കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെളളിയാഴ്ച വിധി പറയും വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
നിയമം കൈയിലെടുക്കാന്‍ ആരാണ് അധികാരം തന്നതെന്ന് ഹരജിക്കാരോട് കോടതി ചോദിച്ചു. ‘അടിക്കാന്‍ തയ്യാറാണെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടാനും തയ്യാറാകണം. പ്രതികളുടെ പ്രവൃത്തി തെറ്റായ സന്ദേശം നല്‍കുന്നതാണ്’, കോടതി പറഞ്ഞു.
ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
തിരുവനന്തപുരം ജില്ലാകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.
വിട്രിക്‌സ് സീന്‍ (vitrix scene) എന്ന യൂട്യൂബ് ചാനലിലൂടെ വിജയ് പി. നായര്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയിരുന്നു. 2020 സെപ്തംബര്‍ 26 നാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഇയാളുടെ വീട്ടിലെത്തി മര്‍ദ്ദിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക