| Monday, 17th June 2024, 7:41 pm

വിജയ് സാറിന് വേണമെങ്കില്‍ ആ സീന്‍ മാസ്റ്ററില്‍ നിന്ന് ഒഴിവാക്കാന്‍ പറയാമായിരുന്നു, പക്ഷേ അദ്ദേഹമത് ചെയ്തില്ല: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മാസ്റ്റര്‍. വിജയ് നായകനായ ചിത്രത്തില്‍ വില്ലനായി എത്തിയത് വിജയ് സേതുപതിയായിരുന്നു. താരത്തിന്റെ ആദ്യ വില്ലന്‍ വേഷമായിരുന്നു ഇത്. വിജയ്‌യുടെ ജെ.ഡി എന്ന കഥാപാത്രത്തെക്കാള്‍ ഫാന്‍ ബെയ്‌സ് വിജയ് സേതുപതിയുടെ ഭവാനിക്കുണ്ടായിരുന്നു. നായകനെക്കാള്‍ ശക്തനായ വില്ലനെയായിരുന്നു ലോകേഷ് മാസ്റ്ററില്‍ ഒരുക്കിയത്.

ചിത്രത്തില്‍ വിജയ് സേതുപതി വിജയ്‌യുടെ മുകളില്‍ സ്‌കോര്‍ ചെയ്ത സീനുകളിലൊന്നായിരുന്നു സെക്കന്‍ഡ് ഫാഫിലെ ഫോണ്‍ സംഭാഷണം. വിജയ് സേതുപതിയുടെ ഗംഭീര പെര്‍ഫോമന്‍സായിരുന്നു ആ സീനില്‍ കാണാന്‍ സാധിച്ചത്. ഒരേ സമയം വില്ലനിസവും അതിനൊപ്പം സ്വല്പം കോമഡിയും ചേര്‍ന്നുള്ള അവതരണമായിരുന്നു ആ സീനില്‍ വിജയ് സേതുപതി കാഴ്ചവെച്ചത്.

ആ സീനില്‍ കൊമ്പ് വെക്കുന്ന ഭാഗം താന്‍ കൈയില്‍ നിന്നിട്ടതാണെന്ന് വിജയ് സേതുപതി പറഞ്ഞു.തിയേറ്ററില്‍ ഗംഭീര കൈയടി കിട്ടിയ സീനായയിരുന്നു അതെന്നും വിജയ് ആ സീന്‍ കണ്ട് പൊട്ടിച്ചുരിച്ചുവെന്ന വിവരം താന്‍ ഡബ്ബിങ് സമയത്താണ് അറിഞ്ഞതെന്നും വിജയ് സേതുപതി പറഞ്ഞു.

അദ്ദേഹത്തിന് വേണമെങ്കില്‍ ആ സീനില്‍ താന്‍ സ്‌കോര്‍ ചെയ്യാതിരിക്കാന്‍ ആ ഭാഗം ഒഴിവാക്കാന്‍ പറയാമായിരുന്നുവെന്നും എന്നാല്‍ അങ്ങനെ ചെയ്യാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്.

‘മാസ്റ്ററിലെ സെക്കന്‍ഡ് ഹാഫില്‍ വരുന്ന ഫോണ്‍ കോള്‍ സീന്‍ മറക്കാന്‍ പറ്റാത്ത അനുഭവമാണ്. ലോകേഷിന്റെ ഗംഭീര എഴുത്താണ് ആ സീനിലുള്ളത്. ഒരു ഭാഗത്ത് നായകന്‍ നിസ്സഹായനായി നില്‍ക്കുമ്പോള്‍ മറുഭാഗത്ത് വില്ലന്‍ സ്വല്പം തമാശ കലര്‍ന്ന രീതിയില്‍ വാണിങ് നല്‍കുകയാണ്.

ആ സീനില്‍ കൊമ്പ് വെക്കുന്ന ഭാഗമൊക്കെ ഞാന്‍ കൈയില്‍ നിന്ന് ഇട്ടതാണ്. നന്നായിട്ടുണ്ടെന്ന് സെറ്റിലുണ്ടായിരുന്ന എല്ലാവരും പറഞ്ഞു. വിജയ് സാര്‍ ആ സീന്‍ കണ്ടിട്ടില്ലായിരുന്നു.ആ സീനിന്റെ ഇംപാക്ട് എനിക്ക് മനസിലായത് ഡബ്ബിങ്ങിന്റെ സമയത്തായിരുന്നു. ഇത് വിജയ് സാര്‍ കണ്ടിരുന്നോ എന്ന് ഞാന്‍ ലോകേഷിനോട് ചോദിച്ചു.

കണ്ടിട്ട് വിജയ് സാര്‍ നല്ലവണ്ണം ചിരിച്ചെന്ന് ലോകേഷ് എന്നോട് പറഞ്ഞു. എന്നെ അത് വല്ലാതെ അത്ഭുതപ്പെടുത്തി. ആ ഒരു ഭാഗത്ത് ഞാന്‍ വിജയ് സാറിനെക്കാള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് വേണമെങ്കില്‍ അത് കട്ട് ചെയ്യാന്‍ പറയാമായിരുന്നു. പക്ഷേ വിജയ് സാര്‍ അത് ചെയ്തില്ല. എന്നെ ആ കാര്യം വല്ലാതെ അത്ഭുതപ്പെടുത്തി,’ വിജയ് സേതുപതി പറഞ്ഞു.

Content Highlight: Vijay Sethupathi about the phone call scene with Vijay in Master movie

We use cookies to give you the best possible experience. Learn more