| Sunday, 5th November 2023, 11:25 pm

കുറിക്ക് കൊള്ളുന്ന കുട്ടിക്കഥകള്‍

അമൃത ടി. സുരേഷ്

ലിയോ സക്സസ് സെലിബ്രേഷന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത് വിജയ്‌യുടെ പ്രസംഗമാണ്. അധികം അഭിമുഖങ്ങളില്‍ പങ്കെടുക്കാത്ത വിജയ് ആരാധകരോട് സംവദിക്കുന്ന ഏകവേദിയാണ് ഓഡിയോ ലോഞ്ചുകള്‍. മിക്കവാറും ആ സമയത്ത് തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്ന വിവാദങ്ങള്‍ക്ക് പ്രത്യക്ഷത്തിലും പരോക്ഷമായും താരം മറുപടിയും നല്‍കാറുണ്ട്, മിക്കവാറും കുട്ടിക്കഥകളിലൂടെ.

മുമ്പ് ഭരണ കക്ഷികളോടായിരുന്നു മറുപടിയെങ്കില്‍ ഇത്തവണ അത് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനോടാണ്. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തുമെന്നും എന്നാല്‍ പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കുമെന്നും ആ ഉയരത്തില്‍ ഒരിക്കലും കാക്കക്ക് എത്താനാവില്ലെന്നുമാണ് ജയിലര്‍ ഓഡിയോ ലോഞ്ചില്‍ രജിനി പറഞ്ഞത്. പരുന്ത് രജിനിയാണെന്നും കാക്ക വിജയ് ആണെന്നുമുള്ള വ്യാഖ്യാനങ്ങള്‍ പിന്നാലെ വന്നു.

ലിയോ സക്സസ് മീറ്റില്‍ വിജയ്‌യും കാക്ക പരുന്ത് പരാമര്‍ശം നടത്തി. ‘ഒരു കാട്ടില്‍ രണ്ട് പേര്‍ വേട്ടയാടാന്‍ പോകുകയാണ്. കാടെന്ന് പറഞ്ഞാല്‍ മുയല്‍, പുലി, മാന്‍, ആന, മയില്‍, കാക്ക, പരുന്ത് എന്നിങ്ങനെ എല്ലാ ജീവജാലങ്ങളും കാണും. കാക്ക-പരുന്ത് എന്ന് വിജയ് പറഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലായി.

വിജയ് കഥ തുടര്‍ന്നു. വേട്ടയ്ക്ക് പോകുന്ന രണ്ട് പേരില്‍ ഒരാള്‍ വില്ലും അമ്പും മറ്റൊരാള്‍ വേലും ആയാണ് പോകുന്നത്. അമ്പും വില്ലുമായി പോയ ആള്‍ മുയലിനെ ആണ് ലക്ഷ്യം വച്ചത്. വേല്‍ എടുത്ത ആള്‍ ആനയ്ക്കും കുറിവയ്ക്കുന്നു. എന്നാല്‍ ആനയ്ക്ക് നേരെയുള്ള പ്രകടനങ്ങള്‍ മിസ് ആയി പെയ്ക്കോണ്ടേയിരിക്കുന്നു. ശേഷം രണ്ട് പേരും നാട്ടിലേക്ക് തിരിച്ചു. ഇതില്‍ ഒരാള്‍ വെറും കയ്യോടെയും മറ്റൊരാള്‍ മുയലുമായാണ് മടങ്ങുന്നത്. ഇതില്‍ ആരാണ് വിജയിച്ചത്. തീര്‍ച്ചയായും വെറും കയ്യോടെ മടങ്ങിയ ആളാണ്. കാരണം, നമ്മളെ കൊണ്ട് ഈസിയായി വിജയിക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് നേടുക എന്നത് വിജയമല്ല. പക്ഷേ എന്ത് കാര്യമാണോ നമുക്ക് ജയിക്കാന്‍ സാധിക്കില്ലെന്ന് കരുതുന്നത് അതില്‍ വിജയം കൈവരിക്കുന്നതാണ് വിജയം.

ഇതിനൊപ്പം തന്നെ മറ്റൊന്ന് കൂടി വിജയ് പറഞ്ഞു. ‘പുരൈട്ചി തലൈവര്‍ ഒന്നെയുള്ളൂ, നടികര്‍ തിലകം ഒന്നെയുള്ളൂ, പുരൈട്ചി കലൈഞ്ജര്‍ ഒരാളെ ഉള്ളൂ. ഉലക നായകന്‍ എന്നാല്‍ ഒരാളെ ഉള്ളൂ. സൂപ്പര്‍ സ്റ്റാര്‍ എന്നതും ഒരാളെ ഉള്ളൂ. അതുപോലെ തലയും ഒരാളെ ഉള്ളൂ. അത് പോലെ തന്നെ ദളപതിയും ഒന്നേയുള്ളു. ദളപതി എന്നാല്‍ രാജാവിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പടനായകനാണ്. രാജാവ് ഉത്തരവിടുന്നത് ദളപതി നടപ്പിലാക്കും. എനിക്ക് ജനങ്ങളാണ് രാജാക്കന്മാര്‍. അവര്‍ പറയുന്നത് ഞാന്‍ നടപ്പിലാക്കും. ഞാന്‍ അവരുടെ ദളപതി’ എന്നാണ് വിജയ് പറഞ്ഞത്. വിജയ്‌യുടേത് പക്വമായ മറുപടി എന്ന നിലയില്‍ വാഴ്ത്തപ്പെട്ടു.

മുമ്പ് വിജയ് നല്‍കിയ മറുപടികള്‍ വെച്ച് നോക്കിയാല്‍ ഇത് ലൈറ്റായ ഒന്നാണെന്ന് പറയാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിജയ് ചിത്രങ്ങളെ എങ്ങനെ ബുദ്ധിമുട്ടിച്ചെന്നും അതിന് അദ്ദേഹം എന്തൊക്കെ മറുപടി നല്‍കിയെന്നും നാം കണ്ടിട്ടുള്ളതാണ്. അതില്‍ ഒരു പടി കയറി പോയത് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ സമയത്ത് നല്‍കിയ മറുപടിയാണ്.

ഷൂട്ടിനിടക്ക് ലൊക്കേഷനിലും വിജയ്‌യുടെ വീട്ടിലും ഇന്‍കം ടാക്സിന്റെ പരിശോധന നടന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. വിജയ്‌യെ കസ്റ്റഡിയില്‍ എടുത്തു എന്ന് വാര്‍ത്ത വന്നതോടെ ഷൂട്ടിങ് നടക്കുന്ന നെയ്‌വേലിയിലേക്ക് വന്‍ജനാവലി ഇരച്ചുകയറി. ബാരികേഡിനിപ്പുറത്തുള്ള ബസില്‍ കയറി നിന്ന് ജനാവലിക്കൊപ്പം വിജയ് എടുത്ത ഫോട്ടോ ആ വര്‍ഷം ഏറ്റവുമധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ട ചിത്രമായി.

പിന്നാലെ 2020 മെയ്യില്‍ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് നടന്നു. കുട്ടിക്കഥയിലൂടെ വിജയ്‌യുടെ മറുപടിയും വന്നു. ജീവിതം ഒരു നദി പോലെയാണ്. ചിലര്‍ വിളക്കുകള്‍ നദിയിലൊഴുക്കി വണങ്ങും. ചിലര്‍ പൂക്കള്‍ വിതറി നദിയെ വരവേല്‍ക്കും. സില പേര്‍, നമ്മളെ പുടിക്കാതെ സില പേര്‍ നദിയില്‍ കല്ലെറിയും. നദി അതിന്റെ പാട്ടിന് പോവും. കില്‍ ദെം വിത്ത് യുവര്‍ സക്സസ്, ബറി ദെം വിത്ത് യുവര്‍ സ്മൈല്‍. മൂര്‍ച്ചയേറിയ വാള്‍ പോലെ വിജയ്‌യുടെ വാക്കുകള്‍.

2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച് 2023 ജൂണില്‍ വിജയ് നടത്തിയ പ്രസംഗവും ഇവിടെ ഓര്‍ക്കപ്പെടേണ്ടതുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നത്തിനായി ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ കയ്യില്‍ കാടിരുന്നാല്‍ അതെടുക്കും, പണമിരുന്നാല്‍ പിടിച്ചുപറിക്കും, എന്നാല്‍ വിദ്യാഭ്യാസമുണ്ടെങ്കില്‍ അത് എടുക്കാനാവില്ല എന്ന ധനുഷ് ചിത്രം അസുരനിലെ ഡയലോഗില്‍ തുടങ്ങിയ പ്രസംഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റും ശരിയും തിരിച്ചറിയണമെങ്കില്‍ പാഠപുസ്തകങ്ങള്‍ക്കും അപ്പുറത്തുള്ളത് പഠിക്കണമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

അംബേദ്കറിനെയും കാമരാജിനെയും അറിയുക എന്ന് പറഞ്ഞ വിജയ് കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ തന്നെ കുത്തുന്നതുപോലെയെന്നും പറഞ്ഞു. വിദ്യാര്‍ത്ഥികളോട് നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് വിജയ് തെരഞ്ഞെടുപ്പിലെ മോശം പ്രവണതകള്‍ ചൂണ്ടിക്കാട്ടിയത്.

ഒരു വോട്ടിന് 1000 രൂപ വെച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണെന്നും അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കണമെന്നും വിജയ് പറഞ്ഞിരുന്നു. 234 നിയമസഭാ മണ്ഡലങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയിലാണ് വിജയ്‌യുടെ പരാമര്‍ശങ്ങളെന്ന് ഓര്‍ക്കണം.

പലപ്പോഴും തെരഞ്ഞെടുപ്പിനെയും ഭരണത്തേയും നേതാവിനേയുമൊക്കെ പറ്റി തന്റെ കുട്ടിക്കഥകളില്‍ പറയുന്ന വിജയ് വൈകാതെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കരുതുന്നവരും കുറവല്ല.

2018 ഒക്ടോബറില്‍ നടന്ന സര്‍ക്കാര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വെച്ച് സിനിമയില്‍ മുഖ്യമന്ത്രിയായല്ല അഭിനയിക്കുന്നതെന്ന് പറഞ്ഞ വിജയ് യഥാര്‍ത്ഥ ജീവിതത്തില്‍ മുഖ്യമന്ത്രിയായാല്‍ അവിടെ അഭിനയിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഓഡിയോ ലോഞ്ചില്‍ വെച്ച് വിജയ് പറഞ്ഞ കുട്ടിക്കഥ ഇങ്ങനെ, ഒരിക്കല്‍ ഒരു രാജാവ് യാത്രക്കിടയില്‍ ഭക്ഷണത്തിനായി ഉപ്പ് വാങ്ങാന്‍ ശിപായിയെ അയച്ചു. കടയില്‍ നിന്നും എടുത്തുകൊണ്ട് വരാമെന്ന് പറഞ്ഞ ശിപായിയോട് എടുക്കരുത് കാശ് കൊടുത്ത് വാങ്ങണമെന്ന് രാജാവ് പറഞ്ഞു. കുറച്ച് ഉപ്പിന്റെ കാര്യമല്ലേ എന്ന് ചോദിച്ച ശിപായിയോട് കുറച്ച് ഉപ്പാണ്, പക്ഷേ രാജാവായ ഞാന്‍ കാശ് കൊടുക്കാതെ ഉപ്പെടുത്താല്‍ പിന്നാലെ പരിവാരങ്ങള്‍ ഈ നാട് തന്നെ കൊള്ളയടിക്കും. അങ്ങനെയാവണം രാജാവ്. തലവന്‍ നല്ലവനായാല്‍ ആ പാര്‍ട്ടിയും നന്നാവുമെന്ന് പറഞ്ഞാണ് വിജയ് കുട്ടികഥ അവസാനിപ്പിച്ചത്.

2017 കൊടും വരള്‍ച്ചയെ തുടര്‍ന്ന് തങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്നാട്ടിലെ കര്‍ഷകര്‍ സമരം നടത്തിയപ്പോള്‍ ബിഹൈന്‍ഡ്‌വുഡ്‌സ് അവാര്‍ഡ് വേദിയിലും വിജയ്‌യുടെ ശബ്ദം ഉയര്‍ന്നു. സമരം ചെയ്യുന്ന കര്‍ഷകരെ ഓര്‍ത്ത് തനിക്ക് വേദനയുണ്ടെന്നും ഇന്ത്യ സൂപ്പര്‍ പവറാകുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ ആദ്യം കര്‍ഷകരുടെ പ്രശ്നങ്ങള്‍ ആദ്യം പരിഹരിക്കണമെന്നും വിജയ് പറഞ്ഞു.

എം.ജി.ആറും ജയലളിതയും കരുണാനിധിയും കമല്‍ ഹാസനും വിജയകാന്തും മുതല്‍ ഇങ്ങ് ഉദയനിധി സ്റ്റാലിന്‍ വരെയുള്ള സിനിമാ താരങ്ങള്‍ പയറ്റിതെളിഞ്ഞും പരാജയപ്പെട്ടും കിടക്കുന്ന തമിഴ് മണ്ണ് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമേറിയ പാഠമാണ്. അവിടേക്ക് തന്റെ കുട്ടിക്കഥകളുമായി ചില ഇടവേളകളില്‍ ചര്‍ച്ചയാവുന്ന വിജയ് ഇനി സ്ഥിരമായി ചര്‍ച്ചയിലേക്ക് വരുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

Content Highlight: Vijay’s kutty stories in audio launches

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more