|

'പേരന്‍പിന്‍ പെരുകടല്‍', ലളിതാമ്മ ഇല്ലാത്തത് വേദനയാണ്; വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീനു രാമസാമി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘മാമനിതന്‍’. വൈ.എസ്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജയും ആര്‍.കെ സുരേഷിന്റെ സ്റ്റുഡിയോ 9ഉം ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അന്തരിച്ച നടി കെ.പി.എ.സി ലളിതയും എത്തുന്നുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വന്നപ്പോള്‍ അവരുമായുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് വിജയ് സേതുപതി. ‘ലളിതാമ്മ ഇല്ലാതത്ത് വലിയ വേദനയാണ്. ഞങ്ങള്‍ക്ക് മൂന്ന് ദിവസമായിരുന്നു ഒരുമിച്ച് ഷൂട്ടിങ് ഉണ്ടായിരുന്നത്. എനിക്ക് അമ്മയെ പോലെ ആയിരുന്നു. അവരുടെ അനുഗ്രഹത്തില്‍ ഈ ചിത്രം നിങ്ങളിലേക്ക് എത്തണം എന്നാണ് ആഗ്രഹം’; സേതുപതി പറയുന്നു.

‘പേരന്‍ബിന്‍ പെരുകടല്‍’ എന്നാണ് സേതുപതി കെ.പി.എസ്.സി ലളിതയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ മിന്നല്‍ മുരളിയിലൂടെ മലയാളികള്‍ക്ക് ശ്രദ്ധയനായ ഗുരു സോമസുന്ദരം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇദ്ദേഹത്തെ കൂടാതെ മലയാളി താരങ്ങളായ മണികണ്ഠന്‍ ആചാരിയും, പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജൂണ്‍ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഗായത്രിയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്. ഇതിന് മുന്‍പ് ഇരുവരും ഏഴ് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഇളയരാജയും മകന്‍ യുവന്‍ ശങ്കര്‍ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന സവിശേഷത കൂടി മാമനിതനുണ്ട്.

Content Highlight : Vijay Sethpathi about KPAC Lalitha