ഗുജറാത്ത് കലാപത്തില്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ചതിന്റെ പേരില്‍ എമ്പുരാന്‍ എന്ന ചിത്രത്തിനെതിരെ തീവ്രവലതുപക്ഷവാദികളുടെ വ്യാപക സൈബര്‍ ആക്രമണമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കാണാന്‍ സാധിക്കുന്നത്. ബാബാ ബജ്‌രംഗി എന്ന വില്ലന്‍ കഥാപാത്രം സംഘപരിവാറിനെ ചൊടിപ്പിക്കുകയായിരുന്നു.
ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെ തരംതാണ സൈബര്‍ ആക്രമണമാണ് കാണാന്‍ സാധിച്ചത്. ഒടുവില്‍ ഖേദം പ്രകടപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തികയും താരത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. ചിത്രത്തിലെ വിവാദമായ രംഗങ്ങള്‍ നീക്കം ചെയ്യാനും അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ നിലപാടുകള്‍ ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി സംഘപരിവാറിനെതിരെ വ്യാപക വിമര്‍ശനം നടത്തുന്ന താരമാണ് വിജയ്. 2017ല്‍ പുറത്തിറങ്ങിയ മെര്‍സല്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് സംഘപരിവാറിനെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ ഖേദപ്രകടനത്തിന് പിന്നാലെ മെര്‍സലിനെക്കുറിച്ചും വിജയ്‌യെക്കുറിച്ചും ഒരുപാട് പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
ചിത്രത്തില്‍ ആശുപത്രികളില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്കെതിരെയും പ്രൈവറ്റ് ആശുപത്രിയുടെ കൊള്ളകള്‍ക്കെതിരെയും നായകന്‍ നടത്തുന്ന പോരാട്ടമാണ് കാണിക്കുന്നത്. എന്നാല്‍ ഗവണ്മെന്റിന്റെ പിടിപ്പുകേടുകളും ചിത്രത്തില്‍ നായകന്‍ വിവരിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ മരണപ്പെട്ട കുട്ടികളെപ്പറ്റി മെന്‍ഷന്‍ ചെയ്യുന്ന രംഗമുണ്ടായിരുന്നു.
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വിലകൂട്ടുന്നതും മദ്യത്തെക്കാള്‍ കൂടുതല്‍ ജി.എസ്.ടി മരുന്നുകള്‍ക്ക് മേല്‍ ചുമത്തുന്നതിനെപ്പറ്റിയും വിജയ് മെര്‍സലില്‍ സൂചിപ്പിച്ചിരുന്നു. ഇതിലെല്ലാത്തിലുമുപരി അമ്പലങ്ങളെക്കാള്‍ ആശുപത്രികളാണ് ഈ നാട്ടില്‍ ആവശ്യമെന്നും വിജയ്‌യുടെ കഥാപാത്രം പറയുന്നുണ്ട്. ഇതെല്ലാം സംഘപരിവാറിനെ വലിയ രീതിയില്‍ ചൊടിപ്പിച്ചിരുന്നു.
അതുവരെ വിജയ് എന്ന് അറിയപ്പെട്ടിരുന്ന താരത്തിന്റെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നും ക്രിസ്ത്യന്‍ തീവ്രവാദിയാണെന്നും ചിലര്‍ ആരോപിച്ചു. വിജയ്‌ക്കെതിരെ വ്യാപക പ്രതിഷേധം നടക്കുകയും ചെയ്തു. ജി.എസ്.ടിയെപ്പറ്റി പറയുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അണിയറപ്രവര്‍ത്തകര്‍ അതിന് മുതിര്‍ന്നില്ല.
അത്രയും വിവാദം നടക്കുന്ന സമയത്തും അതില്‍ ഖേദം പ്രകടിപ്പിക്കാതെ മെര്‍സലിലെ മീശ പിരിക്കുന്ന രംഗം തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറാക്കിയാണ് വിജയ് പ്രതികരിച്ചത്. എന്നാല്‍ പിന്നീടും സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായി വിജയ് മാറുകയായിരുന്നു. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ താരത്തിനെ ഇന്‍കം ടാക്‌സ് ചോദ്യം ചെയ്തതും തുടര്‍ന്ന് നെയ്‌വേലിയില്‍ നിന്നെടുത്ത ഐക്കോണിക് സെല്‍ഫിയും താരത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു.
സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായും പ്രവേശിക്കാന്‍ പോകുന്ന വിജയ്‌യുടെ പ്രധാന എതിരാളികള്‍ സംഘപരിവാര്‍ തന്നെയാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ബി.ജെ.പിയെ കടന്നാക്രമിക്കുന്ന വിജയ് രാഷ്ട്രീയത്തില്‍ എത്രത്തോളം വിജയിക്കുമെന്നാണ് പലരും നോക്കിക്കാണുന്നത്. എന്നാലും ഒരിടത്ത് പോലും തന്റെ രാഷ്ട്രീയ പ്രസ്താവനകളുടെ പേരില്‍ ഒരിക്കല്‍ പോലും വിജയ് ഖേദം പ്രകടിപ്പിച്ചിട്ടില്ല എന്നതാണ് അയാളെ വ്യത്യസ്തനാക്കുന്നത്.
Content Highlight: Vijay’s Mersal movie discussing during Empurran controversy