സകല സോഷ്യല്‍ മീഡിയയിലും ഏപ്രില്‍ ആറാം തിയ്യതി രാവിലെ മുതല്‍ ഒരു സൈക്കിള്‍ യാത്രയാണ് ചര്‍ച്ചയായിരിക്കുന്നത്. നടന്‍ വിജയ് വോട്ട് രേഖപ്പെടുത്തുന്നതിന് തന്റെ സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് എത്തുകയായിരുന്നു.
നിരവധി പേരാണ് വിജയ്‌യുടെ ഈ വരവ് ഏറ്റെടുത്തത്. വോട്ട് ചെയ്ത് പുറത്തിറങ്ങിയതോടെ വിജയ്‌യെ കാണുന്നതിനും ചിത്രങ്ങള്‍ എടുക്കുന്നതിനും നിരവധിയാളുകളാണ് പോളിംഗ് സ്റ്റേഷനില്‍ ഒത്തുകൂടിയത്. ഇതോടെ ഒരു ആരാധകന്റെ സ്‌ക്കൂട്ടറിന് പുറകില്‍ കയറി വിജയ് തിരികെ പോകുകയും ചെയ്തു.
സംസ്ഥാനത്തെ ഭരണമുന്നണിയായ അണ്ണാഡി.എം.കെ – ബി.ജെ.പി മുന്നണിക്കെതിരെയും പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനുമെതിരെയുള്ള പ്രതിഷേധമായിട്ടാണ് വിജയ്‌യുടെ പോളിംഗ് ബൂത്തിലേക്കുള്ള യാത്ര വിലയിരുത്തുന്നത്.
ഇതിന് പിന്നാലെ ട്വിറ്ററില്‍ പെട്രോള്‍ ഡീസല്‍ പ്രൈസ് ഹൈക്ക് എന്ന ഹാഷ് ടാഗ് ട്രെന്റിംഗില്‍ എത്തുകയും ചെയ്തു. നിരവധി പേര്‍ വിജയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് എത്തിയപ്പോള്‍ വിജയ്‌യുടെ യാത്ര രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഷോ ഓഫ് ആണെന്നുമുള്ള തരത്തില്‍ ട്രോളുകളും വിമര്‍ശനങ്ങളും എത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് ആദ്യമായിട്ടല്ല വിജയ് തന്റെ നിലപാടുകളും പ്രതിഷേധങ്ങളും പൊതുജനത്തിന് മുന്നില്‍ വെയ്ക്കുന്നത്. തന്റെ സകല സവിശേഷ ജീവിത ആനുകൂല്യങ്ങളും ഉള്ളപ്പോഴും മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയം വിജയ് മുന്നോട്ട് വെയ്ക്കാറുണ്ട്.
#ThalapathyVijay arrives in cycle to cast his vote in #TamilNaduElections 👍#Thalapathy #Vijay @actorvijay pic.twitter.com/Y0MfcbNUSn
— Suresh Kondi (@V6_Suresh) April 6, 2021
രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ നേതൃത്വത്തിന്റെ ജനദ്രോഹ നിലപാടുകള്‍ക്ക് എതിരെ ധൈര്യ സമേതം വിജയ് ഒരോ സമയത്തും നിലകൊണ്ടിട്ടുണ്ട്. കാരവാന്‍ സൗകര്യത്തില്‍ മിണ്ടാതെയിരുന്ന്് തന്റെ പ്രിവിലേജുകളുമായി ജീവിക്കാമായിരുന്ന സമയത്താണ് വിജയ് കേന്ദ്ര സര്‍ക്കാരിനെതിരെ നേരിട്ട് പ്രതിഷേധവും വിമര്‍ശനവും തുറന്നുപറയാന്‍ ധൈര്യം കാണിക്കുന്നത്.
അതും സൂപ്പര്‍ സ്റ്റാര്‍ഡത്തിന്റെ ഏറ്റവും ഉന്നതിയില്‍ നിക്കുമ്പോഴാണ് എന്നുള്ളതും ശ്രദ്ധേയമാണ്. തന്റെ നിലപാടുകള്‍ സിനിമകള്‍ വഴി മാത്രമല്ല വിജയ് പറയാറുള്ളത്.
Always mass 🔥 #thalapathy #Election2021 #vote #Vijay @actorvijay sir 💪 pic.twitter.com/qbY9GSkaTC
— Athulyaa Ravi (@AthulyaOfficial) April 6, 2021
നോട്ട് നിരോധനം നല്ലതാണെന്ന് പലരും പറഞ്ഞപ്പോഴും ‘നോട്ട് നിരോധനം എത്ര വലിയ നടപടി ആയാലും 80 ശതമാനം വരുന്ന ജനതയെ തെരുവില്‍ നിര്‍ത്തുന്ന പരിഷ്‌കാരങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്ന്’ തുറന്ന് പറഞ്ഞിട്ടുണ്ട് അയാള്‍.
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടികര്‍ സംഘം പ്രശ്നത്തില്‍ ഇടപെടുന്നതിന് മുന്‍പ് തന്നെ ചെന്നൈ മറീന ബീച്ചില്‍ ആള്‍കൂട്ടത്തിനിടയില്‍ മുഖം മറച്ച് അവരില്‍ ഒരാളായി വിജയ് നിന്നിരുന്നു.
തന്റെ സിനിമയായ മെര്‍സലില്‍ ബി.ജെ.പി സര്‍ക്കാരുകളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് താരത്തിനും സിനിമക്കും നേരിടേണ്ടി വന്നത്. വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രി വേണം എന്നുള്ള ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാറിന്റെ വിമര്‍ശനം. വിജയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് അവര്‍ കണ്ടെത്തിയ ന്യായം.
എന്നാല്‍ ഈ പ്രചരണത്തെ വിജയ് പ്രതിരോധിച്ചത് ജോസഫ് വിജയ് എന്ന തന്റെ പേരില്‍ നിന്ന് കൊണ്ട് തന്നെയായിരുന്നു. ജീസസ് രക്ഷിക്കട്ടെ എന്ന് ലെറ്റര്‍ പാഡില്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന തന്റെ മുഴുവന്‍ പേര് വിജയ് എഴുതി അതിലെന്താണ് തെറ്റെന്ന് ചോദിച്ചു.
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഗ്രൂപ്പിനെതിരായി നടന്ന ജനങ്ങളുടെ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട ആളുകളുടെ വീട്ടില്‍ അദ്ദേഹമെത്തി. രജനികാന്ത് അടക്കമുള്ളവര്‍ സമരം ചെയ്തവര്‍ക്ക് എതിരെ നിന്നപ്പോള്‍ അവര്‍ക്ക് പിന്തുണ വിജയ് നല്‍കിയിട്ടുണ്ട്. ഒരു മാധ്യമങ്ങളെയും അറിയിക്കാതെ വെടിവെപ്പിനിടെ കൊല്ലപ്പെട്ട 13 കുടുംബാംഗങ്ങളുടെ വീട്ടിലും വിജയ് സന്ദര്‍ശനം നടത്തിയിരുന്നു. ആരാധകര്‍ കൂടുമെന്നതിനാല്‍ വളരെ രഹസ്യമായിട്ടായിരുന്നു വിജയ് ഈ കുടുംബങ്ങളെ കാണാനെത്തിയത്.
ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു. പ്രദേശവാസികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് വിജയുടെ സന്ദര്‍ശനത്തെപ്പറ്റി മാധ്യമങ്ങള്‍ അറിഞ്ഞത്.
ഒടുവില്‍ ഇതിന്റെയെല്ലാം പരിണിത ഫലമായി വിജയ്‌യുടെ വീട്ടില്‍ 30 മണിക്കൂര്‍ നീണ്ട് നിന്ന് ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നു. എന്നാല്‍ ഈ പരിശോധനയില്‍ അനധികൃതമായി ഒരു രൂപ പോലും വിജയ്യുടെ പക്കല് നിന്ന് ആദായ നികുതി വകുപ്പിന് പിടികൂടാനായില്ല.
തമിഴ്നാട്ടിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളായ അണ്ണാ ഡി.എം.കെയോ ഡി.എം.കെയോ വിഷയത്തില്‍ കാര്യമായ പ്രതികരണം പോലും നടത്തിയിരുന്നില്ല.
ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 10 ന് ഡി.എം.കെയുടെ എം.പിയായ ദയനിധി മാരനാണ് പാര്‍ലമെന്റില്‍ വിജയുമായി ബന്ധപ്പെട്ട വിവാദം ഉന്നയിക്കുന്നത്.
ഇത് ആദ്യമായിട്ടല്ല വിജയ് ഇത്തരത്തില്‍ രാഷ്ട്രീയക്കാരുടെ അനിഷ്ടത്തിന് ഇരയാവുന്നത്. 2010 ന് ശേഷമാണ് വിജയ് നിരന്തരം രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാവുന്നത്. നിലപാടുകള്‍ കൊണ്ട് മാത്രമായിരുന്നില്ല അത്.
നിരവധി ഘട്ടങ്ങളില്‍ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാം എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 90 കളില്‍ രജനികാന്തിന് തമിഴ്നാട്ടില്‍ ഉണ്ടായിരുന്ന സ്വാധീനത്തിന് സമമാണ് വിജയ്ക്ക് ഇന്ന് തമിഴ്നാട്ടില്‍ ഉള്ളത്. രാഷ്ട്രീയപരമായി ആദ്യം വിജയെ നേരിടാന്‍ ശ്രമിച്ചത് അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ജയലളിത സര്‍ക്കാര്‍ ആയിരുന്നു.
‘തലൈവ’ time to lead… എന്ന പേരില്‍ വന്ന ചിത്രത്തോടെ തമിഴ് സിനിമാ ചരിത്രത്തില്‍ എക്കാലത്തെയും പോലെ വിജയുടെ ലക്ഷ്യവും രാഷ്ട്രീയമായിരിക്കുമോയെന്ന്് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭയന്നത്.ചിത്രത്തിന് തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത വിലക്കുകള്‍ വന്നു. കേരളത്തില്‍ റിലീസ് ചെയ്ത് നാല് ദിവസത്തിലധികം കഴിഞ്ഞ ശേഷമായിരുന്നു തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തത്.
തൊട്ട് അടുത്തുവന്ന കത്തിയിലെ സംഭാഷണങ്ങള്‍ ഡി.എം.കെയെ ചൊടിപ്പിച്ചു. 2 G സ്പെക്ട്രം അഴിമതിയടക്കമുള്ള കാര്യങ്ങള്‍ വിജയ് സിനിമയിലൂടെ ഉന്നയിച്ചതായിരുന്നു പ്രശ്നം.
പിന്നീട് 2015 ല്‍ പുറത്തിറങ്ങിയ പുലി ബോക്‌സോഫിസില്‍ തകര്‍ന്നടിഞ്ഞു. പക്ഷേ അന്നായിരുന്നു ആദ്യമായി ആദായ നികുതി വകുപ്പിന്റെ പരിശോധന വിജയ്യുടെ വീട്ടില്‍ നടന്നത്. എന്നാല്‍ ഇതില്‍ വിജയ്ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചു.
വിജയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും അതിനാലാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നുമാണ് പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും വിജയ് വിരോധികളും പ്രധാനമായും പറയുന്നത്. എന്നാല്‍ അയാള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെങ്കില്‍ ആ രാഷ്ട്രീയം ശരിയോ തെറ്റൊ എന്നാണ് പരിശോധിക്കേണ്ടത്.
വിജയ് എന്ന താരത്തിനും അപ്പുറത്ത് വിജയ് എന്ന മനുഷ്യന്‍ മുന്നോട്ട് വയ്ക്കുന്നത് മനുഷ്യ പക്ഷത്തിന്റെ രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെയാണ് വെള്ളിത്തിരയിലെ മറ്റു താരങ്ങള്‍ പറയാനും ചെയ്യാനും മടിക്കുന്ന കാര്യങ്ങള്‍ അയാള്‍ മുന്നോട്ട് വന്ന് ചെയ്യുകയും പറയുകയും ചെയ്യുന്നത്.
ആദായ നികുതി റെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടും അയാള്‍ ധൈര്യത്തോടെ നിലവിലെ തമിഴ്നാട്ടിലെയും കേന്ദ്രത്തിലെയും ഭരണമുന്നണിക്കെതിരെ ഇത്തരത്തില്‍ എങ്കിലും പ്രതിഷേധിക്കുന്നത് വലിയ പ്രതീക്ഷയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Vijay’s politics is not just about cycling against petrol price hikes TN Election Special