|

നിങ്ങൾ നന്നായി അഭിനയിക്കുന്നുണ്ടെന്ന് അന്ന് മോഹൻലാൽ സാർ ഫോൺ വിളിച്ച് പറഞ്ഞു: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങി ഇന്ന് മക്കൾ സെൽവൻ എന്ന ബ്രാൻഡായി മാറിയ നടനാണ് വിജയ് സേതുപതി. കമൽ ഹാസൻ, രജിനി തുടങ്ങി ബോളിവുഡിലെ കിങ് ഖാന്റെയടക്കം വില്ലനായി അഭിനയിച്ച താരമാണ് വിജയ് സേതുപതി.

ഒട്ടും എളുപ്പമായിരുന്നില്ല വിജയ് സേതുപതിയുടെ ഈ യാത്ര. കാർത്തിക് സുബ്ബരാജ് ഒരുക്കിയ പിസ്സ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. വിക്രം വേദയെന്ന ചിത്രത്തിലൂടെ വലിയ ആരാധകരെ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കമൽ ഹാസൻ നായകനായി എത്തിയ വിക്രത്തിലെ സന്താനം എന്ന വിജയ് സേതുപതി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാള സിനിമകൾ ഒരുപാട് ഇഷ്ടമാണെന്ന് പറയുകയാണ് വിജയ് സേതുപതി. ഒരിക്കൽ മോഹൻലാൽ തന്നെ വിളിച്ച്, താങ്കൾ നന്നായി അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും മോഹൻലാലിനെ വലിയ ഇഷ്ടമാണെന്നും വിജയ് സേതുപതി പറയുന്നു. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ ഇഷ്ടമാണെന്നും ഭാഗ്യദേവത അത്തരത്തിൽ ഇഷ്ടമായ സിനിമയാണെന്നും വിജയ സേതുപതി കൂട്ടിച്ചേർത്തു.

‘ഭാര്യ തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് ഓഡിയൻസിൻ്റെ പൾസ് കൃത്യമായി അറിയും. സിനിമ എവിടെയാണ് നന്നായതെന്നും ബോറടിച്ചതെന്നും പറഞ്ഞു തരും. എത്ര ആഴ്‌ച സിനിമ ഓടുമെന്നൊക്കെ ഒരു ധാരണ നൽകാൻ അവർക്ക് കഴിയാറുണ്ട്. എൻ്റെ സിനിമ കൾ ചുരുങ്ങിയത് മൂന്നു നാലു തവണ കാണും.

എൻ്റെ ഭാര്യയും അമ്മായിയമ്മയും മലയാളം പറയും. ഭാര്യയുടെ അമ്മയുടെ സഹോദരന്മാരെല്ലാം കൊല്ലത്തുണ്ട്. എൻ്റെ സ്വദേശം രാജ പാളയമാണ്. 1988ലാണ് ചെന്നൈയിലേക്ക് വന്നത്. മലയാള സിനിമകൾ ഒരുപാട് ഇഷ്ടമാണ്. മോഹൻലാൽ സാറിന്റെ അസിസ്റ്റന്റ് ഒരിക്കൽ വിളിച്ചിട്ട് ഫോൺ സാറിന്റെ കൈയിൽ കൊടുത്തു. ‘നിങ്ങൾ നന്നായി അഭിനയിക്കുന്നുണ്ടെന്ന്’ സാർ പറഞ്ഞു.

എനിക്ക് മോഹൻലാൽ സാറിനെ വലിയ ഇഷ്‌ടമാണ്. അഴകുസാമി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് സത്യൻ സാർ(സത്യൻ അന്തിക്കാട്) വന്നിരുന്നു. അദ്ദേഹത്തിന്റെ ഭാഗ്യ ദേവത എനിക്ക് ഒരുപാട് ഇഷ്ടമായ സിനിമയാണ്. വീണ്ടും ചില വീട്ടുകാര്യങ്ങളും എൺപതുകളിലെ കുറേ സിനിമകളും എനിക്ക് ഇഷ്ടമാണ്. ഇവിടെ മലയാളസിനിമ കിട്ടുന്ന ഡി.വി.ഡി കടയുണ്ടായിരുന്നു. അവിടെ നിന്ന് ഡി.വി.ഡി. എടുത്ത് കാണാറുണ്ടായിരുന്നു,’വിജയ് സേതുപതി പറയുന്നു.

Content Highlight: Vijay Sethupathi About Phone Call Of Mohanlal