| Wednesday, 25th November 2020, 2:03 pm

കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ ഫോട്ടോ വെച്ച് പ്രചരണം; നടപടി സ്വീകരിക്കുമെന്ന് വിജയ് മക്കള്‍ ഇയക്കം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊല്ലം: കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച് പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റി.

കൊല്ലത്തെ ചില തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വിജയ്‌യുടെ ഫോട്ടോയും പേരും ചിലര്‍ ഉപയോഗിച്ചതായി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ ദളപതി വിജയോ ദളപതി വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റിയോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

ആയതിനാല്‍ വിജയ്യുടെ പേരോ ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആരെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇവര്‍ അറിയിച്ചു.

വിജയ്യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറിയതായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായും ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു.

വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും ഒക്ടോബറില്‍ എസ്.എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി തമിഴ്നാടില്‍ ചര്‍ച്ചയായിരുന്ന വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഇതോടെ ഒരിക്കല്‍ കൂടി സജീവമാവുകയായിരുന്നു.

ഇതിനിടെയായിരുന്നു ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിജയ്‌യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. വിജയ്‌യുടെ ആരാധക സംഘടനയുടെ അതേ പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി നല്‍കിയിരുന്നത്.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി നല്‍കിയത്. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തി. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്.

തന്റെ പേരോ ചിത്രമോ, ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ സംഘടനയുടെ പേരോ, ഏതെങ്കിലും രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും വിജയ് അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി രൂപികരിക്കുക എന്നത് തന്റെ തീരുമാനമാണെന്നായിരുന്നു ഇതിനോട് അന്ന് ചന്ദ്രശേഖര്‍ പ്രതികരിച്ചത്.

നേരത്തെ മെര്‍സല്‍ എന്ന സിനിമയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജി.എസ്.ടിയേയും മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളേയും വിജയ് വിമര്‍ശിച്ചിരുന്നു.
തന്റെ കഴിഞ്ഞ മൂന്ന് സിനിമകളുടെ ഓഡിയോ ലോഞ്ചിലും വിജയ് കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്നു.

താന്‍ മുഖ്യമന്ത്രിയായാല്‍ ആ സ്ഥാനത്തിരുന്ന് അഭിനയം നടത്തില്ല. തന്റെ ജോലി സത്യസന്ധമായി ചെയ്യും എന്നായിരുന്നു ഒരു വേദിയില്‍ വിജയ് തുറന്നടിച്ചത്. ഇതിന് പിന്നാലെ വിജയ്ക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണവും റെയ്ഡും ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vijay Photo On Kerala Election campaign

We use cookies to give you the best possible experience. Learn more