ഗില്ലി കൊണ്ട് മാത്രം അവസാനിക്കുന്നില്ല; 15 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസിനൊരുങ്ങി അടുത്ത വിജയ് ചിത്രം
Entertainment
ഗില്ലി കൊണ്ട് മാത്രം അവസാനിക്കുന്നില്ല; 15 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസിനൊരുങ്ങി അടുത്ത വിജയ് ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th May 2024, 9:02 pm

20 വര്‍ഷത്തിന് ശേഷം റീ റിലീസിലൂടെ വന്ന് തിയേറ്ററുകളെ ഇളക്കി മറിച്ച വിജയ് ചിത്രമാണ് ഗില്ലി. വിജയ്ക്ക് മാസ് ഹീറോ പരിവേഷം നല്‍കിയ സിനിമകളില്‍ ഒന്നായിരുന്നു ഈ ചിത്രം. 2004ല്‍ റിലീസായി തമിഴിലെ ആദ്യ 50 കോടി ചിത്രമായി മാറിയ ഗില്ലി 20 വര്‍ഷത്തിന് ശേഷം റീമാസ്റ്റര്‍ ചെയ്തായിരുന്നു പുറത്തിറക്കിയത്.

ഇപ്പോള്‍ ഗില്ലിക്ക് പിന്നാലെ മറ്റൊരു വിജയ് ചിത്രം കൂടെ റീ റിലീസിന് ഒരുങ്ങുകയാണ്. എ.സി. മുഗിലിന്റെ തിരക്കഥയില്‍ പ്രഭുദേവ സംവിധാനം ചെയ്ത വില്ല് ആണ് അടുത്തതായി റീ റിലീസിന് എത്തുന്നത്. വിജയ്‌യുടെ 50ാം പിറന്നാളിന്റെ ഭാഗമായി ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2009ല്‍ തിയേറ്ററില്‍ എത്തിയ ചിത്രമാണ് വില്ല്. വിജയ് അച്ഛനും മകനുമായി ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായികയായത്. നയന്‍താരക്ക് പുറമെ ഗീത, പ്രകാശ് രാജ്, വടിവേലു, മനോജ് കെ. ജയന്‍, ദേവരാജ്, ശ്രീമാന്‍, ആനന്ദരാജ് എന്നിവരും ചിത്രത്തില്‍ ഒന്നിച്ചിരുന്നു.

വിജയ്‌യുടെ ഗില്ലി റീ റിലീസായി ഒരാഴ്ച്ച പിന്നിട്ടപ്പോഴേക്കും 20 കോടിയുടെ അടുത്തായിരുന്നു ചിത്രം നേടിയിരുന്നത്. ഈ വര്‍ഷമിറങ്ങിയ മറ്റ് തമിഴ് സിനിമകളെക്കാള്‍ വലിയ കളക്ഷനായിരുന്നു ഇത്. ഒപ്പം ഇന്ത്യയില്‍ റീ റിലീസ് ചെയ്ത സിനിമകളില്‍ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലും ഗില്ലി ഇടംനേടിയിരുന്നു.

ക്ലാസിക് സിനിമകളായ ടൈറ്റാനിക്, അവതാര്‍, ഷോലെ എന്നീ സിനിമകളായിരുന്നു മുമ്പ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. ഒരു സൗത്ത് ഇന്ത്യന്‍ ചിത്രം റീ റിലീസ് ചെയ്ത് 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്നതും ആദ്യമായിട്ടായിരുന്നു.

അതേസമയം വിജയ്‌യുടേതായി അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടാണ്. ചിത്രം സെപ്തംബര്‍ അഞ്ചിനാണ് തിയേറ്ററില്‍ എത്തുന്നത്. വിജയ്ക്ക് പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ഒന്നിക്കുന്ന ചിത്രമാണ് ഗോട്ട്.

Content Highlight: Vijay’s Villu Movie Is All Set To Re-Release After 15 Years