| Thursday, 14th April 2022, 11:01 am

വോട്ട് ചെയ്തതിനെ പറ്റിയുള്ള മകന്റെ ചോദ്യം കേട്ട് വെക്കെടാ ഫോണ്‍ എന്നാണ് ഞാന്‍ പറഞ്ഞത്: വിജയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ചയായ വിഷയമായിരുന്നു നടന്‍ വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയത്. പെട്രോള്‍ വില മുഖ്യചര്‍ച്ചാവിഷയമായ തെരഞ്ഞെടുപ്പിനിടയില്‍ വിജയ് സൈക്കിളില്‍ പോയത് പരോക്ഷമായ പ്രതിഷേധമാണെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ വോട്ടിംഗ് ബൂത്ത് വീടിനടുത്തായതുകൊണ്ടാണ് വിജയ് സൈക്കിളില്‍ പോയതെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അന്ന് പറഞ്ഞിരുന്നു. സണ്‍ പിക്‌ചേഴ്‌സ് യൂട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലും മകന്റെ ഓര്‍മ വന്നതിനാലാണ് സൈക്കിള്‍ എടുത്തുകൊണ്ട് പോയതെന്നാണ് വിജയ് പറഞ്ഞത്.

‘വീടിന്റെ പിന്നിലായിരുന്നു വോട്ടിംഗ് ബൂത്ത്. വീടിന് പുറത്ത് മകന്റെ സൈക്കിള്‍ ഉണ്ടായിരുന്നു. അവന്റെ ഓര്‍മ വന്നതുകൊണ്ടാണ് സൈക്കിള്‍ എടുത്തുകൊണ്ട് പോയത്. അതിനാണ് ഈ ഫ്‌ളാഷ് ബാക്കെല്ലാം വന്നത്.

അതെല്ലാം കുഴപ്പമില്ലെന്ന് വെക്കാം. ഞാന്‍ വീട്ടില്‍ വന്നതിന് ശേഷം മകന്‍ വിളിച്ചു ചോദിച്ചതാണ്
ഹൈലൈറ്റ്. ന്യൂസെല്ലാം ഞാന്‍ കണ്ടു, എന്റെ സൈക്കിളിനൊന്നും പറ്റിയില്ലല്ലോ എന്നാണ് അവന്‍ ചോദിച്ചത്. ഞാന്‍ ഒന്നും പറ്റാതെ വീട്ടില്‍ വന്നത് തന്നെ വലിയ കാര്യം, നീ സൈക്കിളിനെ പറ്റിയാണോ ചോദിക്കുന്നത്, വെക്കെടാ ഫോണ്‍ എന്ന് ഞാന്‍ പറഞ്ഞു,’ വിജയ് ചിരിച്ചുകൊണ്ട് പറഞ്ഞു.

ദളപതി ടാഗില്‍ നിന്നും തലൈവര്‍(നേതാവ്) ടാഗിലേക്ക് എന്നാണ് മാറുന്നതെന്ന ചോദ്യത്തിന് ജനങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്ന് വിജയ് പറഞ്ഞു.

’30 വര്‍ഷം കൊണ്ട് ഒരു സാധാരണ നടനായിരുന്ന എന്നെ ദളപതിയാക്കിയത് ജനങ്ങളാണ്. എന്നെ തലൈവനായി കാണണമോയെന്ന് തീരുമാനിക്കുന്നതും അവരും പിന്നെ വരുന്ന സാഹചര്യങ്ങളുമാണ്. വ്യക്തിപരമായി വിജയ് ആയിരിക്കുന്നതാണ് എനിക്ക് ഇഷ്ടം.

ജനങ്ങളും സാഹചര്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ മാറിയേ പറ്റൂ. ബീസ്റ്റിലെ വിജയ് ആകണമോയെന്നും സാധാരണ വിജയ് ആയിരിക്കണമോയെന്നും സാഹചര്യങ്ങളാണ് തീരുമാനിക്കുന്നത്,’ വിജയ് പറഞ്ഞു.

Content Highlight: vijay says this was his response When he heard his son’s question about voting 

We use cookies to give you the best possible experience. Learn more