| Wednesday, 13th April 2022, 10:22 pm

വെറുതേയിരുന്ന് വിമര്‍ശിക്കരുത്, ഇഷ്ടപ്പെട്ടാല്‍ എടുക്കുക, ഇല്ലെങ്കില്‍ വെറുതേ വിടൂ: വിജയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയില്‍ ഏറ്റവുമധികം ഫാന്‍ ബേസ് ഉള്ള താരമാണ് വിജയ്. വിജയ് ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും ആരാധകര്‍ ഒരിക്കലും അദ്ദേഹത്തെ കൈവിടാറില്ല. വിജയ് തന്റെ ആരാധകരോട് തിരിച്ചും അങ്ങനെ തന്നെയാണ്. ഓരോ സിനിമയുടെയും ഓഡിയോ ലോഞ്ചുകളുടെ ഹൈലൈറ്റ് തന്നെ വിജയുടെ ആരാധകരെ അഭിസംബോധന ചെയ്തുള്ള പ്രസംഗമാണ്.

എന്നാല്‍ ബീസ്റ്റിന് ഓഡിയോ ലോഞ്ചില്ലാത്തത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ഇതിന് പകരമായിട്ടാണ് സണ്‍ പിക്‌ചേഴ്‌സ് ചാനലില്‍ സംവിധായകന്‍ നെല്‍സണ്‍ നടത്തിയ അഭിമുഖം വന്നത്. ഇതില്‍ ആരാധകരോട് എന്താണ് പറയാനുള്ളത് എന്ന നെല്‍സന്റെ ചോദ്യത്തിന് വെറുതെയിരുന്ന് വിമര്‍ശിക്കുന്നവരായി മാത്രം മാറരുത് എന്നാണ് വിജയ് പറഞ്ഞത്.

‘ഫാന്‍സെല്ലാം വേറെ ലെവലാണ്. അവരെ ഉപദേശിക്കാന്‍ മാത്രം വലിയ ആളല്ല ഞാന്‍ എന്ന് പറഞ്ഞ് ഒഴിവാകുന്നില്ല. ഒരു ചെറിയ ഉപദേശം തരാം. ഒരു ക്രിക്കറ്റ് മാച്ച് നടക്കുന്നുവെന്ന് വിചാരിക്കുക. എല്ലാ ബോളും സിക്‌സടിക്കാനാണ് ബാറ്റ്‌സ്മാന്‍ ആഗ്രഹിക്കുന്നത്. അതേ പ്ലേയര്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഓരോ ബോളും ക്യാച്ചാകണമെന്ന് ആഗ്രഹിക്കുന്നു.

അതുപോലെയാണ് ജീവിതവും. അടിച്ചാല്‍ സിക്‌സര്‍, പിടിച്ചാല്‍ ക്യാച്ച്. എല്ലാത്തിലുമുപരി നമ്മള്‍ തന്നെ ഇറങ്ങി കളിക്കണമെന്നതിലുപരി, ഇനി പുറത്തിരുന്ന് കൈകൊട്ടി പ്രോത്സാഹിപ്പിക്കുക എന്നതിലുപരി, വെറുതേയിരുന്ന് വിമര്‍ശനം ചെയ്യുന്നവരായി മാറരുത്. ഇഷ്ടപ്പെട്ടാല്‍ എടുക്കുക, ഇല്ലെങ്കില്‍ വെറുതേ വിടൂ, ഫ്രീ അഡൈ്വസ്,’ വിജയ് പറഞ്ഞു.

‘എനിക്കെന്തൊക്കെ പറയാനുണ്ടോ അതെല്ലാം ഒന്നിച്ചാക്കി പുതിയ സിനിമകളുടെ ഓഡിയോ ലോഞ്ചില്‍ വെച്ച് പറയും. അതില്‍ പ്രധാനപ്പെട്ട കാര്യം അവിടെ പോയി എന്‍ നെഞ്ചുക്കുളെ കുടിയിറുക്കും എന്ന് പറയുമ്പോള്‍ അത്രയും പേരുടെ മനസില്‍ ഞാനുണ്ടല്ലോ എന്ന ഒരു ഉണര്‍വുണ്ടാകും. അത് വലിയ സന്തോഷമാണ്,’ വിജയ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Vijay said that one should not become critic always 

We use cookies to give you the best possible experience. Learn more