Entertainment
അന്ന് ആ കമല്‍ ഹാസന്‍ ചിത്രത്തിന്റെ ഓഡിഷന് സെലക്ഷന്‍ കിട്ടാതിരുന്നപ്പോള്‍ വിചാരിച്ചില്ല, ഭാവിയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന്: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 14, 02:46 am
Friday, 14th June 2024, 8:16 am

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സ എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതി നായകനായത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം സിനിമകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. വിക്രം എന്ന കമല്‍ ഹാസന്‍ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം താരം പങ്കുവെച്ചു.

കോളേജില്‍ പഠിക്കുന്ന സമയത്ത് കമല്‍ ഹാസന്‍ നായകനായ നമ്മവര്‍ എന്ന സിനിമയുടെ ഓഡിഷന് പങ്കെടുത്തിരുന്നെന്നും, എന്നാല്‍ കാണാന്‍ ഒരു മെച്ചുരിറ്റി ഇല്ലെന്ന് പറഞ്ഞ് തനിക്ക് സെലക്ഷന്‍ കിട്ടിയില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ഭാവിയില്‍ കമല്‍ ഹാസന്റെ വില്ലനായി അഭിനയിക്കുമെന്നും, അദ്ദേഹത്തിന്റെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റുമെന്നും ആ സമയത്ത് വിചാരിച്ചിരുന്നില്ലെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ 50ാം ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

‘കമല്‍ സാര്‍ എനിക്ക് ഉമ്മ തന്നപ്പോള്‍ എന്റെ മനസ് പോയത് 28 വര്‍ഷം പിറകിലേക്കാണ്. ആ സമയത്ത് ഞാന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. കമല്‍ സാര്‍ നായകനായ നമ്മവര്‍ എന്ന സിനിമയുടെ ഓഡിഷന് ഞാനും എന്റെ ഫ്രണ്ട്‌സും പോയി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കുറച്ച് പിള്ളേരെ വേണമെന്ന് പറഞ്ഞതുകൊണ്ടാണ് ആ സിനിമയുടെ സെറ്റിലേക്ക് പോയത്.

എന്റെ കൂടെ വന്ന എല്ലാവര്‍ക്കും റോള്‍ കിട്ടി. പക്ഷേ എന്നെ കണ്ടാല്‍ കോളേജ് പയ്യനായി തോന്നുന്നില്ല, മെചുരിറ്റി പോരാ എന്നു പറഞ്ഞ് എന്നെ തിരിച്ചയച്ചു. ആ സമയത്ത് ഞാന്‍ ഒട്ടും വിചാരിച്ചിരുന്നില്ല, ഭാവിയില്‍ കമല്‍ സാറിന്റെ സിനിമയില്‍ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിക്കുമെന്നും പുള്ളിയുടെ കൈയില്‍ നിന്ന് ശമ്പളം വാങ്ങുമെന്നും. സാധാരണ ഞാനാണ് എല്ലാവര്‍ക്കും ഉമ്മ കൊടുക്കുന്നത്. പക്ഷേ കമല്‍ സാറിന്റെ കൂടെ ഫോട്ടോ എടുത്തപ്പോള്‍ അദ്ദേഹം എന്നെ ഉമ്മ വെക്കുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല,’ വിജയ് സേതുപതി പറഞ്ഞു.

Content Highlight: Vijay Sethupathi about the experience with Kamal Haasan