സഹനടനായി കരിയര്‍ ആരംഭിച്ച് ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ താരമാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെയാണ് താരം നായകനായത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ താരം തന്റെ സാന്നിധ്യമറിയിച്ചു. വിജയ് സേതുപതിയുടെ 50ാം ചിത്രം മഹാരാജ തിയേറ്ററില്‍ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ്. ബോക്‌സ് ഓഫീസില്‍ ഇതിനോടകം 75 കോടിക്ക് മുകളില്‍ മഹാരാജ കളക്ട് ചെയ്തുകഴിഞ്ഞു.
വിജയ് സേതുപതി നിര്‍മിച്ച് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കടൈസി വ്യവസായി. മണികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം 2021ലെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. വിജയ് സേതുപതി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ആ സിനിമയില്‍ വെറും നാല് ദിവസം മാത്രമേ താന്‍ അഭിനയിച്ചിട്ടുള്ളൂവെന്നും ആ കഥാപാത്രത്തിന്റെസ്വഭവവും അര്‍ത്ഥവും കഴിഞ്ഞ ദിവസമാണ് തനിക്ക് മനസിലായതെന്ന് വിജയ് സേതുപതി പറഞ്ഞു.
ആത്മീയതയില്‍ ജീവിക്കുന്ന കഥാപാത്രമായതുകൊണ്ട് തനിക്ക് അതിനെപ്പറ്റി അധികം മനസിലായില്ലെന്നും ഓരോ ഡയലോഗ് വായിക്കുമ്പോഴും മണികണ്ഠന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘കടൈസി വ്യവസായി സിനിമയില്‍ ആകെ നാല് ദിവസം മാത്രമേ എനിക്ക് ഷൂട്ടുണ്ടായിരുന്നുള്ളൂ. അതിലെ കഥാപാത്രം ചെയ്യുമ്പോള്‍ ഞാന്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. ആ കഥാപാത്രത്തെപ്പറ്റി എനിക്ക് ഒരു പിടിയുമില്ലായിരുന്നു. ഓരോ ഡയലോഗ് വായിക്കുമ്പോഴും മണികണ്ഠന്‍ എന്താണ് ഈ ഡയലോഗ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലായിരുന്നു. ആ കഥാപാത്രം ചെയ്തതിന് ഒരുപാട് പ്രശംസ കിട്ടിയപ്പോള്‍ പോലും എനിക്ക് ഒന്നും മനസിലായില്ലായിരുന്നു.
ആത്മീയതയുമായി ബന്ധപ്പെട്ടുള്ള കഥാപാത്രമാണ് അത്. അതുകൊണ്ടാണ് എനിക്ക് ആ ക്യാരക്ടറുമായി അധികം കണക്ടാകാന്‍ പറ്റാത്തത്. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ ചെന്നപ്പോള്‍ ഒരു സ്ത്രീ എന്റെയടുത്ത് വന്ന് കടൈസി വ്യവസായിയെപ്പറ്റി സംസാരിച്ചു. അവരുടെ നാട്ടില്‍ ഇടക്കിടക്ക് ഇതുപോലെ കൈ നിറയെ വാച്ച് കെട്ടിക്കൊണ്ട് ആത്മീയത പറഞ്ഞു നടക്കുന്ന ആളുകളുണ്ടെന്ന്. മണികണ്ഠന്‍ ആ കഥാപാത്രത്തിന് എത്രത്തോളം റിസര്‍ച്ച് ചെയ്തിട്ടുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്,’ വിജയ് സേതുപതി പറഞ്ഞു.
Content Highlight: Vijay Sethupathi about his character in Kadaisi Vivasayi movie