ന്യൂദല്‍ഹി: നിദാഹസ് ട്രോഫി ത്രിരാഷ്ട്ര പരമ്പരയ്ക്ക് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവ നിരയെ പ്രഖ്യാപിച്ചപ്പോള്‍ പലരും നെറ്റിചുളിച്ചത് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പലതാരങ്ങളെയും തഴഞ്ഞ് മറ്റു പലരെയും ടീമിലെടുത്തതിന്റെ പേരിലായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തകര്‍ത്ത് ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ കപ്പുയര്‍ത്തിയത് ക്രിക്കറ്റാരാധകര്‍ അടുത്തൊന്നും മറക്കാന്‍ ഇടയില്ല.
അവസാന മൂന്ന് ഓവറില്‍ നിന്ന് 35 റണ്‍സ് അടിച്ച് കൂട്ടിയ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു ഇന്ത്യുടെ വിജയം. എന്നാല്‍ അവസാന നിമിഷം ക്രീസിലുണ്ടായിരുന്ന വിജയ് ശങ്കര്‍ എന്ന യുവതാരത്തിന്റെ മെല്ലെപ്പോക്ക് ആരാധകരുടെ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു.
കളിയുടെ നിര്‍ണായകമായ ഘട്ടത്തില്‍ 19 ബോളുകള്‍ നേരിട്ട വിജയ് ശങ്കര്‍ ആകെ നേടിയത് 17 റണ്‍സായിരുന്നു അവസാന ഓവറുകളില്‍ വിജയ് ശങ്കര്‍ നിരവധി ഡോട്ട് ബോളുകള്‍ സൃഷ്ടിച്ചിരുന്നു. ഇതാണ് ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഇന്ത്യയില്‍ തിരിച്ചെത്തിയതിനു പിന്നാലെ വിജയ് ശങ്കറിനെ പ്രോത്സാഹിപ്പിച്ച് ദിനേഷ് കാര്‍ത്തിക്കും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പ്രകടനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിജയ് ശങ്കര്‍.
“ആ ആഞ്ച് പന്തുകള്‍ നഷ്ടമാക്കിയതിനെക്കുറിച്ച് എനിക്കിപ്പോഴും നിരാശയുണ്ട്. അവസാന ഓവറില്‍ ഒരു നിര്‍ണായക ബൗണ്ടറി നേടാനായെങ്കിലും ഒരു സിക്സര്‍ കൂടി ഞാന്‍ കണ്ടെത്തിയിരുന്നെങ്കില്‍ കളി മാറിയേനെ.” താരം പറഞ്ഞു. സണ്‍റൈസേഴ്സ് ടീമില്‍ വിജയ് ശങ്കറിന്റെ സഹതാരമായിരുന്ന മുസ്തഫിസുര്‍ റഹ്മാനായിരുന്നു പതിനെട്ടാം ഓവര്‍ എറിഞ്ഞിരുന്നത്. എന്നാല്‍ മുസ്തഫിസുറിനെ നെറ്റ്സില്‍ നേരിടുന്നതും യഥാര്‍ത്ഥ മത്സരത്തില്‍ നേരിടുന്നതും വ്യത്യസ്തമാണെന്നും താരം പറഞ്ഞു.
“ഇത്തരമൊരു അവസരം അപൂര്‍വമായെ ലഭിക്കു. ഇത്തരമൊരു സാഹചര്യത്തെ ഫലപ്രദമായി നേരിടാന്‍ ഞാന്‍ നേരത്തെ തയാറെടുത്തിരുന്നു. അതിനായി കഠിനമായി പ്രയത്നിച്ചിരുന്നു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ലെന്നതാണ് കൂടുതല്‍ നിരാശയുണ്ടാക്കുന്നത്. സമ്മര്‍ദ്ദം കാരണമാണ് എനിക്ക് ബാറ്റ് ചെയ്യാന്‍ കഴിയാതിരുന്നതെന്ന് പറയുന്നില്ല. ഒരുപക്ഷെ അതെന്റെ ദിവസമായിരുന്നില്ലായിരിക്കാം” ശങ്കര്‍ പറഞ്ഞു.