ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബത്തെ കുറ്റംപറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ കേന്ദ്രമന്ത്രിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. മോദിയുടെ അമ്മ ഓട്ടോറിക്ഷയില്‍ നില്‍ക്കുന്ന ചിത്രമാണ് കേന്ദ്രമന്ത്രി വിജയ് സാംപ്ല പങ്കുവെച്ചത്.
“ഞങ്ങളുടെ പ്രിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഇപ്പോഴും ഓട്ടോയിലാണ് യാത്ര ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ അമ്മയാണ് ലോകത്തിലെ നാലാമത്തെ സമ്പന്നയായ രാഷ്ട്രീയക്കാരി.” എന്ന് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു വിജയ് സാംപ്ല ചിത്രം പങ്കുവെച്ചത്.
എന്നാല്‍ മോദി പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് എടുത്ത ചിത്രങ്ങളാണിതെന്നും വോട്ടു ചെയ്യാനായി പോകുന്നവേളയില്‍ എടുത്തതാണെന്നും സോഷ്യല്‍ മീഡിയ തുറന്നുകാട്ടുകയായിരുന്നു.
2014 മെയില്‍ മോദിയുടെ അമ്മ വോട്ടു ചെയ്യാനായി പോകുമ്പോഴെടുത്ത ചിത്രമാണ് വ്യാജപ്രചരണത്തിനായി ഉപയോഗിച്ചത്. മിക്ക മാധ്യമങ്ങളും പി.ടി.ഐയ്ക്ക് കടപ്പാട് നല്‍കിക്കൊണ്ടാണ് അന്ന് ഈ ചിത്രം പ്രസിദ്ധീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് നിരവധി പേരാണ് ഈ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
“ഇത് ഫോട്ടോഷോപ്പല്ല. 2014ല്‍ അവര്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ എടുത്ത ചിത്രമാണ്. നോട്ടുനിരോധനസമയത്ത് അവരെ ക്യൂവില്‍ നിര്‍ത്തിയതുപോലെ.” എന്നാണ് ഒരാളുടെ ട്വീറ്റ്.
Maybe this lady”s pic.twitter.com/bvWPA7xlt0
— Amit Shah (@amitshaah_) May 5, 2018
അതേസമയം, ഈ ഫോട്ടോയില്‍ പറഞ്ഞത് ശരിയാണെന്നു തന്നെ കരുതിയാല്‍ അഭിമാനിക്കേണ്ട കാര്യമായല്ല മറിച്ച് ലജ്ജിക്കേണ്ട കാര്യമായാണ് ഇതിനെ കാണുന്നതെന്ന് ഒരു വിഭാഗം കമന്റ് ചെയ്യുന്നു. ” പ്രധാനമന്ത്രിയുടെ അമ്മ ഇങ്ങനെയാണ് ജീവിക്കുന്നതെങ്കില്‍ ലജ്ജ തോന്നുന്നു. ഞാന്‍ വിമാനത്തില്‍ യാത്രചെയ്ത്, സമ്പന്ന ജീവിതം നയിക്കുകയും, വിലകൂടിയ വസ്ത്രങ്ങളും ഡ്രൈഫ്രൂട്ടുകളും കഴിക്കുമ്പോള്‍ അമ്മയെ ഇതുപോലെ ജീവിക്കാന്‍ വിടുകയാണെങ്കില്‍ എനിക്ക് ജീവിക്കാന്‍ പോലുമുള്ള അര്‍ഹതയുണ്ടാവില്ല.” എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്.
അതേസമയം, ചിത്രത്തില്‍ ഹീരാബെന്നിന്റെ ഒരു കൈ മറ്റൊരാള്‍ പിടിച്ചിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടി ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്ന് ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ബൂംലൈവ് ഈ ചിത്രം ഫോട്ടോഷോപ്പ് അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Our Beloved PM Shri @narendramodi “s Mother is still travelling in Auto, While @RahulGandhi “s Mother is the World”s 4th Wealthiest Politician!#NarendraModi pic.twitter.com/HsLuTBYUaI
— Vijay Sampla MoS (@vijay_sampla) May 4, 2018