നീണ്ട കാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വിജയ് ഔദ്യോഗികമായി തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത് തമിഴ് സിനിമ ഇൻഡസ്ട്രിയിൽ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താരം മുമ്പ് പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
താനൊരു നടനാകാനാണ് ആഗ്രഹിച്ചതെന്നും ഇത്രയും വലിയ പൊസിഷനിൽ എത്തുമെന്ന് കരുതിയില്ലെന്നുമാണ് വിജയ് അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ കാലം തന്നെ അവിടെ കൊണ്ട് എത്തിച്ചെന്നും അതുപോലെ രാഷ്ട്രീയത്തിലും എത്തുമെന്ന് വിജയ് കൂട്ടിച്ചേർത്തു.
‘ഞാനൊരു നടനാകണമെന്നാണ് ആഗ്രഹിച്ചത്. ഇത്രയും വലിയൊരു പൊസിഷനിൽ ജനങ്ങൾ എന്നെക്കൊണ്ട് നിർത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കാലം എന്നെ അവിടെ കൊണ്ടുപോയി നിർത്തിയതാണ്. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അതിനൊരു പവർ എന്തായാലും വേണം. എനിക്കതിന് ഇപ്പോൾ സമയമില്ല. സമയമില്ല എന്ന് പറഞ്ഞാൽ അതിന് പറ്റിയ സമയം ഇതല്ല എന്നാണ്. അതേ കാലം എന്നെ അതുപോലെ കൊണ്ടുപോയി നിർത്തും. അപ്പോൾ ഞാൻ വരും,’ വിജയ് പറഞ്ഞു.
താൻ കമ്മിറ്റി ചെയ്ത ചിത്രങ്ങൾക്ക് ശേഷം അഭിനയ ജീവിതം നിർത്തുമെന്നാണ് താരം അറിയിച്ചിട്ടുള്ളത്. അതേസമയം തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. സിനിമയില്‍ നിന്ന് വിട്ടുനിന്ന് പൂര്‍ണമായും രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കിറങ്ങുമെന്നാണ് പ്രഖ്യാപനം. ഒരു സുപ്രഭാതം കൊണ്ട് എടുത്ത തീരുമാനമല്ല വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനം. തന്റെ സിനിമകളിലൂടെയും ഓഡിയോ ലോഞ്ചിലെ പ്രസംഗങ്ങളിലൂടെയും പലകുറി വിജയ് തന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
ഒരിക്കലും ഒരു പാര്‍ട്ടിയോടും വിധേയത്വം പ്രകടിപ്പിക്കാത്ത നടനായിരുന്നു വിജയ്. കരിയറില്‍ ആദ്യമായി ഒരു രാഷ്ട്രീയ വിവാദത്തില്‍ വിജയ് പെടുന്നത് 2013ലാണ്. എ.എല്‍ വിജയ് സംവിധാനം ചെയ്ത തലൈവ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ വിവാദം.
ചിത്രത്തിന്റെ ടാഗ്‌ലൈനായ ടൈം ടു ലീഡ് എന്ന വാക്ക് അന്നത്തെ മുഖ്യമന്ത്രിയായ ജയലളിതയെ ചൊടിപ്പിച്ചിരുന്നു. ആ ടാഗ്‌ലൈന്‍ മാറ്റാതെ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് അന്നത്തെ സര്‍ക്കാര്‍ അറിയിച്ചു. ഒടുവില്‍ തമിഴ്‌നാടിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ റിലീസായി ഒരാഴ്ചക്ക് ശേഷമാണ് തമിഴ്‌നാട്ടില്‍ റിലീസായത്.
Content Highlight: Vijay’s old interview viral on social media