ബാലാകോട്ട് ആക്രമണത്തിനു തെളിവ് ചോദിക്കുന്നവര്‍ ദേശദ്രോഹികളും പാക് അനുകൂലികളും; പുല്‍വാമയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണെങ്കില്‍ക്കൂടി അതില്‍ മാറ്റമില്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി
national news
ബാലാകോട്ട് ആക്രമണത്തിനു തെളിവ് ചോദിക്കുന്നവര്‍ ദേശദ്രോഹികളും പാക് അനുകൂലികളും; പുല്‍വാമയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണെങ്കില്‍ക്കൂടി അതില്‍ മാറ്റമില്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2019, 10:52 pm

ഗാന്ധിനഗര്‍: പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിനു തെളിവ് ചോദിക്കുന്നവര്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണെങ്കില്‍പ്പോലും ദേശദ്രോഹികളും പാകിസ്താന്‍ അനുകൂലികളുമാണെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗാന്ധിനഗറില്‍ ബി.ജെ.പി ആസ്ഥാനത്തു വെച്ചു മാധ്യമപ്രവര്‍ത്തകരെ കാണവെയായിരുന്നു രൂപാണിയുടെ പ്രസ്താവന.

‘ഞാന്‍ ഒരിക്കല്‍ക്കൂടി പറയുകയാണ് ഈ തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണ്. എന്തുകൊണ്ട്? കാരണം പാകിസ്താനും കോണ്‍ഗ്രസും വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുന്നു. ഇരുവരും സംസാരിക്കുന്നത് ഒരേ ഭാഷയിലാണ്. നമ്മുടെ സൈന്യത്തിന്റെ പ്രവൃത്തികളില്‍ സംശയം തോന്നുന്നവര്‍ ഇന്ത്യയെ നാണംകെടുത്താനുള്ള പാകിസ്താന്റെ ലക്ഷ്യത്തെ സഹായിക്കുകയാണ്.’- അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്കു മറുപടി നല്‍കാന്‍ സുരക്ഷാ സൈനികര്‍ക്കു കേന്ദ്രസര്‍ക്കാര്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും രൂപാണി പറഞ്ഞു. ഭീകരവാദത്തിനെതിരായ നീക്കത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലുള്ള നീക്കുപോക്കിനും തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുമെന്നും രാമക്ഷേത്രം നിര്‍മിക്കുമെന്നും പ്രകടനപത്രികയെക്കുറിച്ചു ചോദിക്കവേ അദ്ദേഹം പറഞ്ഞു.