| Saturday, 14th September 2024, 7:51 pm

ആവേശം വാനോളം; വിജയ്‌യുടെ കരിയറിലെ അവസാന ചിത്രം; ദളപതി 69 അപ്‌ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് തമിഴിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് വിജയ്. എന്നാല്‍ സ്റ്റാര്‍ഡത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ വിജയ് തന്റെ രാഷ്ട്രീയപ്രഖ്യാപനം നടത്തിയിരുന്നു. മുമ്പ് ഏറ്റെടുത്ത രണ്ട് സിനിമകള്‍ക്ക് ശേഷം മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വേണ്ടി ഇറങ്ങുമെന്ന് വിജയ് അറിയിച്ചിരുന്നു.

രാഷ്ട്രീയപ്രവേശത്തിന് മുമ്പുള്ള വിജയ്‌യുടെ അവസാന സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് വന്നിരിക്കുകയാണ്. വിജയ്‌യുടെ 69ാമത് ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനം നടത്തിയത് കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ്. കന്നഡ, തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിരവധി ഹിറ്റുകളൊരുക്കിയ പ്രൊഡക്ഷന്‍സാണ് കെ.വി.എന്‍.

ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ച വിജയ് എന്ന താരവും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ എച്ച്. വിനോദും സൗത്ത് ഇന്ത്യന്‍ സംഗീത സംവിധാനത്തിലെ മാന്ത്രികന്‍ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാകും.

തന്റെ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടുകയും ലോകമെമ്പാടും ആരാധകവൃന്ദത്തെ ഉണ്ടാക്കുകയും ചെയ്ത വിജയ്‌യെ അതുല്യ അവതാരത്തില്‍ കാണമെന്നാണ് പ്രൊഡക്ഷന്‍ ഹൗസ് വ്യക്തമാക്കുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ചിത്രം നിര്‍മിക്കുന്നത്.

ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമായി ചേര്‍ന്നാണ് ദളപതി 69ന്റെ നിര്‍മാണം. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററിലേക്കെത്തും. ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിജയ്‌യുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും കെ.വി.എന്‍. പ്രൊഡക്ഷന്‍സ് അറിയിച്ചു. ബ്ലോക്ക് ബസ്റ്റര്‍ ദളപതി വിജയ് ചിത്രം ലിയോക്ക് ശേഷം പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ കേരള പി.ആര്‍.ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നത്.

Content Highlight: Vijay’s Thalapathy 69 Update Out

We use cookies to give you the best possible experience. Learn more