|

'പെരിയാര്‍ നേരത്തെ പറഞ്ഞിട്ടുണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അവര്‍ തന്നെയാണെന്ന്; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയെ വിമര്‍ശിച്ച് വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയെ വിമര്‍ശിച്ച് നടന്‍ വിജയ് സേതുപതി. ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചത്.

‘ഇത് ജനാധിപത്യ വിരുദ്ധമാണ്. പെരിയാര്‍ മുന്നേ പറഞ്ഞിട്ടുണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അവര്‍തന്നെയാണെന്ന്. എനിക്ക് നിങ്ങളുടെ വീട്ടിലെ പ്രശ്‌നത്തില്‍ തലയിടാന്‍ കഴിയോ? നിങ്ങളാണ് അതിനു പരിഹാരം കാണേണ്ടത്. എനിക്ക് നിങ്ങളെക്കുറിച്ച് ഉത്കണ്ഠയുണ്ടാവാം. എന്നാല്‍ എന്റെ തീരുമാനങ്ങള്‍ നിങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഇവ രണ്ടും വ്യത്യാസമുണ്ട്’ വിജയ് സേതുപതി പറഞ്ഞു.

നേരത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയെ അഭിനന്ദിച്ച് നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ‘മിഷന്‍ കശ്മീരി’ന് അമിത് ഷായ്ക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ചെന്നൈയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു രജനീകാന്ത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

‘പാര്‍ലമെന്റില്‍ താങ്കള്‍ നടത്തിയ പ്രസംഗം മികച്ചതായിരുന്നു. അമിത് ഷാ-മോദി കൂട്ടുകെട്ട് കൃഷണന്‍-അര്‍ജുനന്‍ കൂട്ടുകെട്ട് പോലെയാണ്. നിങ്ങള്‍ക്കും രാജ്യത്തിനും എല്ലാവിധ ആശംസകളും.’- അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ആറു ദിവസം പിന്നിട്ടിട്ടും കശ്മീരില്‍ ഒരു കണ്ണീര്‍ വാതക ഷെല്‍ പോലും വീണിട്ടില്ലെന്നും താഴ്വര ശാന്തമാണെന്നും ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞിരുന്നു.

നേരത്തേ പതിനായിരത്തോളം ആളുകള്‍ കശ്മീരില്‍ പ്രതിഷേധം നടത്തിയെന്ന വാര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയിരുന്നു. ചിലയിടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നുവെന്നും എന്നാല്‍ ഒരിടത്തും ഇരുപത് പേരിലധികം പേര്‍ പ്രകടനത്തില്‍ ഇല്ലായിരുന്നെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം. റോയിറ്റേഴ്‌സ് ആയിരുന്നു പ്രതിഷേധപ്രകടനം നടന്നതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആഗസ്റ്റ് പതിനൊന്നിനാണ് ജമ്മുകശ്മീരില്‍ നിരോധനാജ്ഞ ആരംഭിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ അടക്കം നിര്‍ത്തിവെക്കുകയും ചെയ്തത്.