ചിത്താ സിനിമ വിജയിക്കേണ്ടത് മറ്റാരെക്കാളും എന്റെ ആവശ്യമായിരുന്നു: വിജയ് സേതുപതി
Entertainment
ചിത്താ സിനിമ വിജയിക്കേണ്ടത് മറ്റാരെക്കാളും എന്റെ ആവശ്യമായിരുന്നു: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th June 2024, 8:03 am

സിദ്ധാര്‍ത്ഥിനെ നായകനാക്കി എസ്.യു അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ചിത്താ. പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും 2023ലെ മികച്ച സിനിമകളിലൊന്നായി ചിത്താ മാറി. ചിത്താ സിനിമ റിലീസിന് മുമ്പ് താന്‍ കണ്ടിരുന്നെന്നും, പ്രേക്ഷകര്‍ ഈ സിനിമ ഏറ്റെടുക്കുമോ എന്ന് പേടിച്ചിരുന്നുവെന്നും പറയുകയാണ് വിജയ് സേതുപതി.

അരുണ്‍കുമാര്‍ തന്റെ ഉറ്റ സുഹൃത്തായതിനാല്‍ അവന് വേണ്ടി ഈ സിനിമ ഹിറ്റാകണമെന്ന് മറ്റാരെക്കാളും കൂടുതല്‍ താന്‍ ആഗ്രഹിച്ചുവെന്നും താരം പറഞ്ഞു. സിനിമ ഹിറ്റായപ്പോള്‍ ഇക്കാര്യം താന്‍ അരുണ്‍കുമാറിനോട് സംസാരിച്ചുവെന്നും വിജയ് സേതുപതി പറഞ്ഞു.

സിന്ദുബാദ് എന്ന സിനിമക്ക് ശേഷം അവന് ഒരു ഹിറ്റ് വളരെ അത്യാവശ്യമായിരുന്നതുകൊണ്ടാണ് താന്‍ അങ്ങനെ ആഗ്രഹിച്ചതെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാവികടന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ചിത്താ സിനിമ ഹിറ്റാകണമെന്ന് സിദ്ധാര്‍ത്ഥും അരുണും ആഗ്രഹിച്ചതിനെക്കാള്‍ കൂടുതല്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. കാരണം, റിലീസിന് മുമ്പ് ഞാന്‍ ആ സിനിമ കണ്ടിരുന്നു. എനിക്ക് സിനിമ ഇഷ്ടമായി. പക്ഷേ അതിനെക്കാള്‍ കൂടുതല്‍ പേടിയായി. കാരണം, എങ്ങാനും ഈ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകാതിരിക്കുമോ എന്ന് ആലോചിച്ച് ടെന്‍ഷനായി.

സിനിമ ഹിറ്റായപ്പോള്‍ ഞാന്‍ ഇക്കാര്യം അരുണിനോട് സംസാരിച്ചു, എടാ ഈ സിനിമ ഹിറ്റാകണമെന്ന് നിന്നെക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് ഞാനാണെന്ന് അവനോട് പറഞ്ഞു. കാരണം, സിന്ദുബാദ് എന്ന സിനിമക്ക് ശേഷം അരുണിന് ഒരു ഹിറ്റ് അത്യാവശ്യമായിരുന്നു. ഓഡിയന്‍സ് ഈ സിനിമ ഏറ്റെടുത്തത് കണ്ടപ്പോള്‍ എനിക്കും സന്തോഷമായി,’ വിജയ് സേതുപതി പറഞ്ഞു.

Content Highlight: Vijay Sethupathi about Chithha movie