് സേതുപതിക്ക് സമന്‍സ് അയച്ചത്.
ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിമാനത്താവളത്തില്‍ വെച്ച് വിജയ് സേതുപതിയെ താന്‍ അഭിനന്ദിക്കാനാണ് ചെന്നതെന്ന് മാഹാഗാന്ധി പറയുന്നു. സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് വിജയ് സേതുപതിക്ക് ലഭിച്ചിരുന്നു. എന്നാല്‍ അഭിനന്ദിച്ച തന്നെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് താരം നടത്തിയത്. ഇതിലൂടെ പൊതുമധ്യത്തില്‍ തന്നെ ഇകഴ്ത്താനാണ് അദ്ദേഹം ശ്രമിച്ചതെന്ന് മഹാഗാന്ധി പറയുന്നു.