അഹമ്മദാബാദ്: “വെജിറ്റേറിയന്‍ ഗുജറാത്താ”ണ് ലക്ഷ്യമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്ന നിയമഭേദഗതിയെ കുറിച്ച് വിശദീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
താന്‍ ഒരു ഭക്ഷണത്തിനും എതിരല്ല. ഗാന്ധിജിയുടെ തത്വങ്ങളായ സത്യം, അഹിംസ എന്നിവ പാലിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഇത് മഹാത്മാഗാന്ധിയുടേയും, വല്ലഭായി പട്ടേലിന്റേയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഗുജറാത്താണ് ഇതെന്നും രൂപാണി പറഞ്ഞു.
പശുവിനെ കൊന്നതിന് ദളിതരായ ഏഴ് പേരെ ഗോ സംരക്ഷര്‍ എന്ന് സ്വയം വിളിക്കുന്നവര്‍ മര്‍ദ്ദിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ പുതിയ നിയമം വരുന്നത്. സഭയില്‍ ബഹളമുണ്ടാക്കിയ കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്ത ശേഷമാണ് നിയമം പാസാക്കിയത്.
ഒരു മാസം മുന്‍പ് ബില്‍ ആദ്യം അവതരിപ്പിക്കുമ്പോള്‍ പശുക്കളെ കൊല്ലുന്നവര്‍ക്ക് 10 വര്‍ഷം ശിക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഭരണകക്ഷിയായ ബി.ജെ.പി പിന്നീട് ഇത് ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു.