നമ്മള്‍ ഫലസ്തീനിലാണ്, ഹബീബി, ഫലസ്തീന്‍ സ്വര്‍ഗ്ഗമാണ്
Palastine
നമ്മള്‍ ഫലസ്തീനിലാണ്, ഹബീബി, ഫലസ്തീന്‍ സ്വര്‍ഗ്ഗമാണ്
വിജയ് പ്രഷാദ്
Friday, 17th July 2020, 6:33 pm

ഫലസ്തിനിയന്‍ ജനതയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് നിശബ്ദമായിരിക്കുക അസാധ്യമാണ്. 1948 മുതല്‍ സ്വന്തം രാജ്യവും നിലനില്‍ക്കുവാനുള്ള അവകാശവും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരാണ് അവര്‍. അവരുടെ നാടുകടത്തപ്പെട്ട അവസ്ഥ നിര്‍ബന്ധമായും അവസാനിക്കണമെന്നും ആത്മാഭിമാനത്തിന് മുറിവേല്‍ക്കാത്ത ജീവിതം കെട്ടിപ്പടുക്കാന്‍ അവരെ അനുവദിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പ്രസ്താവിച്ചിട്ടുണ്ട്.

1948-ലെ യുഎന്‍ പ്രമേയം 194-നും 1968ലെ യുഎന്‍ പ്രമേയം 244-നും ഇടയില്‍ ജന്മനാടിനും ജന്മനാട്ടിലേയ്ക്ക് മടങ്ങുവാനുമുള്ള ഫലസ്തീനികളുടെ അവകാശത്തിനു വേണ്ടി ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രമേയങ്ങളുടെ നിര തന്നെയുണ്ടായി.

ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള (വെസ്റ്റ് ബാങ്ക്) എല്ലാ പലസ്തീനികളെയും ആ പ്രദേശത്തുനിന്നും നീക്കം ചെയ്യുകയാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന് 1967-ല്‍ വെസ്റ്റ് ബാങ്കിനു മേലെ ഇസ്രായേല്‍ നടത്തിയ അധിനിവേശത്തിനിടെ പ്രതിരോധ മന്ത്രി മോഷെ ദയാന്‍ ലെഫ്റ്റനന്റ് ജനറല്‍ യിറ്റ്‌സാക് റാബിനോട് പറയുന്നുണ്ട്.

ജോര്‍ദാന്‍ നദി

ജോര്‍ദാന്റെ അധീനതയില്‍ നിന്നും ആ ഭൂമി ഇസ്രായേല്‍ പിടിച്ചെടുത്തപ്പോള്‍ തങ്ങളുടെ അധീനതയിലേക്ക് വന്ന പുതിയ പ്രദേശം ഒരു സ്ത്രീധനമായിരുന്നെന്ന് ഇസ്രായേലിന്റെ പ്രധാന മന്ത്രി ലെവി എഷ്‌ക്കോള്‍ പറഞ്ഞു. പക്ഷേ, ഈ സ്ത്രീധനം ഒരു വധുവിനൊപ്പമായിരുന്നു വന്നത് അതായിരുന്നു പാലസ്തിനിയന്‍ ജനത.

”സ്ത്രീധനത്തിനൊപ്പം ഞങ്ങള്‍ക്ക് വേണ്ടാത്ത ഒരു വധു കൂടിയുണ്ടായിരുന്നുവെന്നതായിരുന്നു ക്ലേശകരം”, അയാള്‍ പറഞ്ഞു. ജെറുസലേമും വെസ്റ്റ് ബാങ്കും പൂര്‍ണമായും തങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കുക എന്നത് എല്ലാക്കാലത്തും ഇസ്രായേലിന്റെ പദ്ധതിയായിരുന്നു. ഒന്നുകില്‍ അവിടെ ജീവിക്കുന്ന പലസ്തീനികളെ കൊല്ലുക, അല്ലെങ്കില്‍ അവരെ ജോര്‍ദാനിലേയ്ക്കോ സിറിയയിലേയ്ക്കോ തള്ളിപ്പുറത്താക്കുക.

2020 ജൂലൈ 1-ന് ഇസ്രായേല്‍ സര്‍ക്കാര്‍ ആരംഭിച്ചത് അക്ഷരാര്‍ഥത്തില്‍ ഇതാണ് വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കല്‍. ഭാവിയിലെ ഫലസ്തീന്‍ രാജ്യത്ത് വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജെറുസലേം, ഗാസ എന്നിവ ഫലസ്തിനിയന്‍ ജനത നിയന്ത്രിക്കുന്ന ഒരു ‘ദ്വിരാഷ്ട്ര പരിഹാരത്തിന്’ 1994-ലെ ഓസ്ലോ ഉടമ്പടി അടിസ്ഥാനമിട്ടിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഒരിക്കലും അത്തരമൊരു പരിഹാരം യാഥാര്‍ഥ്യമാകുന്നത് അനുവദിക്കാന്‍ പോകുന്നുണ്ടായിരുന്നില്ല.

ഗാസയില്‍ ജയില്‍ സമാനമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നതും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദരിദ്രപ്രദേശത്ത് കൃത്യമായ ഇടവേളകളില്‍ ബോംബ് വര്‍ഷം നടത്തുന്നതും അവിടത്തെ ജനങ്ങളെ ഹതാശരാക്കി മാറ്റി. അക്രമോത്സുകമായ ഭൂമി കയ്യേറ്റത്തിലൂടെ കിഴക്കന്‍ ജെറുസലേം പരസ്യമായി പിടിച്ചെടുത്തത് ആ നഗരത്തിന്റെ പൂര്‍വസ്ഥിതിയെ മാറ്റിമറിച്ചു. പലയിടത്തും മികച്ച ജലസ്രോതസ്സുകളുള്ള പാലസ്തിനിയന്‍ ഭൂമിയായ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്താന്‍ അരലക്ഷത്തോളം ഇസ്രായേലി കുടിയേറ്റക്കാരെ അയച്ച ഇസ്രായേല്‍ ഭരണകൂടത്തിന്റെ നയം ഒരു പരമാധികാര പാലസ്തിനിയന്‍ രാഷ്ട്രത്തിന്റെ സാധ്യത തന്നെ ഇല്ലാതാക്കി.

ഇസ്രായേല്‍ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയോടെ വര്‍ഷങ്ങളായി ഇസ്രയേലി കുടിയേറ്റക്കാര്‍ ഫലസ്തിനിയന്‍ ഭൂമിയിലേയ്ക്ക് അതിക്രമിച്ചു കയറി. ഈ കടന്നുകയറ്റം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇസ്രയേലി കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറി താമസമാരംഭിച്ച ഈ പ്രദേശങ്ങള്‍ തങ്ങളുടെ പ്രദേശവുമായി കൂട്ടിച്ചേര്‍ക്കുകയാണ് ഇസ്രായേല്‍ ഇപ്പോള്‍ ചെയ്യുന്നത്.

1967-ലെ യുദ്ധത്തില്‍ ഫലസ്തിനിയന്‍ ജനതയില്‍ നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത മേഖലകളില്‍ നാലാം ജനീവ കണ്‍വെന്‍ഷന്‍ (1949) വ്യവസ്ഥകളുടെ ലംഘനമുണ്ടാകരുതെന്ന് യു.എന്‍ പ്രമേയം 237 (1967) മുതല്‍ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. യുദ്ധ മേഖലകളില്‍ സിവിലിയന്‍മാര്‍ക്ക് പരിരക്ഷകള്‍ ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണിത്.

2016-ലെ യുഎന്‍ പ്രമേയം 2334, ഇസ്രയേലി കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ ‘സ്പഷ്ടമായ ലംഘനമാണ്’ എന്നും അതിന് ‘നിയമപരമായ സാധുതയില്ല’ എന്നും വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ ഇപ്പോള്‍ നടത്തി വരുന്ന അനധികൃതമായ ഭൂമി പിടിച്ചെടുക്കല്‍ അന്താരാഷ്ട്ര നിയമങ്ങളോടും പാലസ്തിനിയന്‍ ജനതയുടെ ജനാധിപത്യ അഭിലാഷങ്ങളോടുമുള്ള ഇസ്രായേലിന്റെ അനാദരവ് വെളിവാക്കുന്നു.

എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഇസ്രായേല്‍ വെസ്റ്റ് ബാങ്കിനെ ഇങ്ങനെ തങ്ങളോട് കൂട്ടിച്ചേര്‍ക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? ഭാവിയില്‍ ഒരു ഫലസ്തിനിയന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിനായി ഇസ്രായേല്‍ ഔദ്യോഗികമായിത്തന്നെ വിട്ടുകൊടുത്ത ഭൂമി അവര്‍ തന്നെ അപഹരിച്ചിട്ടുണ്ടെന്നും ഈ പ്രദേശത്തെ ഫലസ്തീന്‍ സ്വദേശികളെ ഇസ്രായേല്‍ പൗരത്വമില്ലാത്ത നിവാസികളായി ഉള്‍പ്പെടുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത് എന്നുമാണ് ഇതിനര്‍ത്ഥം.

ഭൂമി കൈയേറ്റം അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതാണ്, അതുപോലെ ഫലസ്തീനികളുടെ രണ്ടാം തരം പദവി ഒരു അപ്പാര്‍ത്തൈഡ് രാഷ്ട്രം (വംശീയമായ വേര്‍തിരിവ് നടപ്പാക്കുന്ന രാഷ്ട്രം) എന്ന നിലയില്‍ ഇസ്രായേലിന്റെ നിലയെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. 2017-ല്‍, പശ്ചിമേഷ്യയിലെ യുഎന്നിന്റെ സാമ്പത്തിക സാമൂഹിക കമ്മീഷന്‍, ‘പാലസ്തിനിയന്‍ ജനതയോടുള്ള ഇസ്രയേലി വ്യവഹാരങ്ങളും അപ്പാര്‍ത്തൈഡ് പ്രശ്നവും’ എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

ഏത് പ്രദേശത്ത് താമസിക്കുന്നു എന്ന വ്യത്യാസമില്ലാതെ എല്ലാ പലസ്തീനികളും ഇസ്രായേല്‍ ഭരണകൂടത്തിന്റെ അപ്പാര്‍ത്തൈഡ് നയങ്ങളുടെ ആഘാതമേറ്റു വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഇസ്രയേലി പൗരത്വം (‘എസ്രാഹൂത്’) ഉള്ള പലസ്തീനികള്‍ക്ക് ദേശീയതയ്ക്ക് അവകാശമില്ല (‘ലേയോം’). അതായത് അവര്‍ക്ക് കുറഞ്ഞ പൊതു സേവനങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നും, നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള സോണിംഗ് നിയമങ്ങള്‍ അവര്‍ നേരിടേണ്ടിവരുന്നുവെന്നും അവര്‍ക്ക് സ്വതന്ത്രമായി ഭൂമി വാങ്ങാന്‍ സ്വാതന്ത്ര്യമില്ലെന്നും അര്‍ത്ഥം.

കിഴക്കന്‍ ജെറുസലേമിലെ ഫലസ്തീനികളെ അവര്‍ നഗരത്തില്‍ തന്നെ താമസിക്കുന്നവരാണെന്ന് നിരന്തരം തെളിയിക്കേണ്ട ബാധ്യതയുള്ള സ്ഥിരതാമസക്കാരുടെ ഗണത്തിലേക്ക് ഒതുക്കി. വെസ്റ്റ് ബാങ്കിലെ പലസ്തീനികള്‍ അപ്പാര്‍ത്തൈഡ് അനുഭവിച്ചാണ് ജീവിക്കുന്നതെന്ന് യു.എന്‍ റിപ്പോര്‍ട്ടിന്റെ രചയിതാക്കള്‍ എഴുതി.

ലെബനന്‍, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അഭയാര്‍ഥിക്യാമ്പുകളിലേക്ക് നാടുകടത്തപ്പെടുന്നവര്‍ക്ക് അവരുടെ മാതൃരാജ്യത്തിനുള്ള അവകാശം എന്നെന്നേയ്ക്കുമായി നിഷേധിക്കപ്പെട്ടിരിക്കുന്നു. എല്ലാ പലസ്തീനികളും ഇസ്രയേലി അപ്പാര്‍ത്തൈഡിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്, അത് ഇസ്രായേലിലെ ഹൈഫയില്‍ താമസിക്കുന്നവരായാലും, ലെബനനിലെ ഐന്‍ അല്‍-ഹില്‍വേയില്‍ താമസിക്കുന്നവരായാലും.

ഇവയെല്ലാം എത്തിച്ചേരുന്നത് പലസ്തീനികളെ അപമാനവീകരിക്കുന്ന നിയമങ്ങളിലേയ്ക്കാണ്. അവയോരോന്നും പലസ്തീനികളുടെ ജീവിതം അത്രമേല്‍ ദുരിതപൂര്‍ണ്ണമാക്കുന്നതിനായി ഉണ്ടാക്കപ്പെടുന്നതിനാല്‍ത്തന്നെ അവര്‍ നാടുവിടാന്‍ നിര്‍ബന്ധിതരാകുന്നു.

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നത് ഇസ്രായേലിന്റെ അപ്പാര്‍ത്തൈഡ് നയങ്ങളെ കൂടുതല്‍ ആഴത്തിലാക്കുക മാത്രമേ ചെയ്യു. ഈ സയണിസ്റ്റ് രാഷ്ട്രം പലസ്തീനികള്‍ക്ക് പൂര്‍ണ പൗരത്വ അവകാശങ്ങള്‍ അനുവദിക്കില്ല. പാലസ്തിനിയന്‍ ജനതയെ പൂര്‍ണ പൗരത്വത്തോടെ ഇസ്രായേലില്‍ ഉള്‍പ്പെടുത്താനോ പാലസ്തീന്റെ ഒരംശമെങ്കിലും ഉപേക്ഷിക്കാനും അവര്‍ ഉദ്ദേശിക്കുന്നില്ല.

ഇത് പഴയ തരത്തിലുള്ള നഗ്‌നമായ കൊളോണിയലിസമാണ്. ഇത്തരത്തിലുള്ള കൊളോണിയല്‍ ആക്രമണത്തിന്റെ ഭാഗമായിട്ടാണ് കിഴക്കന്‍ ജെറുസലേമിലെ വാദി യാസുല്‍ പോലുള്ള പ്രദേശങ്ങളിലെ പാലസ്തിനിയന്‍ വാസസ്ഥലങ്ങള്‍ പൊളിച്ചുമാറ്റുന്നതും ബുറിന്‍ ഗ്രാമം പോലുള്ളയിടങ്ങളിലെ ഒലിവ് തോട്ടങ്ങള്‍ നശിപ്പിക്കുന്നതും ഒക്കെ.

2020-ലെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ പാലസ്തീന്‍കാരായ 210 കുട്ടികളെയും 250 വിദ്യാര്‍ത്ഥികളെയും 13 മാധ്യമപ്രവര്‍ത്തകരെയും ഇസ്രായേല്‍ ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ നീക്കങ്ങള്‍ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ റിപ്പോര്‍ട്ടുചെയ്യുകയും പാലസ്തിനിയന്‍ പൗര സംഘടനകള്‍ അപലപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം അവഗണിക്കപ്പെടുന്നു. ഇതാണ് അന്തസ്സിനെ ഇല്ലായ്മ ചെയ്യല്‍.

പൊളിച്ചുനീക്കലും, കടന്നു കയറി ഉണ്ടാക്കിയ ആവാസ കേന്ദ്രങ്ങളും, വെസ്റ്റ് ബാങ്കിനെ വലയം ചെയ്യുന്ന അപ്പാര്‍ത്തൈഡ് മതിലും ഒക്കെ നിയമവിരുദ്ധമാണ്. യു.എന്‍ പ്രമേയങ്ങള്‍, അന്താരാഷ്ട്ര നീതിന്യായ കോടതി വിധികള്‍, സിവില്‍ സൊസൈറ്റി അപലപനങ്ങള്‍ ഇവയൊന്നും ഇസ്രായേലിനെ സ്വാധീനിക്കുന്ന ലക്ഷണമില്ല.

1948 മുതല്‍ ഇസ്രായേല്‍ ഫലസ്തീനെയും ഫലസ്തീനികളെയും ഉന്മൂലനം ചെയ്യാനും ‘സ്ത്രീധനം’ മോഷ്ടിക്കാനും ‘വധുവിനെ’ പുറത്താക്കാനും സര്‍വ സ്വാതന്ത്ര്യവുമുള്ളവരെപ്പോലെ പെരുമാറുകയാണ്. ഫലസ്തീനികളെ അപമാനിക്കുന്നതിനായി വെസ്റ്റ് ബാങ്കിനു ചുറ്റും ഇസ്രായേല്‍ നിര്‍മ്മിച്ച മതിലില്‍ നിന്ന് വളരെ അകലെയല്ല ഇസ്രായേല്‍ തകര്‍ത്ത് തരിപ്പണമാക്കിയ വീടുകള്‍ നിന്ന ചുവരുകളുടെ അടയാളങ്ങള്‍.

തങ്ങളുടെ അച്ചുതണ്ടില്‍ നിന്ന് വലിച്ചെറിയപ്പെട്ട ഒരു ജനതയ്ക്ക് അഭയകേന്ദ്രങ്ങളായി ഒരു കാലത്ത് മേല്‍ക്കൂരകളെ ഉയര്‍ത്തിപ്പിടിച്ചിരുന്ന ആ ചുവരുകള്‍, സദാസമയവും കയ്യേറ്റക്കാരന്റെ വെടിയുണ്ടയെയോ പട്ടാളക്കാരന്റെ കയ്യാമത്തെയോ ഭയപ്പെടുന്നു. ജയില്‍ മതിലുകള്‍ കല്ലുകൊണ്ട് നിര്‍മ്മിച്ചതാണ്. കയ്യേറി അധിവസിച്ചവരുടെ മതിലുകളും കല്ലുകൊണ്ട് നിര്‍മ്മിച്ചതാണ്.

എന്നാല്‍ ഫലസ്തീനികളുടെ വീടിന്റെ മതിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഭയത്തിന്റെയും പ്രതിരോധത്തിന്റെയും വിചിത്രമായ സംയോജനത്താലാണ്. അധിനിവേശക്കാരന്റെ പീരങ്കികള്‍ അവയിലൂടെ പൊട്ടിത്തെറിക്കുമെന്ന് അവര്‍ക്ക് ഭയമുണ്ട്, എന്നാല്‍ വീടിന്റെ മതിലുകള്‍ യഥാര്‍ത്ഥ മതിലുകളല്ലെന്ന് തിരിച്ചറിയുന്ന പ്രതിരോധവുമുണ്ട്.

ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മതിലുകളാണ് യഥാര്‍ത്ഥ മതിലുകള്‍. നികൃഷ്ടമായ ഭരണകൂടങ്ങളെ അവരുടെ വിവേകശൂന്യതയും അനീതിയും ചേര്‍ന്ന് പൊള്ളയാക്കുന്നു. ധാര്‍മ്മികമായ ബോധ്യത്തിന്റെ അഭാവത്തില്‍, തോക്കുകളുടെ ഹുങ്കിലല്ലാതെ ഇസ്രായേല്‍ ഭരണകൂടത്തിന് അതിന്റെ ഉദ്ദേശ്യം നടപ്പിലാക്കാന്‍ കഴിയില്ല.

ഒരു വീടും ബുള്‍ഡോസറും നേര്‍ക്കുനേര്‍ വന്നാല്‍ ബുള്‍ഡോസറാണ് ബാക്കിയാവുക. പക്ഷേ ജനങ്ങളുടെ ഹൃദയങ്ങളിലും സ്വപ്നങ്ങളിലും ജീവനോടെ അവശേഷിക്കുന്നത് ആ വീടായിരിക്കും. ബുള്‍ഡോസറുകള്‍ ഭയമാണ് നിര്‍മ്മിക്കുന്നത്, മനുഷ്യത്വമല്ല. മാനവികതയുള്ള ഒരു സമൂഹം ഭയത്താല്‍ കെട്ടിപ്പടുക്കാന്‍ കഴിയില്ല.

അത് സ്‌നേഹത്തിന്റെ ആവേശത്താലാണ് കെട്ടിപ്പടുക്കേണ്ടത്. ക്രൂരമായ കൊള്ളയാല്‍ ഛിന്നഭിന്നമായ ഭൂമിയില്‍ സ്‌നേഹത്തിന്റെ ഒരു ഉട്ടോപ്യ കെട്ടിപ്പടുക്കാന്‍ ഇസ്രായേല്‍ പോലുള്ള നികൃഷ്ട ഭരണകൂടങ്ങള്‍ക്ക് കഴിയില്ല. ഒലിവ് മരങ്ങള്‍ പിഴുതെറിഞ്ഞിട്ടും അവയുടെ തോട്ടങ്ങള്‍ ഇപ്പോഴും ഒലിവ് മണക്കുന്നു.

2014-ല്‍ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ബോംബാക്രമണത്തിനുശേഷം ഇറാഖി കവി സിനാന്‍ ആന്റൂണ്‍ ‘ആഫ്റ്റര്‍വേഡ്‌സ്’ എന്ന കവിത എഴുതി. ഒരു കുട്ടി മുത്തച്ഛനോടൊപ്പം (സിദു) നടക്കുന്നതായി കവി ഭാവനയില്‍ കാണുന്നു.

നമ്മള്‍ ജാഫയിലേക്ക് മടങ്ങുകയാണോ, സിദു?
നമുക്ക് സാധിക്കില്ല
എന്തുകൊണ്ട്?
നമ്മള്‍ മരിച്ചവരാണ്
അപ്പോള്‍ നമ്മള്‍ സ്വര്‍ഗത്തിലാണോ, സിദു?
നമ്മള്‍ പാലസ്തീനിലാണ്, ഹബിബി
പാലസ്തീന്‍ സ്വര്‍ഗ്ഗമാണ്
നരകവും.
നമ്മള്‍ ഇപ്പോള്‍ എന്തു ചെയ്യും?
നമ്മള്‍ കാത്തിരിക്കും
എന്തിനായി കാത്തിരിക്കും?
മറ്റുള്ളവര്‍ക്കായി
മടങ്ങുവാന്‍

കാത്തിരിക്കാന്‍ നേരമേയില്ല. അമേരിക്കന്‍ ഐക്യനാടുകളുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് ചോദ്യം ചെയ്യപ്പെടാത്ത വിധമുള്ള ഈ സ്വാതന്ത്ര്യം ഇസ്രായേല്‍ അനുഭവിക്കുന്നത്. ലോകം അതിനെ നിഷേധിക്കേണ്ട സമയമാണിത്.

(പാലസ്തിനിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് അസംബ്ലി പുറപ്പെടുവിച്ച പ്രസ്താവന ഇവിടെ വായിക്കാം.
Tricontinental: Itnsitute for Social Researchന്റെ എക്‌സിക്യൂട്ടിവ് ഡയറക്ള്‍ടറാണ് ചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ വിജയ് പ്രഷാദ്. ട്രൈകോണ്ടിനെന്റല്‍ ഇന്സ്റ്റിറ്റിയൂട്ടിന്റെ 2020-ലെ ഇരുപത്തിയേഴാമത് ന്യൂസ്ലെറ്ററിന്റെ പരിഭാഷയാണിത്.)

വിജയ് പ്രഷാദ്
ചരിത്രകാരന്‍, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍