തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് വിജയ്. നാളൈയ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ ഇളയ ദളപതി എന്ന വിളിപ്പേര് സ്വന്തമാക്കിയ വിജയ് വളരെ പെട്ടെന്ന് തമിഴില്‍ വലിയ ആരാധക പിന്തുണയുണ്ടാക്കി. കരിയറിന്റെ തുടക്കത്തില്‍ റൊമാന്റിക് ചിത്രങ്ങള്‍ ചെയ്ത വിജയ് പിന്നീട് ആക്ഷന്‍ ചിത്രങ്ങളിലേക്ക് ട്രാക്ക് മാറ്റി. ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരങ്ങളില്‍ ഒരാളായി വിജയ് മാറി.
ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന വിജയ്‌യുടെ റൊമാന്റിക് വേര്‍ഷന്‍ കാണാന്‍ ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. അത്തരം ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിജയ്‌യുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ സച്ചിന്‍ റീ റിലീസ് ചെയ്യുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ചിത്രത്തിന്റെ നിര്‍മാതാവായ കലൈപ്പുള്ളി എസ്. താണുവാണ് ഇക്കാര്യം അറിയിച്ചത്.
ജോണ്‍ മഹേന്ദ്രന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സച്ചിന്‍. തുടര്‍ച്ചയായി ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്ത വിജയ് തന്റെ പഴയ റൊമാന്റിക് ട്രാക്കിലേക്ക് വീണ്ടുമെത്തിയ ചിത്രമായിരുന്നു സച്ചിന്‍. 2005 ഏപ്രില്‍ 14ന് പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ മികച്ച വിജയങ്ങളില്‍ ഒന്നായി മാറി. ചിത്രത്തിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റീ റിലീസ് ചെയ്യുന്നത്. ഈ വര്‍ഷം ഏപ്രിലിലാകും ചിത്രത്തിന്റെ റീ റിലീസ് ഉണ്ടാവുക.
ജെനിലീയയാണ് സച്ചിനില്‍ വിജയ്‌യുടെ നായികയായി എത്തിയത്. വടിവേലു, ബിപാഷ ബസു, രഘുവരന്‍, തലൈവാസല്‍ വിജയ്, തരുണി സച്ച്‌ദേവ് തുടങ്ങി വന്‍ താരനിര സച്ചിനില്‍ അണിനിരന്നിരുന്നു. ദേവി ശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. ചിത്രം ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം വിജയ്‌യുടെ മറ്റൊരു ഹിറ്റ് ചിത്രമായ ഗില്ലിയും റീ റിലീസ് ചെയ്തിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ ഗില്ലി ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനിലെത്തിയത് ആരാധകര്‍ ആഘോഷമാക്കി മാറ്റി. റീ റിലീസ് റെക്കോഡുകളെല്ലാം ഗില്ലി തകര്‍ത്തിരുന്നു. രജിനി ചിത്രം ലാല്‍ സലാമിന്റെ തമിഴ്‌നാട് കളക്ഷനും ഗില്ലി തകര്‍ത്തെറിഞ്ഞു. ഗില്ലിയുടെ മാജിക് സച്ചിന്‍ ആവര്‍ത്തിക്കുമോ എന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Vijay’s Sachien movie going to re release on 20th anniversary