| Sunday, 13th March 2022, 8:45 pm

പാട്ടും നായികയുമില്ലാതെ ആദ്യമായി ഒരു വിജയ് ചിത്രം; പുതുമയുമായി ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പര്‍ ഹിറ്റ് ചിത്രം മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ദളപതി 67 എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2022 അവസാനത്തോടെ ആയിരിക്കും ആരംഭിക്കുക.

എന്നാല്‍ പതിവ് വിജയ് ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി നായികയോ ഗാനരംഗങ്ങളോ ഇല്ലാതെ ആയിരിക്കും സിനിമ ഒരുക്കുന്നത് എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ലോകേഷിന്റെ മുന്‍ ചിത്രങ്ങളായ മാനഗരത്തിലും കൈതിയിലും ഗാനങ്ങളോ നായികമാരോ ഉണ്ടായിരുന്നില്ല. എന്നാല്‍ മാസ്റ്ററില്‍ നായികയും പാട്ടുകളും ഉണ്ടായിരുന്നു. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ദളപതി 67 എന്നാണ് സൂചനകള്‍.

ബീസ്റ്റാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ വിജയ് ചിത്രം. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന സിനിമയില്‍ പൂജ ഹെഗ്ഡേയാണ് നായിക. മാര്‍ച്ച് 20തിന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

അതിനു ശേഷം വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വിജയ് അഭിനയിക്കുക. ഈ ചിത്രത്തില്‍ രശ്മിക മന്ദാന ആയിരിക്കും നായിക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

ദളപതി 66ല്‍ തെലുങ്കു താരം നാനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. നേരത്തെ തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയേയും തമിഴ് താരം കാര്‍ത്തിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി വംശി ‘തോഴാ’ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ ഈ ചിത്രത്തെയും ഒട്ടേറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66.


Content Highlight: vijay movie without songs and heroine

Latest Stories

We use cookies to give you the best possible experience. Learn more