വിജയ് ചിത്രം മാസ്റ്ററിന്റെ തിയേറ്റര്‍ റിലീസാണ് അടുത്ത കാലത്തായി സിനിമാവൃത്തങ്ങളിലെ ഏറ്റവും ചൂടേറിയ ചര്‍ച്ച. ജനുവരി 13ന് മാസ്റ്ററിന്റെ റിലീസ് പ്രഖ്യാപിച്ചുവെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട് സീറ്റുകളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങളും വിവിധ സംസ്ഥാനങ്ങളിലെ തിയേറ്റര്‍ സംഘടനകളുടെ എതിര്‍പ്പുകളും അണിയറ പ്രവര്‍ത്തകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഇതിനിടിയില്‍ മാസ്റ്ററിന്റെ അണിയറ പ്രവര്‍ത്തകര്‍ അമ്പലം സന്ദര്‍ശിച്ചതിന്റെ ചിത്രം ചര്‍ച്ചയാകുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്, നടന്‍ അര്‍ജുന്‍, മറ്റു അണിയറ പ്രവര്‍ത്തകരോടൊപ്പം തിരുവണ്ണാമലൈ ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രം സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മാസ്റ്ററിന്റെ വിജയത്തിനായി തിരുവണ്ണാമലൈയിലെ അരുണാചലനോട് പ്രാര്‍ത്ഥിച്ചു എന്നു പറഞ്ഞുകൊണ്ടായിരുന്നു അനിരുദ്ധ് സെല്‍ഫി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വ്യത്യസ്തമായ കമന്റുകളാണ് ഫോട്ടോക്ക് താഴെ വരുന്നത്.
മാസ്റ്ററിനും വിജയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസയറിച്ച് നിരവധി പേര്‍ രംഗത്തെത്തി. അതേസമയം തന്നെ ദൈവത്തിലും മതത്തിലുമല്ല സ്വന്തം കഴിവില്‍ വിശ്വസിക്കൂ എന്നാണ് മറ്റു ചില കമന്റുകള്‍.
കഴിഞ്ഞ ദിവസം മാസ്റ്റര്‍ റിലീസ് മുന്നില്‍ കണ്ടുമാത്രം തിയേറ്റര്‍ തുറക്കേണ്ടതില്ലെന്ന നിലപാടുകമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്തെത്തിയിരുന്നു. ഇതോടെ ജനുവരി 13 ന് റിലീസ് ചെയ്യാനിരുന്ന മാസ്റ്റര്‍ സിനിമയുടെ കേരളത്തിലെ റിലീസ് അനിശ്ചിതത്തിലായിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടക്കുന്ന യോഗത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ആവുകയുള്ളു.
‘മാസ്റ്ററി’ന്റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.
നേരത്തെ കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചിരുന്നു. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ പറഞ്ഞത്.
വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തിയേറ്ററുകള്‍ തുറക്കാനാവില്ല. ഇതരഭാഷാ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്റര്‍ തുറക്കില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ രണ്ടോ മൂന്നോ ഷോ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകാര്‍ക്കും ആ പടം തരാന്‍ നിര്‍മാതാക്കള്‍ക്കും സാധിക്കില്ല.
എന്റര്‍ടൈന്‍മെന്റ് ടാക്സിലും ഈ പ്രദര്‍ശന സമയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പുതിയ ചിത്രങ്ങള്‍ റിലീസിന് കൊടുക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്സിന്റേയും ഡിസ്ട്രിബ്യൂട്ടേഴ്സിന്റേയും തീരുമാനമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക