tamil cinema
വിജയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നും തന്നെ ചെയ്യില്ല, ഒരു പാര്‍ട്ടിയിലും ചേരില്ല; പ്രതിഞ്ജ എടുത്ത് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 11, 12:04 pm
Wednesday, 11th November 2020, 5:34 pm

മധുരൈ: നടന്‍ വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ താരത്തിന് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നും തന്നെ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍.

വിജയുടെ പിതാവ് രൂപികരിച്ച പാര്‍ട്ടിയടക്കം ഒരു പാര്‍ട്ടിയിലും വിജയുടെ പേര് വെച്ച് ചേരില്ലെന്ന് ആരാധകര്‍ പ്രതിജ്ഞയെടുത്തു. വിജയ് മക്കള്‍ ഇയക്കം മധുരയില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് തീരുമാനം.

വിജയ്യുടെ പിതാവ് തങ്ങള്‍ക്ക് പിതാവിനെപ്പോലെയാണ്. എന്നാല്‍ വിജയ്യുടെ നേതൃത്വത്തില്‍ അല്ലാത്ത ഒരു പാര്‍ട്ടിയിലും ഭാഗമാകില്ലെന്ന് ആരാധകര്‍ പറഞ്ഞു.

നേരത്തെ വിജയ്ക്ക് ചുറ്റും ക്രിമിനലുകളാണെന്നും ലക്ഷക്കണക്കിനു ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണു പാര്‍ട്ടി രജിസ്ട്രേഷന് അപേക്ഷിച്ചതെന്നും എസ്.എ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

തമിഴ് ചാനലിനോട് ആയിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. പാര്‍ട്ടി രൂപീകരണത്തിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണെന്നും പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിന്റെ പേരിലാണു വന്നതെങ്കിലും അത് വിജയ് എഴുതിയതാകില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിജയ്യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്.

വിജയ്‌യുടെ ആരാധക സംഘടനയുടെ അതേ പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി നല്‍കിയിരിക്കുന്നത്.ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത്. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്.

”എന്റെ പിതാവ് ശ്രീ. എസ്.എ. ചന്ദ്രശേഖര്‍ അവര്‍കള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ഇന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞു. അച്ഛന്‍ പാര്‍ട്ടി ആരംഭിച്ചതിനാല്‍ പാര്‍ട്ടിയില്‍ അണി ചേരാനോ പാര്‍ട്ടിക്ക് വേണ്ടി സേവനം നടത്തുവാനോ ഞാന്‍ ആരാധകരോട് ആഹ്വാനം ചെയ്യുന്നില്ല. അച്ഛന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാര്‍ട്ടിക്കും ഞാനും എന്റെ പ്രസ്ഥാനവുമായും യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു.

എന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.” എന്നാണ് വിജയ്യുടെ പ്രസ്താവന.

അതേസമയം പാര്‍ട്ടി രൂപികരിക്കുക എന്നത് തന്റെ തീരുമാനമാണെന്നാണ് എസ്.എ ചന്ദ്രശേഖര്‍ പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനായി ഞാന്‍ അപേക്ഷിച്ചു. ഇത് എന്റെ സംരംഭമാണ്. ഇത് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ല. അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല എന്നായിരുന്നു എസ്.എ ചന്ദ്രശേഖര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞത്.

വിജയ്യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറിന്റെ പേരാണ് ജനറല്‍ സെക്രട്ടറിയായി നല്‍കിയിരിക്കുന്നത്. പ്രസിഡന്റായി പത്മനാഭന്‍, ട്രഷറര്‍ ആയി ശോഭ എന്നിവരുടെ പേരുകളായിരുന്നു നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Thalapathy Vijay political entry, not join any party; Vijay  Fans Association members  take oath