ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായ വിജയ് സേതുപതി തമിഴിനു പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ അഭിനയിത്തിന് മികച്ച സ്വഭാവ നടനുള്ള ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി.
തമിഴിലെ പല സംവിധായകരുമായും മികച്ച ബന്ധമാണ് പുലര്‍ത്താറുള്ളതെന്ന് വിജയ് സേതുപതി പറഞ്ഞു. മിഷ്‌കിന്‍ എന്ന സംവിധായകന്റെ സിനിമകളൊക്കെ അടുത്ത കാലത്താണ് കണ്ട് തീര്‍ത്തതെന്നും അദ്ദേഹത്തിന്റെ സൈക്കോ എന്ന സിനിമയെപ്പറ്റി കേട്ടപ്പോള്‍ മിഷ്‌കിനും സൈക്കോ ആയിരിക്കുമെന്ന് കരുതി ആ സിനിമ കാണാതെയിരുന്നുവെന്നും താരം പറഞ്ഞു.
പിന്നീട് ആ സിനിമ കണ്ട ശേഷം മിഷ്‌കിനെ കണ്ട് സംസാരിക്കുകയും എട്ട് മണിക്കൂറോളം തങ്ങളുടെ സംസാരം നീണ്ടുപോയെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാവികടന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘മിഷ്‌കിന്റെ സിനിമകളൊക്കെ ഈയടുത്താണ് ഞാന്‍ കണ്ടുതുടങ്ങിയത്. അദ്ദേഹത്തിന്റെ സൈക്കോ എന്ന സിനിമയെപ്പറ്റി കേട്ടപ്പോള്‍ പുള്ളിയും ഒരു സൈക്കോ ആണെന്ന് കരുതി ഞാന്‍ മിഷ്‌കിന്റെ സിനിമകളൊന്നും കാണണ്ട എന്ന് തീരുമാനിച്ചു. പിന്നീട് യാദൃശ്ചികമായി സൈക്കോ കാണാനിടയായി. എന്നെ ഞെട്ടിച്ചുകളഞ്ഞ സിനിമയായിരുന്നു അത്.
സിനിമ കണ്ടുതീര്‍ത്തയുടനെ ഞാന്‍ മിഷ്‌കിനെ വിളിച്ച് സംസാരിച്ചു. നേരിട്ട് കണ്ട് സംസാരിക്കണമെന്ന ആഗ്രഹം പറഞ്ഞു. പുള്ളിയുടെ വീട്ടില്‍ ചെന്ന് ഞങ്ങള്‍ സംസാരിച്ചിരുന്നു. ഏതാണ്ട് എട്ട് മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. ഒരു നടനെന്ന നിലയില്‍ എനിക്ക് കിട്ടിയ പ്രിവിലേജാണത്. ഒരു സിനിമ ഇഷ്ടപ്പെട്ടാല്‍ അതിന്റെ സംവിധായകനുമായി സംസാരിക്കാന്‍ എത്ര പേര്‍ക്ക് അവസരം കിട്ടുമെന്ന് അറിയില്ല.
സംസാരം കഴിഞ്ഞ് പോകാന്‍ നേരം മിഷ്‌കിന്‍ പുള്ളിയുടെ കൈയില്‍ കിടന്ന റാഡോയുടെ വാച്ച് എനിക്ക് ഊരിത്തന്നു. ഒരു സിനിമ ഇഷ്ടമായതിന് ഒരു ലക്ഷത്തിന്റെ വാച്ച് കിട്ടിയ ഒരേയൊരാള്‍ ഞാനായിരിക്കും. മിഷ്‌കിന്റെ പുതിയ സിനിമയായ പിസാസ് 2വില്‍ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്, ആ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ്,’ വിജയ് സേതുപതി പറഞ്ഞു.
Content Highlight: Vijay Sethupathi about friendship with Mysskin and Psycho movie