ഒക്ടോബര്‍ 19നാണ് ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിച്ച ലിയോ റിലീസ് ചെയ്തത്. വമ്പന്‍ ഹൈപ്പുയര്‍ന്ന ചിത്രത്തിന് റിലീസ് ദിനം മുതല്‍ സമ്മിശ്രപ്രതികരണമാണ് ലഭിച്ചിരുന്നത്. ഫസ്റ്റ് ഹാഫ് എല്ലാ പ്രേക്ഷകര്‍ക്കും നന്നായി ഇഷ്ടപ്പെട്ടപ്പോള്‍ സെക്കന്റ് ഹാഫ് ടിപ്പിക്കല്‍ വിജയ് ചിത്രങ്ങളുടേത് പോലെയായെന്നാണ് വിമര്‍ശനമുയര്‍ന്നത്. വിജയ് ആരാധകര്‍ക്കായി കഥയില്‍ ലോകേഷ് വിട്ടുവീഴ്ച ചെയ്‌തോ എന്ന് പോലും വിമര്‍ശകര്‍ ചോദിച്ചിരുന്നു.
ലോകേഷ് ആദ്യം പറഞ്ഞ കഥയില്‍ പിന്നീട് മാറ്റം വരുത്തിയെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ലളിത് കുമാര്‍. ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവുമെന്ന് വിജയ് പറഞ്ഞതിന് പിന്നാലെ താന്‍ ലോകേഷിനോട് സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നും ലളിത് കുമാര്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഥ സെലക്ട് ചെയ്തതിന് ശേഷം ലോകേഷ് എന്നോട് വന്ന് കഥ പറഞ്ഞു. നല്ല കഥയാണല്ലോ എന്ന് ഞാന്‍ പറഞ്ഞു. അന്ന് രാത്രി വിജയ് സാര്‍ വിളിച്ച് കഥ കേട്ടോ, എങ്ങനെയുണ്ടെന്ന് ചോദിച്ചു. ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവുമെന്നും പറഞ്ഞു. ഞാന്‍ ഉടനെ ലോകേഷിനെ വിളിച്ചു, ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവും, എന്താണ് അഭിപ്രായം എന്ന് ചോദിച്ചു. ചില ഭാഗങ്ങള്‍ ആള്‍ട്ടര്‍ ചെയ്യാമെന്ന് ലോകേഷ് പറഞ്ഞു. അങ്ങനെ മാറ്റം വരുത്തിയ കഥ സാറിനോട് പറഞ്ഞു. അതിന് ശേഷമാണ് ഷൂട്ട് തുടങ്ങിയത്,’ ലളിത് കുമാര്‍ പറഞ്ഞു
അതേസമയം സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ വലിയ കളക്ഷനാണ് ചിത്രം നേടുന്നത്. മൂന്ന് ദിവസം കഴിയുമ്പോള്‍ തമിഴിലെ മിക്ക റെക്കോഡുകളും ലിയോ തകര്‍ത്തിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ 2023ലെ റെക്കോഡ് ആദ്യ ദിന കളക്ഷനുകളില്‍ ഒന്നായിരുന്നു ലിയോക്ക് ലഭിച്ചത്. രണ്ടാം ദിവസവും ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്.
ലിയോ ഇതിനോടകം 250 കോടിയിലേറെ രൂപ ലോകമെമ്പാടും നിന്നും സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായുള്ള അവധി ദിവസങ്ങള്‍ മുന്നില്‍ കണ്ട് റിലീസ് ചെയ്തത് സിനിമക്ക് ഗുണം ചെയ്തു.
കേരളത്തിലും സിനിമക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. 25 കോടിയോളം രൂപ ചിത്രം മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് സ്വന്തമാക്കിയതായിട്ടാണ് സിനിമാ ട്രാക്കര്‍മാരുടെ കണക്കുകള്‍. വരും ദിവസങ്ങളിലും ലിയോ ബോക്സോഫീസില്‍ വേട്ട തുടരും എന്ന് തന്നെയാണ് സൂചന.
Content Highlight: Vijay said and made some changes in the story, says leo producer