കൊളംബൊ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓപണര്‍ മുരളി വിജയ് കളിക്കില്ല. കഴിഞ്ഞ സീസണുകളില്‍ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച വിജയിക്ക് തുടയിലെ പേശി വലിവാണ് വിനയായത്. കഴിഞ്ഞ മാസം നടന്ന സിംബാവെ പര്യടനത്തിനിടെയാണ് വിജയിക്ക് പേശി വലിവ് അനുഭവപ്പെട്ടത്.
മുരളി വിജയിയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണെന്ന് ടീം ഡയറക്ടര്‍ രവി ശാസ്ത്രി പറഞ്ഞു. മികച്ച ഫോമിലാണ് വിജയ് കളിച്ചിരുന്നതെന്നും ശാസ്ത്രി പറഞ്ഞു. പരമ്പരക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിലും വിജയ് കളിച്ചിരുന്നില്ല. വിജയുടെ അഭാവത്തില്‍ ശിഖാര്‍ ധവാനൊപ്പം കെ.എല്‍ രാഹുലായിരിക്കും ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യുക.
ബുധനാഴ്ചയാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. 1993ലാണ് ഇന്ത്യ അവസാനമായി ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര നേടിയത്. അതേ സമയം സ്വന്തം നാട്ടില്‍ പാകിസ്ഥാനോടേറ്റ പരാജയത്തിന് ശേഷമാണ് ശ്രീലങ്ക ഇന്ത്യയെ നേരിടുന്നത്. ഇത് കൂടാതെ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാര ഈ പരമ്പരയോട് കൂടെ വിരമിക്കുമെന്ന പ്രത്യേകതയുമുണ്ട്.