ഇന്നലെ വന്ന പയ്യനാണ് ഞാന്‍, എന്റെ ഡയലോഗ് ഒരു ഈഗോയുമില്ലാതെ മമ്മൂക്ക പറയുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒന്നുമല്ല എന്ന് തോന്നി: വിജയ് സേതുപതി
Entertainment
ഇന്നലെ വന്ന പയ്യനാണ് ഞാന്‍, എന്റെ ഡയലോഗ് ഒരു ഈഗോയുമില്ലാതെ മമ്മൂക്ക പറയുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒന്നുമല്ല എന്ന് തോന്നി: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th June 2024, 10:37 pm

സഹനടനായി കരിയര്‍ ആരംഭിച്ച് ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ താരമാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെയാണ് താരം നായകനായത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ താരം തന്റെ സാന്നിധ്യമറിയിച്ചു. വിജയ് സേതുപതിയുടെ 50ാം ചിത്രം മഹാരാജ തിയേറ്ററില്‍ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ്. ബോക്സ് ഓഫീസില്‍ ഇതിനോടകം 80 കോടിക്ക് മുകളില്‍ മഹാരാജ കളക്ട് ചെയ്തുകഴിഞ്ഞു.

2020ല്‍ പുറത്തിറങ്ങിയ ഷൈലോക്കില്‍ മമ്മൂട്ടി വിജയ് സേതുപതിയുടെ ഡയലോഗ് പറയുന്ന സീനിനെക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചു. താന്‍ ഈയടുത്താണ് ആ വീഡിയോ കണ്ടതെന്നും അത് ഏത് സിനിമയിലാണെന്ന് തനിക്കറിയില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ഇന്നലെ വന്ന പയ്യനായ തന്റെ സിനിമയിലെ ഡയലോഗ് ഇത്രയും എക്‌സ്പീരിയന്‍സുള്ള നടനായ മമ്മൂട്ടി പറയുന്നത് കണ്ടപ്പോള്‍ താനൊന്നും ഒന്നുമല്ലെന്ന് തോന്നിപ്പോയെന്നും താരം പറഞ്ഞു.

മമ്മൂട്ടിയെപ്പോലുള്ള സീനിയര്‍ നടന്മാര്‍ ഇതൊക്കെ യാതൊരു ഈഗോയുമില്ലാതെ ചെയ്യുമെന്ന് താന്‍ വിചാരിച്ചില്ലെന്നും അവരില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ താന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘വിക്രം വേദയിലെ എന്റെ ഡയലോഗ് മമ്മൂക്ക ഒരു സിനിമയില്‍ പറയുന്ന ഒരു വീഡിയോ കണ്ടിരുന്നു. അത് ഏത് സിനിമയാണെന്നോ അതിന്റെ കഥ എന്താണെന്നോ എനിക്ക് ഈ സമയം വരെ അറിയില്ല. ആരോ എനിക്ക് അയച്ചു തന്നതാണ്. എന്താണ് അദ്ദേഹം ചെയ്തുവെച്ചിരിക്കുന്നത് എന്നാണ് ആദ്യം ആ വീഡിയോ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്.

ഇന്നലെ വന്ന പയ്യനാണ് ഞാനൊക്കെ, അദ്ദേഹമൊക്കെ എത്രയോ കാലമായി സിനിമയില്‍ നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് വേണമെങ്കില്‍ ആ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞ് പോകാം. അതൊന്നും ചെയ്യാതെ അദ്ദേഹം ആ സീന്‍ ചെയ്തു. ഇതൊക്കെ കാണുമ്പോള്‍ ഞാനൊന്നും ഒന്നുമല്ലെന്ന് തോന്നിപ്പോവുകയാണ്. മമ്മൂക്കയെപ്പോലുള്ള സീനിയര്‍ നടന്മാരില്‍ നിന്ന് ഇനിയുമൊരുപാട് പഠിക്കാനുണ്ട്,’ വിജയ് സേതുപതി പറഞ്ഞു.

Content Highlight: Vijay Sethupathi about Mammootty’s dialogue in Shylock movie