| Sunday, 3rd November 2024, 7:06 pm

വഖഫ് ബില്ലിനെതിരേയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരേയും പ്രമേയം പാസാക്കി വിജയ്‌യുടെ ടി.വി.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സമ്മേളനം നടത്തി രാഷ്ട്രീയ പ്രവേശനം ഊട്ടിയുറപ്പിച്ച നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം വഖഫ് ഭേദഗതി ബില്ലിനെതിരേയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരേയും പ്രമേയം പാസാക്കിയതായി റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന നില അപകടത്തില്‍ ആണെന്ന് വിമര്‍ശിച്ചുകൊണ്ട് വിജയ്‌യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയതെന്നാണ് സൂചന. യോഗത്തില്‍ എക്‌സിക്യൂട്ടീവ്, ജില്ല ഭാരവാഹികള്‍ പങ്കെടുത്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവയ്ക്ക് പുറമെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെതിരെയും ടി.വി.കെ പ്രമേയം പാസാക്കിയിട്ടുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം, വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ നീറ്റ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന് സ്വയം തീരുമാനിക്കാന്‍ സാധിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു.

ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനേയും ശക്തമായി ടി.വി.കെ. പാര്‍ട്ടിയും പാര്‍ട്ടിയുടെ അംഗങ്ങളും എതിര്‍ക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. വഖഫ് ഭേദഗതി ബില്ലിനെ ഫെഡറലിസത്തിനെതിരായ ആക്രമണം എന്നാണ് പ്രമേയത്തില്‍ വിശേഷിപ്പിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് വില്ലുപുരം വിക്രവണ്ടിയിലാണ് തമിഴ് നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴക)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടക്കുന്നത്. ഈ സമ്മേളനത്തില്‍ വെച്ച് പാര്‍ട്ടിയുടെ നയവും വിജയ് പ്രഖ്യാപിച്ചിരുന്നു.

‘ജനിച്ചവരെല്ലാം തുല്യര്‍’ എന്നാണ് പാര്‍ട്ടിയുടെ നയമെന്നും സമത്വമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് ചടങ്ങില്‍വെച്ച് പ്രഖ്യാപിച്ചു. സാമൂഹിക നീതിയില്‍ ഊന്നിയ മതേതര സമൂഹം പടുത്തുയര്‍ത്തുക എന്നതും പാര്‍ട്ടിയുടെ നയമാണെന്നും കൂട്ടിച്ചേര്‍ത്തു.

വിജയ്, പാര്‍ട്ടി പതാക ഉയര്‍ത്തിക്കൊണ്ടാണ് ടി.വി.കെയുടെ സമ്മേളനം ആരംഭിച്ചത്. നേരത്തെ പുറത്തിറക്കിയ പാര്‍ട്ടിയുടെ പതാക ഗാനവും സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തുപാട്ടും സമ്മേളനത്തില്‍ ആലപിക്കുകയുണ്ടായി. ഏകദേശം എട്ട് ലക്ഷത്തോളം ആളുകളാണ് സമ്മളനത്തില്‍ പങ്കെടുത്തത്. 2026ഓടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായി.

Content Highlight: Vijay’s TVK passes resolution against One Nation, One Election and Waqf Bill 

We use cookies to give you the best possible experience. Learn more