|

രജിനി സാറിന്റെ സ്റ്റൈല്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ നടത്തമോ സിഗരറ്റ് വലിയോ ഒന്നുമല്ല: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

40 വര്‍ഷത്തിലധികമായി ഇന്ത്യന്‍ സിനിമയുടെ സ്റ്റൈല്‍ മന്നനായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് രജിനികാന്ത്. രജനിയുടെ സ്റ്റാര്‍ഡത്തെയും സ്റ്റൈലിനെയും കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. രജിനിയുടെ സ്റ്റാര്‍ഡം എന്നത് അദ്ദേഹം തന്റെ മുടി ഒതുക്കുന്നതോ, സിഗരറ്റ് വലിക്കുന്നതോ, സ്പീഡില്‍ നടക്കുന്നതോ അല്ലെന്ന് വിജയ് സേതുപതി പറഞ്ഞു. രജിനിയുടെ സ്റ്റൈല്‍ എന്ന് താന്‍ കരുതുന്നത് അദ്ദേഹത്തിന്റെ ബുദ്ധിയാണെന്ന് താരം പറഞ്ഞു.

ഓരോ സീനിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്ന നടനാണ് രജിനികാന്തെന്നും സീനിലുള്ള ഓരോ പ്രോപ്പര്‍ട്ടിയും അദ്ദേഹം ഉപയോഗിക്കുന്ന വിധം കണ്ട് അമ്പരന്ന് പോയിട്ടുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘രജിനി സാറിനെ പലരും സ്റ്റൈലിന്റെ പര്യായമായി കാണുന്നുണ്ട്. 40 വര്‍ഷത്തിലധികമായി അദ്ദേഹം സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. രജിനിയുടെ സ്റ്റാര്‍ഡം എന്നത് അദ്ദേഹം മുടി ഒതുക്കുന്നതോ, സിഗരറ്റ് വലിക്കുന്നതോ, അല്ലെങ്കില്‍ വേഗത്തില്‍ നടക്കുന്നതോ അല്ലെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്‌റ്റൈല്‍ അദ്ദേഹത്തിന്റെ ബുദ്ധിയാണ്.

ഓരോ സീനും എങ്ങനെ അവതരിപ്പിച്ചാല്‍ ആരാധകര്‍ക്ക് ഇഷ്ടമാകുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. എല്ലാ സീനിലും അത് കൃത്യമായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് മൂന്‍ഡ്ര് മുഖം എന്ന സിനിമയില്‍ ഏകാമ്പരം എന്ന റൗഡിയോട് സംസാരിക്കുന്ന സീനുണ്ട്. ആ റൗഡി രജിനി സാറിനെ വിരട്ടുന്ന ഡയലോഗിന് ശേഷം അദ്ദേഹത്തെ കാണിക്കുന്ന ഷോട്ടുണ്ട്.

ആ സമയം അദ്ദേഹം ഡയലോഗ് പറയുമ്പോള്‍ കൈയില്‍ ഒരു വടി വെച്ച് കറക്കുന്നുണ്ട്. അത് സ്‌ക്രിപ്റ്റിലുള്ളതല്ല. ഓരോ പ്രോപ്പര്‍ട്ടിയും അദ്ദേഹം ഉപയോഗിക്കുന്ന രീതിയാണ് ആ സീനിനെ വ്യത്യസ്തമാക്കുന്നത്. അങ്ങനെ ഉപയോഗിക്കണമെന്ന് തോന്നുന്ന ചിന്തയാണ് യഥാര്‍ത്ഥ രജിനി സ്‌റ്റൈല്‍,’ വിജയ് സേതുപതി പറഞ്ഞു.

Content Highlight: Vijay Sethupathi about Rajnikanth’s style