ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന ജീപ്പ് ഡ്രൈവറായാണ് മമ്മൂട്ടി എത്തിയത്. മിഥുന്‍ മാനുവല്‍ തോമസായിരുന്നു ചിത്രത്തിന്റെ തിരക്കഥ. വൈശാഖിന്റെ ഗംഭീര മേക്കിങും മമ്മൂട്ടി എന്ന നടന്റെ പ്രായം മറന്നുള്ള പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. റിലീസ് ചെയ്ത് അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ 80 കോടിയോളം കളക്ഷന്‍ നേടിക്കഴിഞ്ഞു.
രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയുടെ വോയിസ് ഓവറുള്ള ടെയ്ല്‍ എന്‍ഡ് തിയേറ്ററില്‍ സര്‍പ്രൈസ് എലമെന്റായിരുന്നു. താന്‍ ടര്‍ബോയുടെ കഥ പോലും കേള്‍ക്കാതെയാണ് അത് ചെയ്തതെന്നും അതിന്റെ ഒരേയൊരു കാരണം മമ്മൂട്ടിയാണെന്നും വിജയ് സേതുപതി പറഞ്ഞു.
ആന്റോ ജോസഫ് വഴിയാണ് മമ്മൂട്ടി തന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹത്തെപ്പോലെ ഒരു വലിയ നടന്‍ ഒരു കാര്യം ചോദിക്കുമ്പോള്‍ എങ്ങനെ നോ പറയുമെന്ന് വിചാരിച്ചാണ് ടര്‍ബോയില്‍ വോയിസ് ഓവര്‍ കൊടുത്തതെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. സിനിമക്ക് രണ്ടാം ഭാഗം ഉണ്ടെന്നോ മറ്റ് താരങ്ങള്‍ ആരാണെന്ന് അന്വേഷിച്ചിട്ടില്ലെന്നോ വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ടര്‍ബോയില്‍ വോയിസ് കൊടുക്കാന്‍ നേരം ആ സിനിമയുടെ കഥ എന്താണെന്നോ, അതില്‍ ആരൊക്കെ ഉണ്ടെന്നോ ഞാന്‍ അന്വേഷിക്കാന്‍ നിന്നില്ല. ടര്‍ബോയ്ക്ക് സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടെന്നുള്ള കാര്യം പോലും എനിക്കറിയില്ലായിരുന്നു. ഇങ്ങനെയൊരു കാര്യത്തിന് എന്നെ ആദ്യം വിളിച്ചത് ആന്റോ ജോസഫ് ചേട്ടനാണ്. പുള്ളി എന്നെ വിളിച്ചിട്ട് മമ്മൂട്ടി സാറിന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് മമ്മൂക്കക്ക് ഫോണ്‍ കൊടുത്തു.
മമ്മൂക്കയാണ് എന്നോട് ഈ സിനിമക്ക് വോയിസ് കൊടുക്കാമോ എന്ന് ചോദിച്ചത്. ഇത്രയും കാലം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന, മമ്മൂക്കയെപ്പോലെ ഒരു സീനിയര്‍ ആക്ടര്‍ നമ്മളോട് ഒരു കാര്യം ചോദിച്ചാല്‍ എങ്ങനയാണ് നോ പറയുക. ടര്‍ബോ 2വില്‍ എന്നല്ല, ഒരു സിനിമയിലും ഞാനിനി വില്ലനാവില്ല. അതുപോലെ മോഹന്‍ലാല്‍ സാറിന്റെ കൂടെ അഭിനയിക്കണം എന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമാണ്. പക്ഷേ അത് വില്ലനായിട്ട് ആകില്ല,’ വിജയ് സേതുപതി പറഞ്ഞു.
Content Highlight: Vijay Sethupathi about his voice over in Turbo movie