എടുത്തുചാടി റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു, ഒരു സിനിമ കൂടെ നിങ്ങളുടെ കൂടെ ചെയ്യാന്‍ തോന്നുന്നു: ഗോട്ട് കണ്ട വിജയ്‌യുടെ വാക്കുകള്‍ വൈറല്‍
Film News
എടുത്തുചാടി റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു, ഒരു സിനിമ കൂടെ നിങ്ങളുടെ കൂടെ ചെയ്യാന്‍ തോന്നുന്നു: ഗോട്ട് കണ്ട വിജയ്‌യുടെ വാക്കുകള്‍ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th August 2024, 7:43 pm

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട് പ്രഭവുവും വിജയ്‌യും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഗോട്ടിന്റെ അനൗണ്‍സ്‌മെന്റ് ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററും ഗ്ലിംപ്‌സും പ്രതീക്ഷ ഇരട്ടിപ്പിക്കുന്നതായിരുന്നു.

എന്നാല്‍ ചിത്രത്തിലെ ഗാനങ്ങള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. വിജയ് പാടിയ ആദ്യ ഗാനത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചപ്പോള്‍ മൂന്നാമത്തെ പാട്ടിന് മുഴുവന്‍ നെഗറ്റീവ് കമന്റുകളാണ് ലഭിച്ചത്. യുവന്‍ ശങ്കര്‍ രാജ പാടിയ പാട്ടിലെ വിജയ്‌യുടെ ഗെറ്റപ്പിനെതിരെ വലിയ രീതിയിലാണ് ട്രോളുകളാണ് ലഭിക്കുന്നത്. ഭവതരിണിയും വിജയ്‌യും ചേര്‍ന്ന് ആലപിച്ച ‘ചിന്ന ചിന്ന കണ്‍കള്‍’ എന്ന പാട്ട് മാത്രമാണ് കൊള്ളാവുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഇതുവരെ പൂര്‍ത്തിയായ ഭാഗം കണ്ട് വിജയ് പറഞ്ഞ അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. എടുത്തുചാടി സിനിമയില്‍ നിന്ന് റിട്ടയര്‍മെന്‍ര് പ്രഖ്യാപിച്ചെന്നും വെങ്കട് പ്രഭുവുമായി ഒരു സിനിമ കൂടി ചെയ്യാനാഗ്രഹിക്കുന്നുവെന്ന് വിജയ് അഭിപ്രായപ്പെട്ടു എന്ന് വെങ്കട് പ്രഭുവിന്റെ അസിസ്റ്റന്റ് അഭിഷേക് രാജ പറഞ്ഞു.

ഇതുവരെ പൂര്‍ത്തിയായ ഭാഗം ഗംഭീരമായിട്ടുണ്ടെന്ന് വിജയ് പറഞ്ഞെന്നും അഭിഷേക് രാജ പറഞ്ഞു. 250 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം, ഇന്‍ഫിനിറ്റി വാര്‍, വേള്‍ഡ് വാര്‍ എസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് വി.എഫ്.എക്‌സ് ചെയ്ത ലോല വി.എഫ്. എക്‌സാണ് ഗോട്ടിന്റെ വി.എഫ്.എക്‌സ് ചെയ്യുന്നത്. ഡീ ഏജ് ചെയ്ത വിജയ്‌യുടെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

വിജയ്ക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ, മീനാക്ഷി ചൗധരി, അജ്മല്‍ അമീര്‍, വൈ.ജി മഹേന്ദ്ര തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതവും സിദ്ധാര്‍ത്ഥ നുനി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എ.ജി.എസ് എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ കല്‍പ്പാത്തി എസ് അഘോറാം, അര്‍ച്ചന കല്‍പ്പാത്തി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Vijay’s opinion about Greatest of All Time is viral on social media